Breaking News

ബിജെപിയെ കൂട്ടുപിടിച്ച കേരള കോണ്‍ഗ്രസ് പെട്ടു..!! റാന്നി പ്രസിഡന്റ് പദവി തെറിക്കും, തീരുമാനം..


 പത്തനംതിട്ട: റാന്നി പഞ്ചായത്തില്‍ ബിജെപിയുടെ പിന്തുണയോടെ പ്രസിഡന്റ് പദവി ലഭിച്ച കേരള കോണ്‍ഗ്രസ് എം അംഗം ഉടന്‍ രാജിവയ്ക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം ഇത് ആയുധമാക്കുമെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി. ഇനി കേരള കോണ്‍ഗ്രസ് എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് അറിയേണ്ടത്. നേരത്തെ രാജിവെക്കണമെന്ന ആവശ്യം പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാര്‍ളി നിരസിച്ചിരുന്നു. അതേസമയം, പത്തനംതിട്ടയില്‍ എസ്ഡിപിഐയുമായുള്ള ഇടതുപക്ഷത്തിന്റെ ബന്ധം ചൂണ്ടിക്കാട്ടി പ്രചാരണം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....


റാന്നി പഞ്ചായത്തില്‍ 13 സീറ്റുകളാണുള്ളത്. എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ച് വീതം സീറ്റുകള്‍ ലഭിച്ചു. രണ്ടെണ്ണത്തില്‍ ബിജെപിയും ഒന്നില്‍ സ്വതന്ത്രനും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ടു ബിജെപി അംഗങ്ങള്‍ എല്‍ഡിഎഫ് പ്രതിനിധിയായ കേരള കോണ്‍ഗ്രസ് അംഗം ശോഭാ ചാര്‍ളിക്ക് വോട്ട് ചെയ്തു. ഏഴ് വോട്ടുകള്‍ നേടി അവര്‍ പ്രസിഡന്റായി.


എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിജെപിയുടെ പിന്തുണയോടെ പ്രസിഡന്റായത് റാന്നിയിലും പത്തനംതിട്ടയിലും മാത്രമല്ല, കേരളത്തിലുടനീളം ആയുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഇത് തിരിച്ചടിക്കുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിലാണ് ഉടന്‍ രാജിവെക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി കേരള കോണ്‍ഗ്രസിന് നിര്‍ദേശം നല്‍കിയത്.


റാന്നി പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവയ്ക്കാന്‍ തന്നെയാണ് കേരള കോണ്‍ഗ്രസിന്റെ തീരുമാനം. മുന്നണിക്ക് വിരുദ്ധമായ ഒരു തീരുമാനവും റാന്നിയില്‍ ഉണ്ടാകില്ലെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് പ്രാദേശിക നേതൃയോഗം ചേരും. ശേഷം പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കുമെന്ന തീരുമാനം ഔദ്യോഗികമായി എടുക്കുമെന്നാണ് വിവരം.


ബിജെപിയുമായി ശോഭ ചാര്‍ളി ധാരണയുണ്ടാക്കിയതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. ഇടതുപക്ഷവുമായി സഹകരിക്കില്ലെന്നും സ്വന്തം പാര്‍ട്ടിയുമായി മാത്രമേ സഹകരിക്കൂ എന്നുമായിരുന്നു ധാരണ. ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ രേഖയുടെ പകര്‍പ്പ് ബിജെപി തന്നെ പുറത്തുവിട്ടത് വിവാദമായിരുന്നു. രാജിവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ശോഭ ചാര്‍ളി വഴങ്ങാത്തതും ചര്‍ച്ചയായിരുന്നു. അവിശ്വാസത്തിലൂടെ പുറത്താക്കുന്നത് വരെ ഇടതുപക്ഷം ആലോചിച്ചിരുന്നു.


വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ചാണ് സിപിഎം ജില്ലയില്‍ വിജയം നേടിയതെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് ആരോപിച്ചു. സിപിഎമ്മിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസ്. റാന്നിയിലെ ബിജെപിയുമായുള്ള ബന്ധവും പത്തനംതിട്ട നഗരസഭയില്‍ എസ്ഡിപിഐയുമായുള്ള ബന്ധവുമാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്.


സിപിഎം രാഷ്ട്രീയ അധാര്‍മികതയുടെ പര്യായമായി മാറി. സിപിഐ ആവശ്യപ്പെട്ടിട്ടും സിപിഎം പിന്തിരിഞ്ഞിട്ടില്ല. മൂന്ന് സീറ്റുകള്‍ മാത്രമുള്ള എസ്ഡിപിഐക്ക് എങ്ങനെ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ പദവി ലഭിച്ചു. സിപിഎം ഒത്താശയോടെയാണ് എല്ലാം സംഭവിച്ചത്. ജില്ലയില്‍ എസ്ഡിപിഐ മല്‍സരിച്ച വാര്‍ഡുകളില്‍ സിപിഎമ്മിന് വോട്ടുകള്‍ കുറഞ്ഞു എന്നും ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് ആരോപിച്ചു.

No comments