Breaking News

ഒടുവില്‍ ഉറച്ച നിലപാടുമായി ഫിറോസ് കുന്നംപറമ്പില്‍; മല്‍സരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം ഇതാ..

 


കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. മലപ്പുറം ജില്ലയിലെ തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെടി ജലീലിനെതിരെയാകും മല്‍സരിക്കുക എന്ന പ്രചാരണവുമുണ്ടായി. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ഫിറോസില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു.


തന്റെ സൗഹൃദവലയങ്ങളുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ഒരു മുന്നണിയും ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടില്ല എന്നുമാണ് ഫിറോസ് കുന്നംപറമ്പില്‍ പ്രതികരിച്ചിരുന്നത്. ഇപ്പോള്‍ അദ്ദേഹം പുതിയ തീരുമാനം എടുത്തിരിക്കുന്നു. അതിങ്ങെയാണ്....


തന്റെ സോഷ്യല്‍ മീഡിയയിലെയും മറ്റും സുഹൃത്തുക്കളുമായും വിദഗ്ധരുമായും ഫിറോസ് കുന്നംപറമ്പില്‍ സംസാരിച്ചു. വിഷയം ചര്‍ച്ച ചെയ്തു. മല്‍സര രംഗത്തേക്ക് ഇറങ്ങേണ്ടതില്ല എന്നാണ് അവരില്‍ വലിയൊരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെട്ടതത്രെ. അതുകണക്കിലെടുത്ത് മല്‍സരിക്കാനില്ലെന്ന് ഫിറോസ് അറിയിച്ചു.


ഫേസ്ബുക്ക് ലൈവിലാണ് ഫിറോസ് കുന്നംപറമ്പില്‍ തന്റെ രാഷ്ട്രീയ നിലപാട് അറിയിച്ചത്. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ട്. ഒരുപക്ഷേ മല്‍സരിച്ച് ജയിക്കുകയും എംഎല്‍എ ആവുകയും ചെയ്താല്‍ ഇപ്പോള്‍ ചെയ്യുന്ന പോലുള്ള സോഷ്യല്‍ മീഡിയ ചാരിറ്റി പ്രവര്‍ത്തനം സാധ്യമായേക്കില്ല എന്നാണ് അദ്ദേഹത്തിന് ഉപദേശം ലഭിച്ചത്.


ഇപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തനം തുടരാമെന്നാണ് കൂടുതല്‍ പേര്‍ നിര്‍ദേശിച്ചത്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ ഇപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തനം വിപുലീകരിക്കാന്‍ സാധിക്കുമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ഈ രണ്ട് അഭിപ്രായങ്ങള്‍ സംബന്ധിച്ച് വിദഗ്ധരുമായി ആലോചിച്ചു. എന്നിട്ടാണ് രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടതില്ല എന്ന തീരുമാനം എടുത്തതെന്നും ഫിറോസ് വ്യക്തമാക്കി.


ജാതിമത രാഷ്ട്രീയം നോക്കാതെയാണ് തന്റെ ജീവകാരുണ്യ പ്രവര്‍ത്തനം. ഈ മേഖലയിലേക്ക് കടന്നുവന്ന നാള്‍ തന്നെ ഇക്കാര്യം പ്രഖ്യാപിച്ചതാണ്. അതുപോലെ തുടരും. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല. നിങ്ങള്‍ക്കുള്ള പോലെ എനിക്കും രാഷ്ട്രീയമുണ്ട്. അത് വ്യക്തിപരമാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് രംഗത്തേക്കില്ലെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.


എന്നെ ഇഷ്ടപ്പെടുന്നവര്‍ എല്ലാ പാര്‍ട്ടിയിലും ഉണ്ട്. സിപിഎം, കോണ്‍ഗ്രസ്, ബിജെപി, മുസ്ലിം ലീഗ്, വെല്‍ഫെയര്‍പാര്‍ട്ടി, എസ്ഡിപിഐ, പിഡിപി തുടങ്ങി എല്ലാ പാര്‍ട്ടിയില്‍പ്പെട്ടവരും തന്നെ ഇഷ്ടപ്പെടുന്നവരുണ്ട്. എല്ലാ മതസ്ഥരും എന്നെ ഇഷ്ടപ്പെടുന്നുണ്ട്. എല്ലാവരുടെയും സഹകരണത്തോടെയാണ് എന്റെ കാരുണ്യ പ്രവര്‍ത്തനമെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.


രാഷ്ട്രീയത്തിലേക്കിറങ്ങി താന്‍ ഇപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തനം ഇല്ലാതായാല്‍ താന്‍ ഈ സമൂഹത്തോട് ചെയ്യുന്ന വലിയ ക്രൂരതയാകാം. വളരെ ആലോചിച്ചാണ് തീരുമാനം എടുത്തത്. മല്‍സര രംഗത്തേക്കില്ല. ഇപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തനം അവസാനം വരെ തുടരും. എന്റെ മുന്നില്‍ ഒരുപാട് പദ്ധതികളുണ്ട്. മല്‍സരം അതിന് തടസമായേക്കാം. അതെല്ലാം പരിഗണിച്ചാണ് അന്തിമ തീരുമാനം എടുത്തതെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞത്.


മെഡിക്കല്‍ കോളജുകളില്‍ ചികില്‍സയും മരുന്നും നല്‍കാനുള്ള പദ്ധതി വേണം. മജ്ജ മാറ്റിവെക്കല്‍, കരള്‍ ശസ്ത്രക്രിയ, ഹൃദയ ശസ്ത്രക്രിയ തുടങ്ങി ചെലവേറിയ ചികില്‍സകള്‍ മെഡിക്കല്‍ കോളജുകളില്‍ ലഭ്യമാക്കണം തുടങ്ങിയ ചില നിര്‍ദേശങ്ങള്‍ ഫിറോസ് കുന്നംപറമ്പില്‍ മുന്നോട്ടുവച്ചു. മുന്നണികളുടെ പ്രകടന പത്രികയില്‍ ഇത്തരം കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

No comments