Breaking News

തൃശൂരില്‍ മിഷന്‍ 7 പ്ലസുമായി കോണ്‍ഗ്രസ്..!! സ്ഥാനാര്‍ത്ഥി നിരയില്‍ പത്മജയും വിന്‍സെന്‍റും അക്കരയും അടക്കം പ്രമുഖരുടെ പട.. കുത്തക തിരിച്ച് പിടിക്കാൻ ഒരുമിച്ച്..

 


തൃശൂര്‍: കോണ്‍ഗ്രസ് അനുകൂല വോട്ടുകള്‍ നിരവധിയുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ മുന്നേറ്റം നടത്താന്‍ കഴിയാതെ പോയ ജില്ലകളിലൊന്നാണ് തൃശൂര്‍. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ആകെയുള്ള 13 മണ്ഡലങ്ങളില്‍ ഒരിടത്ത് മാത്രമായിരുന്നു കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്. വടക്കാഞ്ചേരിയില്‍ അനില്‍ അക്കരെ മാത്രം വിജയിച്ചപ്പോള്‍ മറ്റ് 12 ഇടത്തും ഇടതുമുന്നണിക്ക് തിളക്കമാര്‍ന്ന വിജയമായിരുന്നു സ്വന്തമാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഇത്തവണ ഈ നിലയില്‍ നിന്നും വലിയ മാറ്റം ഉണ്ടാവണമെന്ന ഉറച്ച നിലപാടുമായാണ് കോണ്‍ഗ്രസ് പാര്‍ട്ടി ജില്ലയിലെ നിയമസഭാ തിരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തവണ തുടക്കം കുറിച്ചിരിക്കുന്നത്.


ഇത്തവണ സ്ഥിതി മെച്ചപ്പെടുത്തണമെന്ന വാശിയോടെ വളരെ നേരത്തെ തന്നെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ കോണ്‍ഗ്രസും യുഡിഎഫും തുടക്കം കുറിച്ചിട്ടുണ്ട്. ജില്ലയിലെ 13 ല്‍ 9 സീറ്റിലും കോണ്‍ഗ്രസാണ് മത്സരിക്കുന്നത്. ഗുരുവായൂര്‍ സീറ്റില്‍ ലീഗും കയ്പമംഗലത്ത് ആര്‍എസ്പിയും കുന്നമംഗലത്ത് സിഎംപിയും ഇരിങ്ങാലക്കുടയും കേരള കോണ്‍ഗ്രസ് എമ്മുമാണ് മത്സരിക്കുന്നത്. ജില്ലയിലെ സീറ്റ് വെച്ച് മാറല്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എന്നിവയടക്കമുള്ള ചര്‍ച്ചകളിലേക്കാണ് കോണ്‍ഗ്രസ് ഇതിനോടകം കടന്നിരിക്കുന്നത്.


വിജയ സാധ്യതയുള്ള സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിത്വം ലക്ഷ്യം വെക്കുന്നവരില്‍ പ്രാദേശിക നേതാക്കള്‍ മുതല്‍ മുതിര്‍ന്ന അംഗങ്ങള്‍ വരേയുണ്ട്. ഗ്രൂപ്പ് പോര് എക്കാലത്തും കോണ്‍ഗ്രസിന് തിരിച്ചടി നല്‍കുന്ന ജില്ല കൂടിയാണ് തൃശൂര്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനില്‍ മുന്നേറ്റം നടത്താന്‍ സാധിച്ചെങ്കിലും ജില്ലയില്‍ പലയിടത്തും പാര്‍ട്ടിക്ക് തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഗ്രൂപ്പ് വഴക്കാണ് പലയിടത്തും തോല്‍വിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.


ഇത്തവണ സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ എഐസിസി ഇടപെടല്‍ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഗ്രൂപ്പ് നേതാക്കള്‍ക്ക് പുറമെ കേന്ദ്ര നിരീക്ഷകരെക്കൂടി യോഗ്യത ബോധ്യപ്പെടുത്തേണ്ട അവസ്ഥയിലാണ് സ്ഥാനാര്‍ത്ഥികള്‍. സീറ്റ് മോഹം വെച്ച് പുലര്‍ത്തുന്ന നേതാക്കള്‍ നേരിട്ടും അല്ലാതെയും ഇത്തരം ബോധ്യപ്പെടുത്തലുകള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞിട്ടുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ തന്നെയാണ് ഈ നീക്കം എന്നതാണ് ശ്രദ്ധേയം.


കഴിഞ്ഞ തവണ ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിച്ചിരുന്ന സീറ്റുകള്‍ ഇത്തവണയും ബന്ധപ്പെട്ട ഗ്രൂപ്പുകള്‍ക്ക് തന്നെ കിട്ടുമെന്ന പ്രതീക്ഷിയിലാണ് സ്ഥാനാര്‍ത്ഥി മോഹികള്‍. അതേസമയം കുന്നംകുളത്ത് നിന്ന് മാറാന്‍ സിഎംപിയും കയ്പംഗലം വേണ്ടെന്ന് ആര്‍എസ്പിയും നിലപാട് അറിയിച്ചതിനാല്‍ ഈ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കാനുള്ള സാധ്യതയും കൂടുതലാണ്. കേരള കോണ്‍ഗ്രസിന്‍റെ ഇരിങ്ങാലക്കുട ഏറ്റെടുക്കണമെന്ന വികാരവും കോണ്‍ഗ്രസില്‍ ശക്തമാണ്.


ഐ ഗ്രൂപ്പിലെ സ്ഥാനാര്‍ത്ഥി മോഹികള്‍ രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ എന്നിവര്‍ മുഖേനയും എ ഗ്രൂപ്പുകാര്‍ ഉമ്മന്‍ചാണ്ടിയേയും യോഗത്യ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്. സീറ്റ് സംബന്ധിച്ച സംഘടനാചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെങ്കിലും മുതിര്‍ന്ന നേതാക്കളടക്കം പലരും മത്സരസന്നദ്ധത അറിയിച്ചിട്ടുണ്ട്. തൃശൂര്‍ സീറ്റില്‍ പറഞ്ഞ് കേള്‍ക്കുന്ന പേര് പദ്മജാ വേണുഗോപാലിന്‍റേതാണ്.


കഴിഞ്ഞ തവണയും മണ്ഡലത്തില്‍ പത്മജ വേണുഗോപാലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എന്നാല്‍ സിപിഐയിലെ വിഎസ് സുനില്‍ കുമാറിനോട് ഏഴായിരത്തിന് അടുത്ത ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടു. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ രണ്ടായിരത്തിലേറെ വോട്ടിന്‍റെ ലീഡ് യുഡിഎഫിനുണ്ട്. പിന്നാലെ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു.


എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റില്‍ 998 വോട്ടിനായിരുന്നു കോണ്‍ഗ്രസ് വിജയം. ഇടതു സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് പുല്ലഴിയിൽ നടന്ന തിരഞ്ഞെടുപ്പ് ഒറ്റക്കെട്ടായാണ് ഡിസിസി നേരിട്ടത്. ഇതേ പ്രവര്‍ത്തനം നടത്തിയാല്‍ മണ്ഡലവും പിടിക്കാമെന്ന ഉറച്ച് ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. തൃശൂര്‍ സീറ്റിലേക്ക് പലതവണ വിജയിച്ച തേറമ്പില്‍ രാമകൃഷ്ണനും താത്പര്യപ്പെടുന്നുണ്ടെന്നാണ് സൂചനകള്‍.


1982 മുതല്‍ 2011 വരെ തൃശൂരില്‍ നിന്നുള്ള എംഎല്‍എയായിരുന്നു തേറമ്പില്‍ രാമകൃഷ്ണന്‍. എന്നാല്‍ ഇനിയും ഇദ്ദേഹത്തിന് അവസരം നല്‍കുന്നതിനെതിരെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ തന്നെ എതിര്‍ വികാരം ശക്തമാണ്. എന്നാല്‍ മണ്ഡലത്തിലെ ചില മേഖലകളില്‍ ഇദ്ദേഹത്തിന് വലിയ സ്വാധീനം ഉണ്ടെന്നും ഇത് വിജയം കൊണ്ടു വരുമെന്നുമാണ് തേറമ്പില്‍ രാമകൃഷ്ണനെ പിന്തുണയ്ക്കുന്നവരുടെ വാദം.


ഡിസിസി പ്രസിഡന്റ് എം.പി. വിന്‍സെന്റ് ഇവിടെ സ്ഥാനാര്‍ഥിയായേക്കുമെന്നും പ്രചാരണമുണ്ട്. പദ്മജയുമായി ഒല്ലൂര്‍ വെച്ചുമാറാനാണ് നീക്കം. സിപിഐയിലെ കെ രാജനോട് വിന്‍സന്‍റ് കഴിഞ്ഞ തവണ തോറ്റ മണ്ഡലമാണ് ഒല്ലൂര്‍. ഒരു പാര്‍ട്ടിക്കും കൃത്യമാ മേല്‍ക്കൈ ഇല്ലാത്ത മണ്ഡലത്തില്‍ ഇരുമുന്നണികളും ഒരു പോലെ സാധ്യത കല്‍പ്പിക്കുന്നു. പതിമുവായിരത്തിലേറെ വോട്ടിനായിരുന്നു കഴിഞ്ഞ തവണ മണ്ഡലത്തില്‍ നിന്നും കെ രാജന്‍ വിജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലും ഇതേ മേല്‍ക്കൈ ഇടത് മുന്നണിക്കുണ്ട്.


തൃശൂര്‍ കിട്ടിയില്ലെങ്കില്‍ ചാലക്കുടിയില്‍ മത്സരിക്കാനും വിന്‍സെന്‍റിന് ആഗ്രഹമുണ്ടെന്നാണ് സൂചന. കഴിഞ്ഞ മൂന്ന് തവണയായി ബിഡി ദേവസ്സിയിലൂടെ സിപിഎം വിജയിക്കുന്ന മണ്ഡലമാണ് ചാലക്കുടി. 2016 ല്‍ കോണ്‍ഗ്രസിലെ ടിയു രാധാകൃഷ്ണനെതിരെ 26648 വോട്ടിനായിരുന്നു ദേവസ്സിയുടെ വിജയം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ പതിമൂവായിരത്തിലേറെ വോട്ടിന്‍റെ ലീഡാണ് എല്‍ഡിഎഫിനുള്ളത്.


അതേസമയം ചാലക്കുടി സീറ്റ് ലക്ഷ്യമിട്ട് മുതിര്‍ന്ന നേതാവായ പിസി ചാക്കോയും നീക്കം തുടങ്ങിയിട്ടുണ്ട്. ദില്ലി കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്‍റെ ശ്രമം. അതേസമയം ജില്ലയില്‍ മികച്ച പ്രാതിനിധ്യം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും രംഗത്തുണ്ട്. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചാല്‍ ജില്ലയില്‍ ഏറ്റവും കുറഞ്ഞത് ഏഴ് സീറ്റുകളില്‍ വിജയം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തരംഗമുണ്ടായാല്‍ അത് പത്ത് വരേയാവും എന്നും നേതാക്കള്‍ അവകാശപ്പെടുന്നു.

No comments