അടുത്ത വെടി പൊട്ടിച്ച് പിസി ജോർജ്..!! യുഡിഎഫ് പ്രവേശനത്തിന് പാര ഉമ്മൻചാണ്ടി..!! ആ മോഹം അടഞ്ഞു.. ഇടതിന്..
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫില്‍ പ്രവേശനം ഉറപ്പാക്കാനുളള നീക്കം പരാജയപ്പെട്ടതായി വ്യക്തമാക്കി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ഇതോടെ പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് തന്നെ മത്സരിക്കും എന്നുറപ്പായി.
തന്റെ യുഡിഎഫ് പ്രവേശനത്തിന് പാര പണിതത് ഉമ്മന്‍ചാണ്ടി ആണെന്നും പിസി ജോര്‍ജ് തുറന്നടിച്ചു. മാത്രമല്ല സംസ്ഥാനത്ത് ഇത്തവണ എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടുമെന്നും പിസി ജോര്‍ജ് പ്രവചിക്കുന്നു. ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ....
ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കൊപ്പം ചേര്‍ന്ന പിസി ജോര്‍ജ് പിന്നീടങ്ങോട്ട് യുഡിഎഫിലേക്ക് തിരികെ എത്താനുളള ശ്രമങ്ങളില്‍ ആയിരുന്നു.. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് കനത്ത തിരിച്ചടി നേരിട്ടതാണ് പിസി ജോര്‍ജിനെ മാറ്റി ചിന്തിപ്പിച്ചത്. യുഡിഎഫ് നേതാക്കളുമായി മുന്നണി പ്രവേശനം സംബന്ധിച്ച് ഇതിനകം നിരവധി അനൗദ്യോഗിക ചര്‍ച്ചകള്‍ പിസി ജോര്‍ജ് നടത്തിക്കഴിഞ്ഞു.
പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിനെതിരെ പ്രാദേശിക യുഡിഎഫ് നേതൃത്വത്തില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പിസി ജോര്‍ജിനെ വേണ്ട എന്ന് ആദ്യം തീരുമാനിച്ച യുഡിഎഫ് രണ്ടാമതൊന്ന് ആലോചിച്ചിക്കാന്‍ തുടങ്ങിയത് ജോസ് കെ മാണി ഇടത് പക്ഷത്തേക്ക് പോയതോടെയാണ്. കോട്ടയം അടക്കമുളള മധ്യകേരളം പിടിക്കാന്‍ പിസി ജോര്‍ജ് കൂടി ഒപ്പം വേണമെന്നാണ് യുഡിഎഫിലെ ഒരു വിഭാഗം കരുതുന്നത്.
ഉമ്മന്‍ചാണ്ടി അടക്കമുളള നേതാക്കള്‍ക്ക് തന്റെ മുന്നണി പ്രവേശനത്തോട് എതിര്‍പ്പില്ലെന്ന് പിസി ജോര്‍ജ് തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുളളതാണ്. മാത്രമല്ല മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും അടക്കമുളള ഘടകകക്ഷികള്‍ക്ക് തന്റെ മുന്നണി പ്രവേശനത്തോട് അനുകൂല സമീപനമാണ് എന്നും പിസി ജോര്‍ജ് നേരത്തെ വ്യക്തമാക്കുകയുണ്ടായി.
ഇതോടെ പിസി ജോര്‍ജ് യുഡിഎഫിലെത്തുമെന്ന് ഏറെക്കുറേ ഉറപ്പായതായിരുന്നു. എന്നാല്‍ അവസാന നിമിഷം കാര്യങ്ങളെല്ലാം മാറി മറിഞ്ഞിരിക്കുകയാണ് എന്നാണ് പിസി ജോര്‍ജിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ജനപക്ഷം ഒരു മുന്നണിയുടേയും ഭാഗമാകാനുളള സാധ്യത താന്‍ കാണുന്നില്ലെന്ന് പിസി ജോര്‍ജ് പ്രതികരിച്ചു. മനോരമ ന്യൂസിനോടാണ് പിസിയുടെ പ്രതികരണം.
എല്‍ഡിഎഫ് ഇപ്പോള്‍ ഒരു കാരണവശാലും മുന്നണി വിപുലീകരണത്തെ കുറിച്ച് ചിന്തിക്കുന്നില്ല. കാരണം അവര്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്നും ഭൂരിപക്ഷം ലഭിക്കും എന്നുമുളള അഹങ്കാരത്തിലാണെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. പിന്നെ ഉളളത് കോണ്‍ഗ്രസ് മുന്നണിയാണ്. കോണ്‍ഗ്രസ് മുന്നണിയോട് സഹകരിച്ച് പ്രവര്‍ത്തിക്കണം എന്നാണ് പാര്‍ട്ടിയുടെ തീരുമാനം എന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
എന്നാല്‍ ജനപക്ഷത്തൊട് സഹകരിച്ച് പ്രവര്‍ത്തിക്കണം എന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. മുന്നണി പ്രവേശനം ആവശ്യപ്പെട്ട് പിസി ജോര്‍ജ് തങ്ങളെ സമീപിച്ചിട്ടില്ല എന്ന് യുഡിഎഫുകാര്‍ പറയുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടക്കമുളള നേതാക്കളുമായി മുന്നണി പ്രവേശനം സംബന്ധിച്ച് താന്‍ സംസാരിച്ചിട്ടുളളതാണെന്നും പിസി ജോര്‍ജ് പറയുന്നു.
ഉമ്മന്‍ ചാണ്ടി തന്നെ കാണുമ്പോള്‍ കെട്ടിപ്പിടിത്തമൊക്കെയാണ്. ഉടനെ മുന്നണിയിലേക്ക് വരണം എന്നും തന്നോട് പറയും. രമേശ് ചെന്നിത്തലയും തങ്ങളെ മുന്നണിയില്‍ എടുക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ മനസ്സിലാക്കുന്നത് യുഡിഎഫ് യോഗം ചേരുമ്പോള്‍ തങ്ങളുടെ മുന്നണി പ്രവേശനത്തെ ഉമ്മന്‍ചാണ്ടി അനുകൂലിക്കുന്നില്ല എന്നാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
എന്തുകൊണ്ടാണ് തന്റെ യുഡിഎഫ് പ്രവേശനത്തെ ഉമ്മന്‍ചാണ്ടി എതിര്‍ക്കുന്നത് എന്ന് തനിക്കറിയാം. എന്നാല്‍ അക്കാര്യം താനിപ്പോള്‍ പറയുന്നില്ല. പറയേണ്ടപ്പോള്‍ പറയുക തന്നെ ചെയ്യും. യുഡിഎഫില്‍ തനിക്കുളള പാര ഉമ്മന്‍ചാണ്ടി തന്നെയാണ് എന്നാണ് തനിക്ക് തോന്നുന്നത.് യുഡിഎഫിലും എല്‍ഡിഎഫിലും ഇല്ലാത്ത അവഗണിക്കപ്പെട്ട വലിയൊരു വിഭാഗം ഉണ്ട്. യാക്കോബായ സമുദായമാണ് അതിന് ഒരു ഉദാഹരണം.
30 നിയമസഭാ മണ്ഡലങ്ങളില്‍ അവര്‍ നിര്‍ണായകമാണ്. പക്ഷേ അവരെ ആരും മൈന്‍ഡ് ചെയ്യുന്നില്ല. ഇവിടുത്തെ പാവപ്പെട്ട പട്ടിക ജാതി വിഭാഗങ്ങള്‍ അടക്കം അത്തരത്തില്‍ അവഗണിക്കപ്പെട്ടവരെ ഒരുമിച്ച് ചേര്‍ത്ത് ഒരു മുന്നേറ്റം നടത്താനാണ് താന്‍ ഉദ്ദേശിക്കുന്നത്. താന്‍ പൂഞ്ഞാറില്‍ തന്നെ മത്സരിക്കും. പലരും പൂഞ്ഞാറില്‍ നിന്ന് മാറുമോ എന്ന് ചോദിക്കുന്നുണ്ട്. താന്‍ മാറില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ ഒറ്റയ്ക്ക് മത്സരിക്കും. യുഡിഎഫ് പ്രവേശന നീക്കം അവസാനിച്ചു. പാലം കടന്നാല്‍ കൂരായണ എന്ന സമീപനമാണ് ഉമ്മന്‍ചാണ്ടിയുടേത് എന്ന് ട്വന്റി ഫോറിനോട് പിസി ജോര്‍ജ്ജ് പ്രതികരിച്ചു. സംസ്ഥാനത്ത് എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിക്കും. എല്‍ഡിഎഫില്‍ ചേരുന്നത് സംബന്ധിച്ച് ഇതുവരെ അവരുമായി ചര്‍ച്ച നടത്തിയിട്ടില്ല.
എല്‍ഡിഎഫ് അവരുടെ വാതില്‍ തുറന്നിട്ട് തന്നെ വിളിച്ചാല്‍ മാത്രമേ ചര്‍ച്ചയുടെ കാര്യം ചിന്തിക്കേണ്ടതുളളൂ. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരളത്തിലേക്ക് വരുന്നതിനേയും പിസി ജോര്‍ജ് വിമര്‍ശിച്ചു. എല്ലാം കൊണ്ടുപോകാനാണ് കുഞ്ഞാലിക്കുട്ടിയുടെ വരവ്. കുഞ്ഞാലിക്കുട്ടി വരുന്നത് യുഡിഎഫിന്റെ സര്‍വ്വനാശത്തിന്റെ തുടക്കമാണെന്നും പിസി ജോര്‍ജ്ജ് പ്രതികരിച്ചു.

No comments