പത്തനാപുരത്ത് ഇത്തവണ മത്സരം കനക്കും.. ഗണേഷിന് എതിരെ ചാമക്കാല..?? യൂത്ത് കോൺഗ്രസ് നേതാവും രംഗത്ത്.. പ്രവർത്തകരുടെ ആവശ്യം..
കൊല്ലം: പത്തനാപുരം സീറ്റിനായി കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലും ഗ്രൂപ്പുകള്‍ക്കുള്ളിലും പിടിവലി മുറുകുന്നു. മുതിര്‍ന്ന നേതാക്കള്‍ കളത്തിലിറങ്ങുമ്ബോള്‍ കാലുവാരല്‍ ഉറപ്പായതിനാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ശൂരനാട് അനുതാജിനെ സ്ഥാനാര്‍ത്ഥിയാക്കി പത്തനാപുരം പിടിക്കാനാണ് പുതിയ ആലോചന.
ആദ്യഘട്ടത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല, ഡി.സി.സി ജനറല്‍ സെക്രട്ടറി സി.ആര്‍.നജീബ് എന്നിവരുടെ പേരുകളാണ് പരിഗണനയില്‍ ഉണ്ടായിരുന്നത്. സി.ആര്‍. നജീബ് എ ഗ്രൂപ്പും ജ്യോതികുമാര്‍ ചാമക്കാല ഐയുമാണ്. ഇരുവര്‍ക്കുമെതിരെ ഗ്രൂപ്പുകള്‍ ഇപ്പോള്‍ തന്നെ ശക്തമായ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
ഇവരില്‍ ഒരാള്‍ സ്ഥാനാര്‍ത്ഥിയായാല്‍ പൊട്ടിത്തറി ഉറപ്പായ സാഹചര്യത്തിലാണ് മൂന്നാമതൊരാളെ പരിഗണിക്കുന്നത്.
എന്നാല്‍, അനുതാജിനെ പരിഗണിക്കുന്നതിന് മറ്റ് ചില കാരണങ്ങളാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കോണ്‍ഗ്രസ് മത്സരിക്കുന്ന എല്ലാ സീറ്റുകളിലും യുവനേതാക്കളെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പക്ഷെ, ജില്ലയിലെ മറ്റ് സീറ്റുകളിലെങ്ങും യൂത്ത് കോണ്‍ഗ്രസ് പട്ടികയില്‍ നിന്നുള്ളവരെ പരിഗണിക്കാന്‍ വലിയ പ്രയാസമുള്ള സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ പത്തനാപുരം സീറ്റില്‍ അനുതാജിനെ മത്സരിപ്പിച്ച് ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാതിനിദ്ധ്യം ഉറപ്പാക്കാനാണ് നീക്കം. മുതിര്‍ന്ന നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം അനുതാജ് മണ്ഡലത്തില്‍ സജീവമായതായും സൂചനയുണ്ട്.
ന്യൂനപക്ഷ വോട്ടുകളാണ് പത്തനാപുരത്ത ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതില്‍ തന്നെ മുസ്ലീം വോട്ടുകളാണ് നിര്‍ണായകം. ഈ വിഭാഗത്തില്‍ നിന്ന് ഒരാള്‍ സ്ഥാനാര്‍ത്ഥിയായാല്‍ കെ.ബി. ഗണേശ് കുമാറിന്റെ പെട്ടിയിലേക്ക് കഴിഞ്ഞ തവണ പോയ ന്യൂനപക്ഷ വോട്ട് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയുമുണ്ട്. കൂടാതെ അനുതാജിന്റെ ബന്ധുബലവും പത്തനാപുരത്താണ്. ഗണേശ് കുമാറിനെതിരെ അടുത്തിടെ പത്തനാപുരത്ത് നടന്ന സമരങ്ങളുടെ മുന്‍നിരയില്‍ അനുതാജുണ്ടായിരുന്നു. ഇപ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിലും നിറഞ്ഞുനില്‍ക്കുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി അനുതാജിനായി ശക്തമായി രംഗത്തെത്തുമെന്നാണ് സൂചന. മണ്ഡലം ഐ ഗ്രൂപ്പിന് വിട്ടുനല്‍കുന്നതിനോടും കൊടിക്കുന്നിലിന് യോജിപ്പില്ല. തന്റെ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട പ്രദേശമെന്ന നിലയില്‍ പത്തനാപുരത്ത് കൊടിക്കുന്നില്‍ മുന്നോട്ടുവയ്ക്കുന്ന പേര് നേതൃത്വത്തിന് തള്ളാനുമാവില്ല. ഈ ലക്ഷ്യത്തോടെയാണ് കൊടിക്കുന്നില്‍, അനുതാജിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാക്കിയതെന്നും സൂചനയുണ്ട്. തമ്മിലടിച്ച് മണ്ഡലം നഷ്ടമാകാതിരിക്കാന്‍ യുവനേതാവിനെ കളത്തിലിറക്കങ്ങണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്തെ എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് സംസ്ഥാന, കേന്ദ്ര നേതാക്കളെ കൂട്ടത്തോടെ സമീപിക്കുന്നതും അനുതാജിന് വേണ്ടിയാണെന്നും വിവരമുണ്ട്.

No comments