പാലായ്ക്ക് ശേഷം കേരള കോണ്‍ഗ്രസിന് സിപിഐയുടെ ചെക്ക്..!! കാഞ്ഞിരപ്പള്ളി തരാം, പക്ഷേ.. പകരം ഈ സിറ്റിങ് സീറ്റ് വേണം.. അന്തംവിട്ട് ജോസ്..
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് എൽഡിഎഫിൽ രണ്ട് സീറ്റുകൾ സംബന്ധിച്ചായിരുന്നു പ്രധാനമായും തർക്കം നിലനിന്നിരുന്നത്. എൻസിപിയുടെ സീറ്റായ പാലായിലും സിപിഐ മത്സരിച്ചിരുന്ന കാഞ്ഞിരപ്പള്ളി സീറ്റിലും. ജോസ് കെ മാണി വിഭാഗത്തിന്റെ വരവോടെ ഈ രണ്ട് സീറ്റുകളും വിട്ടുകൊടുക്കേണ്ടി വരുമെന്ന കാര്യം ഏറെ കുറെ വ്യക്തമായിരുന്നു. പാലായെ ചൊല്ലി എൻസിപി ഉയർത്തിയ പൊട്ടിത്തെറി കഴിഞ്ഞ ദിവസം ദില്ലിയിലെ എൻസിപി യോഗത്തോടെ ഏറെകുറെ പരിഹരിക്കപ്പെട്ട മട്ടാണ്. ഇപ്പോഴിതാ കാഞ്ഞിരപ്പള്ളി സീറ്റിലും ഏകദേശ ധാരണയായിരിക്കുകയാണ്.സീറ്റ് വിട്ടുകൊടുക്കാമെന്ന നിലപാടിലാണ് സിപിഐ. എന്നാൽ കേരള കോൺഗ്രസിന്റെ മറ്റൊരു സിറ്റ് പകരം നൽകണമെന്നാണ് സിപിഐയുടെ ആവശ്യം.
കഴിഞ്ഞ ദിവസം സിപിഐ ജില്ലാ നേതൃ യോഗം ചേർന്നിരുന്നു. യോഗത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനെ കുറിച്ചായിരുന്നു അവലോകനം നടന്നതെങ്കിലും അനൗദ്യോഗികമായി കാഞ്ഞിരപ്പള്ളി സീറ്റ് സംബന്ധിച്ച ചർച്ചകളും നേതാക്കൾ നടത്തി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു ജില്ലാ നേതൃയോഗം നടന്നത്.
കാനത്തിന്റെ വീടിരിക്കുന്ന കാഞ്ഞിരപ്പള്ളി മണ്ഡലത്തിലും വൈക്കത്തുമാണ് ജില്ലയിൽ എൽഡിഎഫിൽ സിപിഐ മത്സരിക്കുന്ന രണ്ട് സീറ്റുകൾ. നിലവിൽ ജോസ് കെ മാണി വിഭാഗം എംഎൽഎയായ എൻ ജയരാജ് ആണ് കാഞ്ഞിരപ്പള്ളിയിലെ എംഎൽഎ. അതുകൊണ്ട് തന്നെ ജോസിന്റെ വരവോടെ സീറ്റ് അവർക്ക് വിട്ടുകൊടുക്കേണ്ടി വരുമെന്ന കാര്യം ഏറെ കുറെ കണക്കാക്കപ്പെട്ടതാണ്.
തുടക്കത്തിൽ കടുത്ത എതിർപ്പുകൾ സിപിഐ ഉയർത്തിയിരുന്നെങ്കിലും നിലവിൽ സീറ്റുകൾ വിട്ട് നൽകാനാണ് സിപിഐയുടെ തിരുമാനം. പകരം ചങ്ങനാശേരി മണ്ഡലമാകും സിപിഐ ആവശ്യപ്പെട്ടുക. മണ്ഡലം ലഭിച്ചാൽ ജില്ലാ സെക്രട്ടറി സികെ ശശിധരനോ, ചങ്ങനാശ്ശേരി മണ്ഡലം സെക്രട്ടറി അഡ്വ കെ. മാധവൻപിള്ളയോ ആകും ഇവിടെ സ്ഥാനാർത്ഥികളായേക്കുക.
ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിൽ എത്തിയതോടെ മണ്ഡലത്തിലെ യുഡിഎഫ് അനുകൂല രാഷ്ട്രീയ അന്തരീക്ഷം മാറിയെന്നാണ് സിപിഐയുടെ വിലയിരുത്തൽ. കേരള കോൺഗ്രസ് വിഭാഗം നേതാവായിരുന്ന അന്തരിച്ച സിഎഫ് തോമസ് ആയിരുന്നു മണ്ഡലത്തിലെ എംഎൽഎ. കേരള കോൺഗ്രസ് പിളർപ്പോടെ സിഎഫ് തോമസ് ജോസഫ് പക്ഷത്തായിരുന്നു.
ചങ്ങനാശേരി വിട്ടുകൊടുക്കാൻ ജോസ് വിഭാഗം തയ്യാറാക്കുമോയെന്ന് കാത്തിരുന്ന് കാണാം. അതിനിടെ യുഡിഎഫിൽ ഇത്തവണ ജോസഫ് വിഭാഗം സീറ്റിനായി ആവശ്യം ഉയർത്തുന്നുണ്ടെങ്കിലും വിട്ടുനൽകേണ്ടതില്ലെന്നാണ് കോൺഗ്രസിലെ വികാരം. സീറ്റ് ഏറ്റെടുത്ത് ഇവിടെ ഇരിക്കൂറിൽ നിന്നുള്ള എംഎൽഎയായ കെസി ജോസഫിനെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. ജോസഫ് അല്ലേങ്കിൽ ഡിസിസി അധ്യക്ഷന്‍ ജോഷി ഫിലിപ്പ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോസി സെബാസ്റ്റിയന്‍ എന്നിവരേയും കോൺഗ്രസ് പരിഗണിക്കുന്നുണ്ട്.
അതേസമയം നിലവിലെ ഏകദേശ ധാരണ പ്രകാരം ജില്ലയിൽ എൽഡിഎഫിലെ സീറ്റ് വിഭജനം ഇങ്ങനെയാണ്. ജോസ് വിഭാഗത്തിന് കടുത്തുരുത്തി, പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളാണ് ലഭിക്കുക. സിപിഎം കോട്ടയം, ഏറ്റുമാനൂർ, പുതുപ്പള്ളി സീറ്റുകളിൽ മത്സരിക്കും.അതേസമയം പാലായെ ചൊല്ലി എൻസിപി ഉയർത്തിയ പൊട്ടിത്തെറികൾക്ക് കഴിഞ്ഞ ദിവസം ദില്ലിയിൽ ചേർന്ന എൻസിപി യോഗത്തോടെ ഏകദേശ പരിഹാരം ആയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പാലായ്ക്ക് വേണ്ടി കടുംപിടിത്തം കാണിക്കില്ലെന്ന സൂചനയാണ് ഇന്ന് മാണി സി കാപ്പൻ മാധ്യമങ്ങൾക്ക് മുന്നിൽ പ്രകടിപ്പിച്ചത്. ദേശീയ അധ്യക്ഷൻ ശരദ് പവാർ പറയുന്നതെന്താണോ അത് അനുസരിക്കാൻ താൻ തയ്യാറാണെന്നായിരുന്നു കാപ്പൻ പറഞ്ഞത്.അതേസമയം മൂന്ന് ഉപാധികൾ എൻസിപി എൽഡിഎഫിന് മുൻപിൽ വെച്ചേക്കുമെന്നാണ് വിവരം.
ജയസാധ്യതയുള്ള ഒരു സീറ്റും രാജ്യസഭ സീറ്റും ആണ് ഒരു ആവശ്യം. എലത്തൂർ മാണി സി കാപ്പന് നൽകി എകെ ശശീന്ദ്രന് രാജ്യസഭ സീറ്റ് അല്ലേങ്കിൽ മാണി സി കാപ്പന് മുഴുവൻ ടേം രാജ്യസഭ സീറ്റ് എന്നീ നിർദ്ദേശങ്ങളാണ് എൻസിപി മുന്നോട്ട് വെച്ചേക്കാൻ സാധ്യത. ഇത് അംഗീകരിച്ചാല പാലാ ജോസ് കെ മാണിക്ക് എൻസിപി വിട്ട് കൊടുത്തേക്കും.

No comments