Breaking News

ബാലുശ്ശേരി എന്ന സിപിഎം കോട്ട ഇത്തവണ ധർമജൻ പോളിക്കുമോ..?? ധർമ്മജൻ വണ്ടി കഴറിയത് വെറുതെയല്ല..!! സിപിഎം ക്യാമ്പിൽ ആശങ്ക..!; ആര് വിജയിക്കും..??

 


ബാലുശ്ശേരി: സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ബാലുശ്ശേരി. ഇടതുകോട്ടയെന്ന് അറിയപ്പെടുന്ന ബാലുശ്ശേരി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സിനിമാ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ വരവോടെയാണ് ശ്രദ്ധേയമായ മണ്ഡലമായി മാറിയത്. ധര്‍മ്മജനിലൂടെ അട്ടിമറി വിജയമാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. എല്‍.ഡി.എഫ് ആകട്ടെ എസ്.എഫ്.ഐ.സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിന്‍ ദേവിനെയാണ് ഗോദയിലിറക്കിയിരിക്കുന്നത്. ഇതോടെ നേര്‍ക്കുനേരെയുള്ള ശക്തമായ പോരാട്ടമായി മാറിയിരിക്കുകയാണ്. ഇരു മുന്നണിയിലെ നേതാക്കള്‍ക്കും ഈ മണ്ഡലം അഭിമാന പ്രശ്നമായതോടെ പ്രചാരണം ശക്തിപ്പെടുത്തി.


എല്‍.ഡി.എഫിനെ പോലെ എന്‍.ഡി.എ.യും ബി.എസ്.പിയും യുവാക്കളെ തന്നെയാണ് കളത്തിലിറക്കിയത്.എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ലിബിനും ബി.എസ്.പി സ്ഥാനാര്‍ത്ഥി ജോബിഷും ബാലുശ്ശേരിക്കാരാണ്.


ഇവരും സജീവമായി മത്സര രംഗത്തുണ്ട്. താരപരിവേഷമുള്ള ധര്‍മ്മജന്റെ പരിപാടികളില്‍ വന്‍ ജനപങ്കാളിത്തം യു.ഡി.എഫ് ക്യാമ്ബില്‍ ആവേശം ഉയര്‍ത്തുന്നു.


എല്‍.ഡി.എഫ്. ആകട്ടെ എല്ലാ പഴുതുകളും അടച്ചുള്ള പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സ്ഥാനാര്‍ത്ഥി സച്ചിന്‍ ദേവ് പ്രചാരണ രംഗത്ത് ആഴ്ചകള്‍ക്ക് മുമ്ബേ തന്നെയിറങ്ങി പരമാവധി വോട്ടര്‍മാരെ ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞു. പതിവില്‍ നിന്ന് വ്യത്യസ്തമായി കോളനികള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെല്ലാം.


എല്‍.ഡി.എഫിന്റെ മണ്ഡലം


സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 15,464 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫിലെ പുരുഷന്‍ കടലുണ്ടി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ എം. കെ. രാഘവന്‍ ഈ മണ്ഡലത്തില്‍ നിന്ന് 9,745 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. അവസാനം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍


മണ്ഡലത്തില്‍ 4814 വോട്ടിന്റെ ഭൂരിപക്ഷം എല്‍.ഡി.എഫിന് സ്വന്തമാക്കാനും കഴിഞ്ഞു. ഈ മൂന്ന് കണക്കുകളും ഇരു മുന്നണികളുടെയും ഉറക്കം കെടുത്തുന്നുണ്ട്.


70ല്‍ കോണ്‍ഗ്രസിന് എം.എല്‍.എ


1970 മാത്രമാണ് കോണ്‍ഗ്രസിന് ബാലുശ്ശേരിയില്‍ നിന്ന് ഒരു എം.എല്‍.എ. ഉണ്ടായത്. അന്ന് എ.സി. ഷണ്‍മുഖദാസാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായത്. പിന്നീട് ഷണ്‍മുഖദാസ് കോണ്‍. (എസ്) എം.എല്‍.എ.ആയും എന്‍.സി.പി. എം.എല്‍.എയും ആയിരുന്നു. ആദ്യകാലത്ത് പ്രജാ സോഷ്യലിസ്റ്റിന്റെയും സംയുക്ത സോഷ്യലിസ്റ്റിന്റെയും എം.എല്‍.എമാരെ സംഭാവന ചെയ്ത മണ്ഡലമായിരുന്നു ഇത്. ബാലുശ്ശേരിയില്‍ നിന്ന് ആദ്യ രണ്ടു തവണയും നിയമസഭയില്‍ എത്തിയത് സോഷ്യലിസ്റ്റായ എം. നാരായണക്കുറുപ്പാണ് 1957ലും 1960ലും. രണ്ടാം വട്ടം സ്വതന്ത്രനായാണ് വിജയിച്ചത്. 1965ലും 67 ലും എ.കെ.അപ്പുമാസ്റ്ററും 1970 ല്‍ എ.സി. ഷണ്‍മുഖദാസ് കോണ്‍ഗ്രസ് ടിക്കറ്റില്‍ എം.എല്‍.എയായി. 1977ല്‍ പി.കെ. ശങ്കരന്‍ കുട്ടിയും 1980 മുതല്‍ 25 വര്‍ഷക്കാലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി എ.സി. ഷണ്‍മുഖദാസ് വിജയിച്ചു. തുടര്‍ന്ന് 2006ല്‍ എ.കെ. ശശീന്ദ്രനും ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്. 2011ലും 2016 ലും സി.പി.എമ്മിലെ പുരുഷന്‍ കടലുണ്ടിയാണ് ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.


2008 ല്‍ മണ്ഡല പുനര്‍നിര്‍ണ്ണയത്തിന്റെ ഭാഗമായി ബാലുശ്ശേരിയുടെ ഭാഗമായിരുന്ന എലത്തൂര്‍, നന്മണ്ട, തലക്കുളത്തൂര്‍ പഞ്ചായത്തുകള്‍ എലത്തൂര്‍ മണ്ഡലത്തിലേക്ക് മാറ്റി. കൊടുവള്ളി മണ്ഡലത്തിലായിരുന്ന ഉണ്ണികുളം പഞ്ചായത്തും പേരാമ്ബ്ര മണ്ഡലത്തിന്റെ ഭാഗമായിരുന്ന കോട്ടൂര്‍, കൂരാച്ചുണ്ട് പഞ്ചായത്തുകളും ബാലുശ്ശേരി മണ്ഡലത്തില്‍ ഉള്‍പ്പെടുത്തി. നിലവില്‍ ബാലുശ്ശേരി മണ്ഡലത്തില്‍ ബാലുശ്ശേരി, പനങ്ങാട്, ഉണ്ണികുളം, കൂരാച്ചുണ്ട്, കായണ്ണ, നടുവണ്ണൂര്‍, കോട്ടൂര്‍, ഉള്ളിയേരി, അത്തോളി പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ്.


2011 ലെ തിരഞ്ഞെടുപ്പോടെ ബാലുശ്ശേരി നിയോജക മണ്ഡലം പട്ടികജാതി സംവരണ മണ്ഡലമായതോടെ ഏറെക്കാലം എന്‍.സി.പിയുടെ കൈവശമുണ്ടായിരുന്ന ബാലുശ്ശേരി സി.പി.എമ്മിന് വിട്ടുകൊടുക്കുകയും പകരം എലത്തൂര്‍ സീറ്റ് എന്‍.സിപിയ്ക്ക് നല്‍കുകയുമായിരുന്നു. കഴിഞ്ഞ 45 വര്‍ഷത്തെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളും കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 1400 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളും മാത്രം മതി ഇടതു മുന്നണിക്ക് തുടര്‍ ഭരണത്തിനെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറയുന്നു. എന്നാല്‍, മണ്ഡല വികസനമെന്നത് കവാടങ്ങളില്‍ മാത്രം ഒതുങ്ങിയെന്നാണ് യു.ഡി.എഫ്.ആരോപണം.


ഇരു മുന്നണികളുടേയും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണെന്നും യഥാര്‍ത്ഥ വികസനം ലക്ഷ്യപ്രാപ്തിയിലെത്താന്‍ എന്‍.ഡി.എ അധികാരത്തിലെത്തണമെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നു. മൂന്ന് മുന്നണികള്‍ക്കും സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അറിയില്ലെന്നും ബി.എസ്.പി മാത്രമെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പ്രശ്നങ്ങളില്‍ ഇടപെടുന്നുള്ളുവെന്ന് ബി.എസ്.പി നേതാക്കളും പറയുന്നു.


മണ്ഡലത്തെ സംബന്ധിച്ചിടത്തോളം നേര്‍ക്കുനേര്‍ ഉള്ള പോരാട്ടം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. ഇരു മുന്നണികളുടെയും യോഗങ്ങളിലും ജനസാന്നിദ്ധ്യവും ഏറെയാണ്. അത് കൊണ്ട് തന്നെ വിജയ പരാജയങ്ങള്‍ പ്രവചനാതീതമാണ്.


2016ലെ നിയമസഭ തിരഞ്ഞെടുപ്പ്


എല്‍.ഡി.എഫ് -82, 914


യു.ഡി.എഫ്.-67,450


ബി.ജെ.പി.-19,324


ലോക്‌സഭ


യു.ഡി.എഫ്.- 83,059


എല്‍.ഡി.എഫ്.- 73,314


എന്‍.ഡി.എ.-18,836


തദ്ദേശം


എല്‍.ഡി.എഫ്-85,141


യു.ഡി.എഫ്-80,327


എന്‍.ഡി.എ.-19,417

No comments