കായംകുളത്ത് ആലത്തൂര്‍ മോഡല്‍ ആവര്‍ത്തിക്കുമോയെന്ന് സിപിഎമ്മിന് ആശങ്ക..!! ആരിഫിന്റെ വിവാദ പരാമര്‍ശത്തിൽ പാർട്ടി..
ആലപ്പുഴ: കായംകുളത്ത് അരിതാ ബാബു വിജയിച്ചേക്കുമെന്ന യു ഡി എഫ് പ്രതീക്ഷകള്‍ക്കിടയില്‍ അരിതയ്‌ക്കെതിരായ എ എം ആരിഫിന്റെ പരാമര്‍ശം തിരിച്ചടിയാകുമോയെന്ന ആശങ്കയില്‍ സി പി എം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബായി വന്ന ആരിഫിന്റെ വിവാദ പ്രസംഗം യു ഡി എഫ് സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം വലിയ തോതില്‍ പ്രചരിപ്പിച്ചിരുന്നു. ആരിഫ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്ബ് നടത്തിയ പ്രസംഗം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാനായി അവസാന ദിവസങ്ങളില്‍ പാര്‍ട്ടിയിലെ തന്നെ ചില നേതാക്കള്‍ ഉപയോഗിച്ചുവെന്നാണ് വിലയിരുത്തല്‍.
പ്രതിഭയ്‌ക്ക് എളുപ്പത്തില്‍ ജയിക്കാന്‍ കഴിയുന്ന മണ്ഡലമായിരുന്നു കായംകുളം. ഇവിടെ അനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് സി പി എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കായംകുളത്ത് പാര്‍ട്ടിയില്‍ എം എല്‍ എയും പ്രാദേശിക നേതാക്കളും തമ്മില്‍ പല പ്രശ്‌നങ്ങളും നിലനിന്നിരുന്നു.എന്നാല്‍ മികച്ച എം എല്‍ എ എന്ന പേരാണ് മണ്ഡലത്തിലുടനീളം പ്രതിഭ സമ്ബാദിച്ചിരുന്നത്.
തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ആരിഫിന്റെ പരാമര്‍ശം പരിശോധിക്കാമെന്നാണ് ജില്ലയിലെ പ്രമുഖ സി പി എം നേതാക്കള്‍ പറയുന്നത്. പ്രതിഭ മണ്ഡലത്തില്‍ തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ പഴി ആരിഫിന് മേലെ ആയിരിക്കും. ആരിഫിന്റെ പരാമര്‍ശം ബോധപൂര്‍വമാണെന്ന ആക്ഷേപവും ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ഇക്കാര്യം പ്രത്യേകമായി പരിശോധിക്കാനാണ് സെക്രട്ടറിയേറ്റിന്റെ തീരുമാനം. ആലത്തൂരില്‍ രമ്യാ ഹരിദാസിന് എതിരെ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തിന് തുല്യമായിരുന്നു ആരിഫിന്റേയും വാക്കുകളെന്നായിരുന്നു സി പി എമ്മിനുളളിലെ തന്നെ അഭിപ്രായം.
അമ്ബലപ്പുഴയില്‍ ജി സുധാകരനെ ലക്ഷ്യം വച്ച് നിരവധി ആരോപണങ്ങളാണ് പാര്‍ട്ടിക്കുളളില്‍ ഉയരുന്നത്. പാര്‍ട്ടി നിര്‍ദേശം പാലിച്ച് അമ്ബലപ്പുഴയിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടും ഇത്തരം ആക്ഷേപങ്ങള്‍ വരുന്നതില്‍ സുധാകരന്‍ ക്ഷുഭിതനാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇന്നലെ വാര്‍ത്താസമ്മേളനം വിളിച്ച് പൊട്ടിത്തെറിച്ചത്.

No comments