Breaking News

വിജയ പ്രതീക്ഷയില്‍ കേരളത്തിലെ കോണ്‍ഗ്രസ്..!! തുണച്ച ഘടകങ്ങള്‍ എന്തൊക്കെ..?? എക്സിറ്റ് പോളുകൾ നാളെ വൈകിട്ട്.. പ്രതീക്ഷയിൽ..

 


തിരഞ്ഞെടുപ്പ് കഴിഞ്ഞു. വോട്ടെണ്ണാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പാര്‍ട്ടികളും മുന്നണികളും കണക്കുകൂട്ടലുകളുടെയും വിശകലനങ്ങളുടെയും നിശബ്ദ തിരക്കുകളിലാണ്. ഭരണത്തുടര്‍ച്ചയെന്ന അവകാശവാദം ഇടതുമുന്നണി ആവര്‍ത്തിക്കുമ്ബോള്‍, കേരളം മാറി ചിന്തിക്കുമെന്ന ഉറപ്പിലാണ് യുഡിഎഫ്.


കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന ഐക്യമുന്നണിക്ക് ആ വിശ്വാസത്തിനു അടിത്തറപാകുന്ന ചിലഘടകങ്ങളുണ്ട്. അതില്‍ ഒന്നാമത്തേത് അവരുടെ സ്ഥാനാര്‍ഥി പട്ടികയാണ്. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ പുതിയൊരധ്യായം എഴുതിച്ചേര്‍ത്ത സ്ഥാനാര്‍ഥി പട്ടികയാണ് ഇത്തവണ പുറത്തിറക്കിയത്.


മുന്നണിയുടെ തിരിച്ചുവരവിന് കളമൊരുക്കുന്ന തുറുപ്പുചീട്ടെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത് ഈ പുതുമുഖങ്ങള്‍ കൊണ്ടുവരുന്ന വോട്ടാണ്.


പരിചയസമ്ബന്നതക്കും മുതിര്‍ന്ന നേതാക്കള്‍ക്കും അര്‍ഹമായ ഇടം നല്‍കിയ പട്ടികയില്‍ പക്ഷെ തലയെടുപ്പോടെ നിന്നതു യുവ നേതാക്കളുടെയും പുതുമുഖങ്ങളുടെയും പേരുകളാണ്.


ഗ്രൂപ്പുകളുടെ നീരാളിപ്പിടുത്തത്തിലമര്‍ന്ന കേരളത്തില്‍ ഈ മാറ്റം എങ്ങനെ സംഭവിച്ചു എന്നത് സിപിഎമ്മിന്റെമാത്രമല്ല രാഷ്ട്രീയം വിശകലനം ചെയ്യുന്ന എല്ലാവരുടെയും നെറ്റിചുളുപ്പിച്ചു. ഹൈക്കമാന്ഡിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേരളത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍ തലമുറ മാറ്റത്തിന് കളമൊരുക്കിയതെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.


അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചുവരവിന് ഏറ്റവും പ്രതീക്ഷയുള്ള സംസ്ഥാനമാണ് കേരളം. ആ സാധ്യത അരക്കിട്ടുറപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും അവര്‍ നടത്തി. സ്ഥാനാര്‍ത്ഥിത്വം ഗ്രൂപ്പുകള്‍ പങ്കിട്ടെടുക്കുന്ന പതിവ് രീതി തുടര്‍ന്നാല്‍, കാലാകാലങ്ങളായി തോല്‍ക്കുന്ന നേതാക്കള്‍ വീണ്ടും മത്സരിച്ചാല്‍ ഇത്തവണ ഫലംഎന്തായിരിക്കുമെന്ന് അവര്‍ക്കു നല്ല നിശ്ചയം ഉണ്ടായിരുന്നു.


അതാണ് സര്‍വ്വേകളും നിഷ്പക്ഷ വിലയിരുത്തലുകളും, അനൗദ്യോഗിക പഠനങ്ങളുമൊക്കെയായി കേരളത്തിന്റെ ഒരു സമഗ്ര ചിത്രം പാര്‍ട്ടിയുടെദേശീയ നേതൃത്വം നേരത്തെ വരച്ചെടുത്തത്. അതിനായി വിവിധ സ്വകാര്യ സര്‍വ്വേ ഏജന്‍സികളയേയും, തിരഞ്ഞെടുപ്പ് വിദഗ്‌ധരെയും, മാധ്യമങ്ങളെയും, രാഷ്ട്രീയ നിരീക്ഷകരെയുമൊക്കെ കോണ്‍ഗ്രസ് പ്രയോജനപ്പെടുത്തി.


മുല്ലപ്പള്ളി, ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരെ ഒന്നിച്ചിരുത്തി ദേശീയനേതൃത്വം പറയാനുള്ളത് നേരെ അങ്ങ് പറഞ്ഞു. നിങ്ങളുടെ ഗ്രൂപ്പുകള്‍ പിന്തുണക്കുന്നവര്‍ക്ക്‌ വേണ്ടി സ്ഥാനാര്‍ത്ഥിത്വം നിര്‍ദേശിക്കാം. പക്ഷെ മാനദണ്ഡം വേണം, പുതുമുഖങ്ങള്‍ വരണം. ഹൈക്കമാന്റിനും ഹൈക്കമാന്റ് പ്രതിനിധികള്‍ക്കും പേരുകളില്ല. പക്ഷെ വരേണ്ട പേരുകളില്‍ അഭിപ്രായമുണ്ട്. സ്വീകാര്യമല്ലെങ്കില്‍ കേരളത്തില്‍ തന്നെ എല്ലാം തീരുമാനിക്കാം.


ഈ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ കേരള നേതൃത്വത്തിന് എതിര്‍ത്ത് നില്‍ക്കാന്‍ കെല്‍പ്പുണ്ടായില്ല. അതിന് ശേഷം സ്റ്റിയറിംഗ് സീറ്റില്‍ ഹൈക്കമാന്റ് ഇരുന്നു. കെപിസിസി മെനഞ്ഞ തന്ത്രങ്ങളും തീരുമാനങ്ങളും നടപ്പിലാക്കാനും കാര്യങ്ങള്‍ തങ്ങളുടെ വഴിക്കു നിയന്ത്രിച്ചു മുന്നോട്ടുകൊണ്ടുപോകാനും കടിഞ്ഞാണ്‍ ഹൈക്കമാന്‍ഡ് അവരുടെ കയ്യില്‍ തന്നെ വെച്ചു.


 


സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അനുദിനം നേരിട്ട് നിരീക്ഷിക്കുകയും അനിവാര്യമായ ഘട്ടങ്ങളില്‍ ഇടപെടുകയും ചെയ്ത പ്രചാരണത്തില്‍, അവരുടെ നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ നടപ്പാക്കി എല്ലാത്തിന്റെയും ചുക്കാന്‍ കയ്യിലേന്തി വിശ്വസ്തനായ ഒരാള്‍ തിരശീലക്കു പിന്നില്‍ ആദ്യന്തം നിന്നു. സംഘടനാ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രെട്ടറി കെസി വേണുഗോപാല്‍. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും ഹൈക്കമാന്റ് കൈയ് മെയ് മറന്ന് പിന്തുണച്ച തെരഞ്ഞെടുപ്പ് ആയി ഇത്തവണത്തേത്.


ഡല്‍ഹിയില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ നടന്നപ്പോള്‍ ഗ്രൂപ്പുകള്‍ക്കതീതമായി ചിലരെ തിരുകികയറ്റാന്‍ നടക്കുന്ന ശ്രമങ്ങളാണ് പട്ടിക വൈകാന്‍ കാരണമെന്ന് ചാനലുകള്‍ മത്സരിച്ചു വാര്‍ത്ത നല്‍കി. താരിഖ് അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ അതൊക്കെ നിഷേധിച്ചു. ഹൈക്കമാന്‍ഡ് ഒരു സ്ഥാനാര്‍ത്ഥിയേയും അടിച്ചേല്‍പ്പിക്കില്ലെന്നു വേണുഗോപാലും പറഞ്ഞു.


പക്ഷെ പട്ടിക വന്നപ്പോള്‍ ഞെട്ടിയത്, കോണ്‍ഗ്രസ് പാര്‍ട്ടി പഴയ വീഞ്ഞ് വീണ്ടും പുതിയ കുപ്പിയിലാക്കി കൊടുക്കുമെന്ന് കരുതിയിരുന്നവരാണ്. അതില്‍ ഗ്രൂപ്പുകള്‍ക്കതീതമായ തലമുറ മാറ്റമാണ് ഏറെ ശ്രദ്ധേയമായത്. സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തു വന്നപ്പോഴാണ് പ്രഖ്യാപനം വൈകിയതെന്നു വിമര്‍ശകര്‍ക്ക്പോലും മനസിലായത്.


മുഖം മിനുക്കലല്ല മേജര്‍ സര്‍ജറി തന്നെ നടത്തിയിരിക്കുന്നു. പലതവണ തോറ്റവരെ ഒഴിവാക്കി പുതുതലമുറക്ക് വഴിയൊരുക്കാന്‍, ഗ്രൂപ്പ് നേതാക്കളെ വിജയത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്താന്‍ ഹൈക്കമാന്‍ഡിനു ചെറുതല്ലാത്ത പ്രയത്‌നം വേണ്ടിവന്നു. രാഹുല്‍ ഗാന്ധിയുടെ നിലപാടുകളാണ് ഏറ്റവും നിര്‍ണായകമായത്.


വിജയം മാത്രം ലക്‌ഷ്യം വെച്ചുള്ള, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടെടുക്കാന്‍ പ്രാഗത്ഭ്യമുള്ളവര്‍ തയ്യാറാക്കിയ, മികച്ച സ്ഥാനാര്‍ത്ഥികളുടെ സന്തുലിതമായ പട്ടികയെന്ന് എല്ലാവരും വിധിയെഴുതി.


55 ശതമാനം പുതുമുഖങ്ങള്‍ വന്നിട്ടും, ലതികാ സുഭാഷിന്റേത് പോലെയുള്ള ചില പരസ്യ പ്രതിഷേധങ്ങള്‍ ഒഴിച്ചാല്‍ കാര്യമായ അപസ്വരങ്ങള്‍ ഉണ്ടായില്ല. അതിന്റെ രസതന്ത്രം തിരഞ്ഞവര്‍ ഒരുകാര്യം മനസ്സിലാക്കി, ഗ്രൂപ്പുകള്‍ക്ക് കൂടി അഭിമതരായ പ്രവര്‍ത്തകരെയാണ് ദേശീയ നേതൃത്വം പരിഗണിച്ചത്.


തന്നെയുമല്ല കേരളത്തില്‍ നിന്നും ഡല്‍ഹിക്കയച്ച കെപിസിസി തയ്യാറാക്കിയ സാധ്യത പട്ടികയില്‍ ഉണ്ടായിരുന്ന പേരുകളാണ് അന്തിമ പട്ടികയില്‍ ഉള്‍പെട്ടതും. പിന്നെങ്ങനെ സംസ്ഥാനത്തെ ഗ്രൂപ്പുകള്‍ക് പട്ടികയെ എതിര്‍ക്കാന്‍ കഴിയും ? മിക്കവരും താഴെ തട്ടിലുള്ള സാധാരണ കുടുംബ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികള്‍. തൊഴിലുറപ്പു തൊഴിലാളിയുടെ മകന്‍ അനൂപും ക്ഷീരകര്‍ഷക അരിതാ ബാബുവും മത്സ്യത്തൊഴിലാളി ശോഭസുബിനുമെല്ലാം പട്ടികയ്ക്ക് മാറ്റ് കൂട്ടി.


നേതാക്കളെയല്ല, ജയസാധ്യതയുള്ള പ്രവര്‍ത്തകരെയാണ് പാര്‍ട്ടിമുഖ്യമായും പരിഗണിച്ചത് എന്ന സത്യം പാര്‍ട്ടിയുടെ താഴെ തട്ടില്‍ പണിയെടുക്കുന്ന പ്രവര്‍ത്തകരെ ആവേശംകൊള്ളിച്ചു. ലിസ്റ്റ് ഇറങ്ങിയതോടെ പടലപ്പിണക്കങ്ങളും ഗ്രൂപ്പ് പോരും മാറ്റി നേതാക്കളും അണികളും ഒന്നുപോലെ രംഗത്തിറങ്ങി. ഈ ഐക്യമാണ് മുന്നണിയുടെ വിജയമുറപ്പാക്കുന്ന അടിസ്ഥാന ഘടകമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.


ഇവിടെയോ ഡെല്‍ഹിയിലോ ഇത്തവണ കാര്യമായ തര്‍ക്കങ്ങള്‍ ഉണ്ടായില്ല. രണ്ടു മാസം മുന്‍പേ തന്നെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട് അടക്കമുള്ള ഹൈക്കമാന്‍ഡിന്റെ പ്രത്യേക പ്രതിനിധികള്‍ കേരളത്തില്‍ വന്നു. തിരഞ്ഞെടുപ്പിന് പാര്‍ട്ടി തലത്തില്‍ വേണ്ട മുന്നൊരുക്കങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു.


ഇലക്ഷന് മുന്‍പ് സംഘടനയെ സജ്ജമാക്കാന്‍ 'പുറപ്പെടാ ശാന്തിക്കാരായ' മൂന്നു എഐസിസി സെക്രട്ടറിമാരെ മാസങ്ങള്‍ക്കു മുന്‍പേ നിയോഗിച്ചു . സംസ്ഥാനത്തെ മൂന്നു മേഖലകളായി തിരിച്ചു അവര്‍ക്കു ചുമതല നല്‍കി. ഓരോ ദിവസവും ഇവരുടെ പ്രവര്‍ത്തനം ഹൈക്കമാന്‍ഡ് വിലയിരുത്തുന്നുമുണ്ടായിരുന്നു.


 


സംഘടനാ ചുമതലയുള്ള വേണുഗോപാല്‍ തന്നെ എഐസിസി സെക്രെട്ടറിമാരെ കൂടി പങ്കെടുപ്പിച്ചു തിരഞ്ഞെടുപ്പ് ചുമതലക്കാരുടെ യോഗങ്ങള്‍ സംസ്ഥാനത്തു വിളിച്ചു ചേര്‍ത്തു. വിജയത്തില്‍കുറച്ചൊന്നും പാര്‍ട്ടിപ്രതീക്ഷിക്കുന്നില്ലെന്ന സോണിയയുടെ സന്ദേശം വേണുഗോപാല്‍ നിരന്തരം ഓര്‍മപ്പെടുത്തി. വിജയം നേടാന്‍ ദേശീയ നേതൃത്വത്തിന്റെ എന്ത് സഹായമാണ് വേണ്ടതെന്നതായിരുന്നു രാഹുലിന്റെ ചോദ്യം.


മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമായി കൂടിയാലോചിച്ചു ഓരോ കെപിസിസി സെക്രട്ടറിക്കും ഓരോനിയമസഭാ മണ്ഡലത്തിന്റെയും ചുമതല നല്‍കി. ജില്ലകള്‍ക്ക് കെ പി സി സി ജനറല്‍ സെക്രട്ടറിമാരുംപഞ്ചായത്തുകള്‍ക്ക് ഡിസിസി ഭാരവാഹികളും ചുമതലക്കാരായി വന്നു.


ഇതിനെല്ലാം പുറമെ കേരളത്തിന് പുറത്തുനിന്നും സീനിയര്‍ നേതാക്കള്‍ അസ്സെംബ്ലി മണ്ഡലങ്ങളുടെ ചുമതലക്കാരായി. ശശി തരൂരിന്റെ പ്രാഗല്ഭ്യവും വിശ്വാസ്യതയും പ്രകടന പത്രിക രൂപീകരണത്തില്‍ പാര്‍ട്ടി മുതലാക്കി. ഉമ്മന്‍ചാണ്ടിയെ പ്രചാരണസമിതി ചെയര്‍മാനാക്കി ഐക്യം ബലപ്പെടുത്തി.


മുല്ലപ്പള്ളി തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പ്രചാരണത്തിനായി മുഴുവന്‍ സമയം മാറ്റിവെച്ചു. ശാരീരിക അവശതകള്‍ മറന്നു ഉമ്മന്‍ ചാണ്ടിയും മറ്റു ജില്ലകളില്‍ പ്രചാരണത്തിനെത്തി. സ്പ്രിങ്ക്ലെര്‍, ആഴക്കടല്‍ കരാര്‍, ഊര്‍ജ്ജ മേഖലയിലെ വഴിവിട്ട കരാര്‍, അനധികൃത നിയമനങ്ങള്‍ എന്നിങ്ങനെ രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന അഴിമതികളും തിരഞ്ഞെടുപ്പിന്റെ അജണ്ട നിശ്ചയിച്ചു.


 


ചെന്നിത്തല ഒട്ടുമിക്ക മണ്ഡലങ്ങളിലും ഓടിയെത്തി. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സച്ചിന്‍ പൈലറ്റും പിചിദംബരവും സല്‍മാന്‍ ഖുര്‍ഷിദും രണ്‍ദീപ് സുര്‍ജേവാലയും അടക്കമുള്ള താര പ്രചാരകര്‍ കേരളത്തിലെത്തി. പക്ഷെ കേരളത്തിലെ തിരഞ്ഞെടുപ്പ് അജണ്ട മാറ്റിമറിച്ചത് എകെ ആന്‍്റണിയുടെ വരവാണ്.


കോവിഡ്നിയന്ത്രണങ്ങള്‍ക്കിടെ കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തില്‍ വരാതിരുന്ന എകെ ആന്റണി തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുന്‍പാണ് കേരളത്തിലെത്തിയത്. എല്‍ഡിഎഫിന്റെ തുടര്‍ഭരണം വന്നാല്‍ കേരളത്തിലുണ്ടാകാന്‍ പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും എന്തിനുവേണ്ടിയാണ് ഈ തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണത്തിനു വേണ്ടി ജനം വോട്ട് ചെയ്യേണ്ടതെന്നും എകെ ആന്റണി പത്രസമ്മേളങ്ങളില്‍ ചോദിച്ചു. ആ ചോദ്യങ്ങളില്‍ ചുറ്റി പിണഞ്ഞാണ് പിന്നെ കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മുന്നോട്ടു പോയത്.


പക്ഷെ മുഖ്യമന്ത്രി പിണറായി നിര്‍മിച്ച തിരഞ്ഞെടുപ്പ് പദ്ധതികളത്രയും തകിടം മറിഞ്ഞത് രാഹുലിന്റെയുംപ്രിയങ്കയുടെയും വരവോടെയാണ്. മുന്‍കാലത്തൊന്നും കാണാത്തവിധം രാഹുല്‍ ഗാന്ധി കേരളത്തില്‍പത്തുദിവസത്തോളം പ്രചാരണം നടത്തി. നാട്ടിടവഴികള്‍ പോലും ഇളക്കി മറിച്ച റോഡ് ഷോകള്‍, യോഗങ്ങള്‍, കൂടിക്കാഴ്ചകള്‍ അങ്ങനെ കേരളത്തിന്റെ ഹൃദയത്തില്‍ തൊട്ടു രാഹുല്‍ നടത്തിയ യാത്രകളില്‍സ്ഥാനാര്‍ഥികളെയും ഒപ്പം കൂട്ടി.


ഇവര്‍ക്കും നിങ്ങള്‍ക്കുമൊപ്പം ഞാന്‍ എന്നുമുണ്ടാകും എന്ന് നാട്ടുകാര്‍ക്ക് വാക്കുകൊടുത്തു. രാജ്യത്തെ ജനാധിപത്യത്തെ കൊല്ലാക്കൊല ചെയ്യുന്ന മോദിയുടെ വിഭജന രാഷ്ട്രീയവും പിണറായിയുടെ അഴിമതി ഭരണവും രാഹുല്‍ തുറന്നു കാട്ടി. പ്രിയങ്കയും രണ്ടു ദിവസത്തെ പര്യടനത്തിനിടെകേരളത്തെ ഇളക്കിമറിച്ചു. അവര്‍ പങ്കെടുത്ത യോഗങ്ങളില്‍ കണ്ട അഭൂതപൂര്‍വമായ ജനക്കൂട്ടം യുഡിഎഫ്ക്യാമ്ബിന് നല്‍കിയ ആവേശം ചെറുതല്ല.


മുതിര്‍ന്ന നേതാക്കളെ ജില്ലാ പര്യടനങ്ങള്‍ക്ക് വിട്ട് വേണുഗോപാലിനെകൂടെ കൂടിയായിരുന്നു ഇരു നേതാക്കളുടെയും കേരള പര്യടനം. രാഹുലിന്റെ വരവോടെ പ്രചാരണ രംഗത്ത് യുഡിഎഫ് ഏകപക്ഷീയമായ മുന്നേറ്റമായിരുന്നു. രാഹുലും പ്രിയങ്കയും ചേര്‍ന്ന് സൃഷ്‌ടിച്ച പ്രകമ്ബനകളുടെ അലകള്‍തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കേരളത്തിലെ രാഷ്ട്രീയ ഭൂമികയില്‍ നിന്നും വിട്ടുപോയില്ല.


ഈ തിരഞ്ഞെടുപ്പ് കാലത്തു യുഡിഎഫിനെ മുന്നില്‍ നിന്ന് നയിക്കാന്‍ എല്ലാവരുമുണ്ടായി. എന്നാല്‍ പിന്നണിയില്‍, മുന്നണിയുടെ നെടുംതൂണായ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും മാധ്യമങ്ങളുടെ അജണ്ടകള്‍ക്കു പിറകെ പോകാതെ ചിട്ടയോടെ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കാനും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ച ഒരു ടീം കേരളത്തില്‍ സജീവമായിരുന്നു.


ഹൈക്കമാന്‍ഡിനു വേണ്ടി സംഘടന ചുമതല വഹിക്കുന്ന കെസി വേണുഗോപാല്‍ ഒരു മാസത്തോളം സ്വന്തം സംസ്ഥാനത്തു തങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളും മേല്‍നോട്ടവും നല്‍കി. എഐസിസി സെക്രട്ടറിമാരായ പിവിശ്വനാഥന്‍, ഐവാന്‍ ഡിസൂസ, പിവി മോഹന്‍ എന്നിവര്‍ മൂന്നുമാസം കേരളത്തിലുണ്ടായിരുന്നു. ബൂത്തുയോഗങ്ങള്‍ തുടങ്ങി സ്ഥാനാര്‍ഥി പര്യടനങ്ങളില്‍ വരെ അവരുടെ സജീവ നേതൃത്വം ദൃശ്യമായിരുന്നു.


മാധ്യമങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും നിയമ സഹായങ്ങള്‍ക്കുമായി പവന്‍ ഖേരയുടെ നേതൃത്വത്തില്‍ ഒരു ടീം ആഴ്ചകളോളം പാര്‍ട്ടി ആസ്ഥാനത്തുണ്ടായിരുന്നു. നവമാധ്യമങ്ങളെ ഏകോപിപ്പിക്കാനും ഡിജിറ്റല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്കുമായി എഐസിസിയുടെ സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതലവഹിക്കുന്ന രോഹന്‍ ഗുപ്തയും കോര്‍ഡിനേറ്റര്‍മാരായ മലയാളികളായ മാത്യു ആന്റണിയും അനില്‍ ആന്റണിയും സജീവമായിരുന്നു.


വിവിധ മണ്ഡലങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള എംഎല്‍എമാരും എംപിമാരും പാര്‍ട്ടി നേതാക്കളും നിരീക്ഷകരായെത്തി. വിവിധ ജില്ലകളില്‍ പ്രചാരണത്തിനായി എഐസിസിയിലെ തലമുതിര്‍ന്ന നേതാക്കന്മാരും പുതുതലമുറയിലെ പ്രമുഖരും ഒന്നിച്ചെത്തി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിവി ശ്രീനിവാസ് യുവനേതാക്കള്‍ മത്സരിച്ച മിക്ക മണ്ഡലങ്ങളിലുമെത്തി പ്രചാരണത്തില്‍ സജീവമായി. രാഹുലിന്റെയും പ്രിയങ്കയുടെയും പരിപാടികള്‍ക്കായി എഐസിസിയിലെ പ്രധാന ചുമതലക്കാരും കേരളത്തിലെത്തി ക്യാമ്ബ് ചെയ്തു.


ആളും അര്‍ത്ഥവുമായി തിരഞ്ഞെടുപ്പ് രംഗത്ത് പ്രത്യക്ഷമായും അല്ലാതെയും നിറഞ്ഞു നിന്ന ഹൈക്കമാന്‍ഡ് തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. അതിനു പ്രചോദനമായത് പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന ഹൈക്കമാന്‍ഡിന്റെ കാര്‍ക്കശ്യവും. ഇത് വിജയിച്ചാല്‍ കോണ്‍ഗ്രസിനു രാജ്യവ്യാപകമായ മുന്നേറ്റമാകും. ജനക്കൂട്ടത്തെ ആകര്‍ഷിക്കാനും തെരഞ്ഞെടുപ്പ് അജണ്ട മാറ്റി മറിക്കാനുമുള്ള രാഹുലിന്റെ പ്രാഗല്‍ഭ്യം ഏറ്റവും തെളിഞ്ഞു കണ്ടതും ഇവിടെത്തന്നെ.

No comments