ഈ ജില്ല പിടിക്കാന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് ഭരണം കിട്ടിയേക്കും..!! ചരിത്രം പറയുന്നതും അങ്ങനെ തന്നെ..
തിരുവനന്തപുരം : കൂട്ടലും കിഴിക്കലും കഴിഞ്ഞ് ഒടുവില്‍ കിട്ടിയ ഉത്തരം ശരിയാണോ എന്നറിയാന്‍ പെട്ടിപൊട്ടിക്കുന്നതും കാത്തിരിക്കുകയാണ് ജില്ലയിലെ മുന്നണികള്‍. ആശയ്ക്കും ആശങ്കയ്ക്കുമിടയില്‍ ആടുന്ന പെന്‍ഡുലം പോലെ വിജയ പരാജയങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം പ്രവചനാതീതമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്. വിജയിയാരെന്ന് പ്രവചിക്കാനോ, അമിത പ്രതീക്ഷ പുലര്‍ത്താനോ കഴിയാത്ത അവസ്ഥയിലാണ് പാര്‍ട്ടി നേതൃത്വങ്ങളും അണികളും.
ജില്ലയിലെ 14 മണ്ഡലങ്ങളില്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കടുത്ത മത്സരമാണ് നടന്നത്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി പ്രചാരണത്തില്‍ മുന്നേറിയ ഇടതുമുന്നണിക്ക് വെല്ലുവിളിയായത് യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പട്ടികയാണ്.
സ്ഥിരം മുഖങ്ങളെ മാറ്റി യുവാക്കളെയും പുതുമുഖങ്ങളെയും യു.ഡി.എഫ് രംഗത്തിറക്കിയതോടെ മിക്ക മണ്ഡലങ്ങളിലും മത്സരം കടുത്തു. എന്‍.ഡി.എ യുടെ ഏക സീറ്റായ നേമത്ത് മൂന്ന് പ്രബലന്മാര്‍ രംഗത്തിറങ്ങിയതോടെ ഇഞ്ചോടിഞ്ച് പോരാട്ടമായി. കഴക്കൂട്ടത്തും ത്രികോണ മത്സരം നടന്നു. ആറ്റിങ്ങല്‍, ചിറയിന്‍കീഴ് , നെയ്യാറ്റിന്‍കര, കഴക്കൂട്ടം എന്നീ മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനും, കോവളം, അരുവിക്കര, തിരുവനന്തപുരം എന്നീ മണ്ഡലങ്ങള്‍ യു.ഡി.എഫിനും ഒപ്പമായിരിക്കുമെന്നാണ് ഇരുമുന്നണികളും ഉറച്ചു വിശ്വസിക്കുന്നത്. ശേഷിക്കുന്ന മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന് മൂന്ന് മുന്നണികളും കരുതുന്നു.
ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലം ആര്‍ക്ക് അനുകൂലമാകും എന്നതനുസരിച്ചാണ് സംസ്ഥാനം ആര് ഭരിക്കുമെന്ന് മുന്‍കാലങ്ങളില്‍ തീരുമാനിച്ചിരുന്നത്. ഇക്കുറി ഈ രീതി മാറുമോ എന്നാണ് ഇനി അറിയാനുള്ളത്.

No comments