മുല്ലപ്പള്ളിയ്ക്കെതിരെ കോണ്‍ഗ്രസില്‍ പടനീക്കം..!! പുതിയ കെപിസിസി അധ്യക്ഷനാകുന്നത് മുരളിയോ സുധാകരനോ..?? സാധ്യത..
തിരുവനന്തപുരം - മിന്നും ഭൂരിപക്ഷവുമായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ ഭരണതുടര്‍ച്ച നേടിയപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത് പ്രതിപക്ഷമാണ്. യുവ നേതാക്കള്‍ അടക്കം കെപിസിസി അധ്യക്ഷന്‍ മാറണമെന്ന നിര്‍ദ്ദേശങ്ങള്‍ ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്. അതിനിടെ പ്രതിപക്ഷ നേതാവ് സ്ഥാനവും മാറണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. തിരിച്ചടിക്ക് കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സംഘടനാ ദൗര്‍ബല്യമാണ് എന്നാണ് വിലയിരുത്തല്‍. നേതൃമാറ്റം എന്ന ആവശ്യം ഈ സാഹചര്യത്തിലാണ് ശക്തമാകുന്നത്.
മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഹൈക്കമാന്റ് പറയുന്ന പക്ഷം താന്‍ സ്ഥാനം രാജി വയ്ക്കുമെന്ന നിലപാടാണ് മുല്ലപ്പള്ളിയുടേത്.
പാര്‍ട്ടിക്കുള്ളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ക്കെ കലാപക്കൊടി ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ ഇത് രൂക്ഷമാകുമോ എന്നാണ് ഇനി അറിയേണ്ടത്.
ഹൈബി ഈഡന്‍ എംപി തന്നെയാണ് ഇത്തരത്തില്‍ ഒരു ഉറക്കംതൂങ്ങി പ്രസിഡന്റിനെ ആവശ്യമുണ്ടോ എന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ഇട്ട് ഇതിന് ചുക്കാന്‍ പിടിച്ചത്. വിവിധ നേതാക്കളും പിന്നാലെ നിലപാടുകളുമായി രംഗത്തുവന്നു. സമൂലമായ അഴിച്ചുപണി അനിവാര്യമെന്ന് എ വിഭാഗം നേതാവ് കെ സി ജോസഫും ആത്മാര്‍ത്ഥതയുള്ള തെറ്റുതിരുത്തലുകളാണ് വേണ്ടത് എന്ന് പി സി വിഷ്ണുനാഥും പ്രതികരിച്ചു. ഇതോടെ വിമര്‍ശനങ്ങള്‍ക്ക് ഗ്രൂപ്പ് അടിസ്ഥാനമില്ലെന്ന പ്രതികരണവും ഉയര്‍ന്നിട്ടുണ്ട്.
ശക്തനായ ഒരു നേതാവിനെ തന്നെ മുല്ലപ്പള്ളി സ്ഥാനത്ത് നിന്നും മാറിയാല്‍ പാര്‍ട്ടിയുടെ തലപ്പത്തേക്ക് എത്തിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ശ്രമം നടക്കുന്നത് വര്‍ക്കിങ്ങ് പ്രസിഡന്റ് കെ സുധാകരനെ രംഗത്തിറക്കാനാണ്. ഇതിനോടകം തന്നെ വിവിധ ഗ്രൂപ്പുകളില്‍പെട്ട ഒട്ടേറെ നേതാക്കള്‍ കെ. സുധാകരനുമായി ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കെ സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത് തൊണ്ണൂറുകളില്‍ കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഒന്നിച്ചു നിന്നിരുന്ന എ - ഐ വിഭാഗങ്ങളെ തോല്‍പ്പിച്ചാണ്. ഇത് വലിയ പ്രതീക്ഷയാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്.
കെ മുരളീധരനാണ് കെ സുധാകരന് പുറമെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തിന് സാധ്യത കല്‍പ്പിക്കുന്ന മറ്റൊരു നേതാവ്. പാര്‍ട്ടി അധ്യക്ഷന്റെ നിലപാടുകളോട് വിയോജിപ്പുള്ള മറ്റൊരു നേതാവാണ് കെ മുരളീധരനും. കെപിസിസി നേതൃത്വത്തിന് നേരെ
നേമത്തെ കനത്ത തോല്‍വിക്ക് പ്രാദേശിക നേതാക്കളും രംഗത്തുവന്നിരുന്നു. താര സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ എത്തിച്ച മുരളീധരന് പിന്നീട് പാര്‍ട്ടി നേതൃത്വത്തിന്റെ പിന്തുണ ലഭിച്ചില്ലെന്നും ആരോപണം ഉണ്ട്. ഒരിടത്തുപോലും പ്രംസഗിക്കുവാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എത്തിയില്ലെന്നും ആരോപിക്കുന്നുണ്ട്. അതിന് പുറമെ, ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന്റെ തന്നെ ചില മുതിര്‍ന്ന നേതാക്കള്‍ അപവാദ പ്രചരണങ്ങള്‍ നടത്തിയതായും എന്നിട്ടും കെപിസിസി ഇടപെട്ടില്ലെന്നും പ്രാദേശിക നേതാവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

No comments