Breaking News

തുടര്‍ച്ചയായ രാജികള്‍: ലക്ഷദ്വീപില്‍ ബി.ജെ.പി മരണത്തിലേക്ക്​; ആകെയുള്ള 125 വോട്ടും ഓര്‍മയാകും..


 കൊച്ചി: ഓഫറുകള്‍ നല്‍കി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ബി.ജെ.പിക്ക് ലക്ഷദ്വീപില്‍ നേരിടേണ്ടിവരുന്നത് വന്‍ തിരിച്ചടി. ആയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ കേസ് നല്‍കിയതിനും അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങളിലെ പാര്‍ട്ടി നിലപാടിലും പ്രതിഷേധിച്ച്‌ കൂട്ടമായി ലക്ഷദ്വീപിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ രാജിവെക്കുകയാണ്.


ഇതിനിടെ, ദ്വീപിലെ നേതാക്കളും പ്രഭാരി എ.പി. അബ്​ദുല്ലക്കുട്ടിയും തമ്മി​െല വാട്സ്​ആപ്പ് ശബ്​ദസന്ദേശങ്ങള്‍ വീണ്ടും പുറത്തായി. കേസ് നല്‍കിയതിനെതിരെ ശക്തമായ പ്രതികരണമാണ് പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നത്. ചെത്തുലത്ത് ദ്വീപിലെ ഭൂരിഭാഗം പ്രവര്‍ത്തകരും രാജിവെച്ചതിന് പിന്നാലെ 2014ലെ പാര്‍ലമെന്‍റ് സ്ഥാനാര്‍ഥിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം.പി.സെയ്തുമുഹമ്മദ് കോയയും രാജിവെച്ചു.


ബിത്ര ദ്വീപിലെ പാര്‍ട്ടിയുടെ ഏക അംഗവും ദ്വീപ് പ്രസിഡന്‍റുമായ ഇഷാഖ് ഹമീദ് ഉടന്‍ രാജിവെക്കുമെന്ന നിലപാടിലാണ്. യൂനിറ്റില്ലെങ്കിലും ബിത്ര ദ്വീപില്‍ ഇദ്ദേഹത്തിന് പ്രസിഡന്‍റ് പദവിയുണ്ടെന്നതാണ് രസകരം.വിവിധ ബോര്‍ഡുകളില്‍ അംഗങ്ങളാകാനുള്ള പദവിയടക്കം വാഗ്ദാനം ചെയ്താണ് ബി.ജെ.പി പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ആയിഷ സുല്‍ത്താനയുടെ സ്വദേശംകൂടിയായ ചെത്തുലത്തില്‍ ഇനി അവശേഷിക്കുന്നത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും മാത്രമാണെന്ന് രാജിവെച്ച സംസ്ഥാന സെക്രട്ടറി അബ്​ദുല്‍ ഹമീദ്  പറഞ്ഞു. ബാക്കിയുള്ള ചുരുക്കം പ്രവര്‍ത്തകരും രാജിയിലേക്ക് നീങ്ങുന്നതോടെ 2019 പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ലഭിച്ച 0.27 ശതമാനം വോട്ടും ഓര്‍മയാകും. തെരഞ്ഞെടുപ്പില്‍ 125 വോട്ട് മാത്രമായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന അബ്​ദുല്‍ഖാദര്‍ ഹാജിക്ക് കിട്ടിയത്. വന്‍കരയില്‍നിന്നെത്തി ദ്വീപില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വോട്ടുകള്‍ ഉള്‍പ്പെടെയായിരുന്നു ഇത്. എന്‍.സി.പി സ്ഥാനാര്‍ഥിയായി ജയിച്ച മുഹമ്മദ് ഫൈസലിന് 22,851 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹംദുല്ല സെയ്തിന് 22,028 വോട്ടുമായിരുന്നു ലഭിച്ചത്.


കഴിഞ്ഞ ദിവസം ആയിഷ സുല്‍ത്താന​െക്കതിരെ നടന്ന ബി.ജെ.പിയുടെ പ്ലക്കാര്‍ഡ് കാമ്ബയിനിലടക്കം വളരെ കുറച്ച്‌ ആളുകള്‍ മാത്രമാണ് പങ്കെടുത്തത്. കവരത്തി, അമിനി, കടമത്ത്, അഗത്തി ദ്വീപുകളില്‍ പത്തില്‍ താഴെ പ്രവര്‍ത്തകര്‍ മാത്ര​േമ ഉള്ളൂവെന്ന് രാജിവെച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നു. അവരും ഉടന്‍ രാജിവെക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. യോഗങ്ങള്‍ നടത്തുകയോ തീരുമാനങ്ങള്‍ കൂട്ടമായി കൈക്കൊള്ളുകയോ െചയ്യുന്ന രീതി ബി.ജെ.പിയില്‍ ഉണ്ടായിട്ടില്ല. സ്ഥാനങ്ങള്‍ ആഗ്രഹിച്ച്‌ വരുന്നവര്‍ മാത്രമാണ് ബി.ജെ.പിയില്‍ ഉണ്ടായിരുന്നതെന്നും അവര്‍ വ്യക്തമാക്കി.

No comments