Breaking News

യുപി ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ ; 21 ഇടത്ത് ബിജെപിക്ക് വോട്ടെടുക്കാതെ ജയം ; പത്രിക പിന്‍വലിപ്പിക്കാന്‍ ഭീഷണിയും വിരട്ടലും വരെയെന്ന് ആക്ഷേപം..

 


ലക്‌നൗ: ഉത്തര്‍പ്രദേശ് സില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ പോസ്റ്റ് തെരഞ്ഞെടുപ്പില്‍ 22 ജില്ലാ പഞ്ചായത്തുകളില്‍ ബിജെപിയുടെ 21 സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ. വിജയിക്കാന്‍ കയ്യേറ്റവും ഭീ ഷണിയും പണമൊഴുക്കും ഉള്‍പ്പെടെയുള്ള തന്ത്രങ്ങള്‍ ആരോപിക്കപ്പെടുന്നതിനിടയില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഒരാളും തെരഞ്ഞെടുക്കപ്പെട്ടു.


അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ തെരഞ്ഞെടുപ്പ് രണ്ടു പാര്‍ട്ടികളും അഭിമാനമായി എടുത്തിരിക്കുകയാണ്. എതിര്‍പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സര്‍വ തന്ത്രങ്ങളും ഇരു പാര്‍ട്ടികളും പരീക്ഷിച്ചിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.


എതിര്‍ സ്ഥാനാര്‍ത്ഥിയെ വിരട്ടല്‍, കയ്യേറ്റം, പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്നും തടയല്‍, ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കല്‍, ഓഫീസ് സംവിധാനത്തെ ദുരുപയോഗം ചെയ്യല്‍, തുടങ്ങിയ തന്ത്രങ്ങളെല്ലാം ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയും പ്രയോഗിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.


ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കുള്ള ബാക്കി 53 ജില്ലകളിലെ തെരഞ്ഞെടുപ്പും വോട്ടെണ്ണലും ജൂലൈ 3 നാണ് നടക്കുന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ചൊവ്വാഴ്ച ആയിരുന്നു. സഹാരന്‍പൂര്‍, ബാഹ്‌റിച്ച്‌, ചിത്രകൂട്, ആഗ്ര, ഗൗതം ബുദ്ധ നഗര്‍, മീററ്റ്, ഗസിയാബാദ്, ബുലന്ദ് ഷെഹര്‍, അമോറ, മൊറാദാബാദ്, ലളിത്പൂര്‍, ജാന്‍സി, ബന്ദ, ശ്രാവസ്തി, ബല്‍റാംപൂര്‍, ഗോണ്ട, ഗൊരഖ്പൂര്‍, മാവു, വാരണാസില്‍ പിലിഭട്ട്, ഷാജഹാന്‍പൂര്‍ എന്നിവിടങ്ങളിലാണ് എതിരില്ലാതെ ബിജെപിക്കാര്‍ ജയിച്ചത്.


എറ്റാവ മാത്രമാണ് എതിരാളികളില്ലാതെ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജയിച്ചത്. പിലിഭിത്തില്‍ ഏക സ്ഥാനാര്‍ത്ഥിയായി ജയിക്കാന്‍ ബിജെപിയുടെ ദല്‍ജിത്ത് കൗറിന് വേണ്ടി സമാജ്‌വാദി പാര്‍ട്ടിയുടെ സ്വാമി പ്രവര്‍ത്തകാനന്ദ് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു കൊടുത്തു. ബിജെപിയില്‍ നിന്നും എതിര്‍പ്പ് നേരിട്ടയാളാണ് പ്രവര്‍ത്തകാനന്ദ്. ഭഗ്പഥില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍ നോമിനേഷന്‍ പിന്‍വലിച്ചത് രാഷ്ട്രീയ ലോക്ദള്‍ പാര്‍ട്ടിയുടെ വനിതാ സ്ഥാനാര്‍ത്ഥി ആയിരുന്നു. എന്നാല്‍ ഇവിടുത്തെ ഫലം പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കിയിട്ടില്ല. ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപ്പോട്ട് തേടിയിരിക്കുകയാണ്.


ഗൊരഖ്പൂരില്‍ യുപി മുന്‍ മുഖ്യമന്ത്രി വിര്‍ ബഹാദുര്‍ സിംഗിന്റെ മരുമകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജയിച്ച എംഎല്‍എ ഫത്തേബഹാദൂര്‍ സിംഗിന്റെ ഭാര്യയുമായ സാധനാ സിംഗിനും എതിരാളികള്‍ ഇല്ലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവിടുത്തെ ഫലവും പിടിച്ചു വെച്ചിരിക്കുകയാണ്.


ഷഹാരന്‍പൂരിലും ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എസ്പി ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് മമതായാദവാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലഖിംപൂര്‍ ഖേരിയില്‍ വിജയം ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയും അവകാശപ്പെട്ടതിനെ തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു. ബെറെയ്‌ലിയിലും എസ്പി ബിജെപി പൊരിഞ്ഞ പോര് ഉറപ്പായി. ഇവിടെ എസ്പിയ്ക്ക് 26 ജില്ലാ പഞ്ചായത്ത് അംഗങ്ങളുണ്ട്. ബിശജപിയ്ക്ക് 14 പേരും. ബദാവൂനില്‍ എസ്പിയും ബിജെപിയുമാണ് ഏറ്റുമുട്ടുന്നതെങ്കിലും എസ്പിയുടെ ജില്ലാ തലവന്റെ മകള്‍ ഐശ്വര്യ യാദവ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ പത്രിക പിന്‍വലിച്ചു.


പ്രയാഗ് രാജില്‍ സമാജ് വാദി പാര്‍ട്ടിയുടെ എംഎല്‍സി മാന്‍സിംഗ് യാദവിന്റെ കാറില്‍ നിന്നും 40 ലക്ഷം പോലീസ് പിടിച്ചെടുത്തത് തിരിച്ചടിയായിട്ടുണ്ട്. പഞ്ചായത്ത് മെമ്ബര്‍മാര്‍ക്ക് കൊടുക്കാന്‍ കൊണ്ടുവന്നതാണെന്നാണ് ആരോപണം എന്നാല്‍ ബിസിനസ് ആവശ്യത്തിന് കൊണ്ടുവന്നതാണെന്നാണ് എംഎല്‍സി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

No comments