പാര്‍ട്ടിക്ക് സിഖ് മുഖമില്ല; പഞ്ചാബ് തെരഞ്ഞെടുപ്പ് നേരിടാന്‍ നേതാക്കളെ തിരഞ്ഞ് ബി.ജെ.പി
25 വര്‍ഷത്തിനുശേഷം ആദ്യമായാണ് പഞ്ചാബ് പിടിക്കാന്‍ ബി.ജെ.പിയുടെ ഒറ്റക്കുള്ള നീക്കം. സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദള്‍ എന്‍.ഡി.എ വിട്ടതോടെയാണ് പ്രതിസന്ധി.
കേന്ദ്രസര്‍ക്കാറിെന്റ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ബി.ജെ.പിക്ക് ഏറ്റവും തലവേദന സൃഷ്ടിക്കുന്ന സംസ്ഥാനമാകും പഞ്ചാബ്. കൂടാതെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍.ഡി.എ വിട്ടതും ബി.ജെ.പിക്ക് തിരിച്ചടിയാകും.
ശിരോമണി അകാലിദളും ബി.ജെ.പിയും തമ്മിലുള്ള 23 വര്‍ഷത്തെ കൂട്ടുക്കെട്ടിനാണ് സെപ്തംബറില്‍ അവസാനമായത്. 1997 മുതല്‍ ഒരുമിച്ചായിരുന്നു ഇരുവരുടെയും മത്സരം.
പഞ്ചാബിലെ 117 സീറ്റിലും ബി.ജെ.പി മത്സര രംഗത്തിറങ്ങുമെന്നാണ് വിവരം. എന്നാല്‍, മണ്ഡലാടിസ്ഥാനത്തില്‍ സിഖ് നേതാക്കളെ അണിനിരത്താന്‍ ബി.ജെ.പിക്ക് കഴിയാറില്ല.
കോണ്‍ഗ്രസിെന്റ മുഖ്യമന്ത്രി കൂടിയായ അമരീന്ദര്‍ സിങ്ങിനോടും ശിരോമണി അകാലിദളിന്റ പ്രകാശ് സിങ് ബാദലിനോടും ഏറ്റുമുട്ടാനൊരു സിഖ് നേതാവിനെ ബി.ജെ.പിക്ക് ഇതുവരെ പഞ്ചാബില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇത് തിരിച്ചടിയാകുമെന്നാണ് കേന്ദ്രനേതൃത്വത്തിെന്റ കണക്കുകൂട്ടല്‍.
പ്രതിസന്ധി നേരിടുന്നതിനാല്‍ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളെ തെരഞ്ഞെടുപ്പ് നേരിടുന്നതിന് മുന്നോടിയായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഒരോ മണ്ഡലത്തിലും പ്രതിജ്ഞാബദ്ധരായ 300-400 പാര്‍ട്ടിക്കാരെ തിരിച്ചറിയാനും പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന സിഖ് നേതാക്കളെ അന്വേഷിക്കാനും പ്രാദേശിക ബി.ജെ.പി നേതാക്കള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കിയതായാണ് വിവരം.
ജൂണ്‍ 16ന് ഗുരു കാശി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ജസ്വീന്ദര് സിങ് ദില്ലോന്‍ണ്‍, അഭിഭാഷകരായ ഹരീന്ദര്‍ സിങ് കാലോണ്‍, ജഗ്മോഹന് സിങ് സായ്നി തുടങ്ങിയവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍, ഇവര്‍ക്കാര്‍ക്കും രാഷ്ട്രീയ മുഖം ഇല്ലാത്തതാണ് ബി.ജെ.പി തിരിച്ചടിയായി വിലയിരുത്തുന്നത്. ഇതോടെ സംസ്ഥാനത്തെ സിഖ് വിഭാഗത്തിലെ പ്രഫസര്‍മാര്‍, വൈസ് ചാന്‍സലര്‍മാര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍ എന്നിവരുള്‍പ്പെടെ പ്രമുഖരെ പാര്‍ട്ടി കണ്ടെത്താന്‍ ശ്രമിക്കുന്നതായാണ് വിവരം.

No comments