'അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് നേടി, താനും അയ്യപ്പനും തമ്മിലാണ് മത്സരമെന്ന് പ്രചരിപ്പിച്ചു'; തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി എം സ്വരാജ്..
കൊച്ചി: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബു ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നേടിയ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി സിപിഎം നേതാവും മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന എം സ്വരാജ്. ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞാണ് ബാബു വോട്ടഭ്യര്‍ത്ഥിച്ചെന്നാണ് സ്വരാജ് തന്റെ ഹര്‍ജിയിലൂടെ ആരോപിക്കുന്നത്.
'അയ്യപ്പന് ഒരു വോട്ട്' എന്ന് അച്ചടിച്ച തിരഞ്ഞെടുപ്പ് നോട്ടീസുകള്‍ കെ ബാബു മണ്ഡലത്തില്‍ വിതരണം ചെയ്തു എന്നും സ്വരാജ് ആരോപിക്കുന്നു. നോട്ടീസില്‍ അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉള്‍പ്പെടുത്തി.
മത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മിലാണെന്ന് ബാബു പ്രചാരണം നടത്തി. സ്വരാജ് തന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു.
എം സ്വരാജ് വിജയിക്കുകയാണെങ്കില്‍ അയ്യപ്പന്‍റെ തോല്‍വി ആണെന്ന് കെ ബാബു പ്രചരിപ്പിച്ചുവെന്നും ചുവരെഴുത്തിലും അയ്യപ്പന്റെ പേര് ഉപയോഗിച്ചുവെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. കെ ബാബുവിന്റെ ജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ആവശ്യപ്പെടുന്നു. അഡ്വക്കേറ്റ് കെ എസ് അരുണ്‍കുമാര്‍, പി കെ വര്‍ഗീസ് എന്നിവരാണ് സ്വരാജിനായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

No comments