ത്രിപുരയിലും ബിജെപിയിൽ പ്രതിസന്ധി; എം.എല്‍.എമാര്‍ തൃണമൂലിലേക്ക് പോകുന്നത് തടയാന്‍ യോഗം.
എം.എല്‍.എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനാല്‍ ആശങ്കയിലായി ത്രിപുരയിലെ ബി.ജെ.പി. നേതൃത്വം. എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടുപോകുന്നത് തടയാനും ഇതു സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ഇന്ന് യോഗം ചേരും. ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, ത്രിപുരയുടെ മേല്‍നോട്ടം വഹിക്കുന്ന ഫനീന്ദ്ര നാഥ് ശര്‍മ തുടങ്ങിയവര്‍ സംസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ പ്രാദേശിക നേതാക്കളുമായി ചര്‍ച്ചകള്‍ നടക്കും.
ബി.ജെ.പി. കുടുംബത്തില്‍ എല്ലാം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് ഡോ. മണിക് സാഹ ബുധനാഴ്ച പ്രതികരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലായി തൃണമൂലില്‍ നിന്നും ബി.ജെ.പിയിലെത്തിയ എം.എല്‍.എമാര്‍ തിരിച്ചുപോകുമെന്നാണ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണമുണ്ടായത്. 2017ല്‍ ബി.ജെ.പിയിലെത്തിയ പ്രമുഖ തൃണമൂല്‍ നേതാവായിരുന്ന സുദീപ് റോയ് ബര്‍മനടക്കമുള്ളവര്‍ ബി.ജെ.പി. വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ത്രിപുര മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ബിപ്ലബ് കുമാര്‍ ദേബിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സുദീപ് റോയ് ബര്‍മനും മറ്റു നേതാക്കളും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയെ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിപ്ലബ് ദേബ് കുമാറുമായുള്ള അസ്വാരസ്യങ്ങളാണ് പാര്‍ട്ടി വിടുന്നതിന് പിന്നിലെ കാരണമായി കണക്കാക്കപ്പെടുന്നത്. അതേസമയം ബംഗാളില്‍ മുകുള്‍ റോയിക്ക് പിന്നാലെ ബി.ജെ.പിയില്‍ നിന്നും നിരവധി എം.എല്‍.എമാര്‍ തൃണമൂലിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബംഗാളിലെ ഈ രാഷ്ട്രീയ സാഹചര്യവും ത്രിപുരയിലെ പാര്‍ട്ടി മാറ്റത്തിന് കാരണമാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

No comments