കോണ്‍ഗ്രസ് മുക്ത ഭാരതം നടപ്പാക്കുന്നത് രാഹുല്‍ ഗാന്ധി, പവാറിനെ കോണ്‍ഗ്രസിനും അംഗീകരിക്കേണ്ടി വരും; പിസി ചാക്കോ..
'കോണ്‍ഗ്രസ് മുക്ത ഭാരതം' എന്ന മുദ്രാവാക്യം പ്രഖ്യാപിച്ചത് നരേന്ദ്ര മോദിയാണെങ്കിലും നടപ്പാക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് മാറ്റങ്ങള്‍ അല്ലെന്നും വെറും കസേര കളിയാണെന്നും പി സി ചാക്കോ പറഞ്ഞു. മലയാള മനോരമ' സ്‌പെഷല്‍ കറസ്‌പോണ്ടന്റ് സുജിത് നായരോട് 'ക്രോസ് ഫയറില്‍' സംസാരിക്കുകയായിരുന്നു പി സി ചാക്കോ.
ഇന്ത്യയില്‍ എല്ലായിടത്തും സാന്നിധ്യമുള്ള കോണ്‍ഗ്രസിന്റെ നേതൃത്വം പൂര്‍ണ പരാജയമാണെന്ന് പി സി ചാക്കോ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി എഐസിസി സമ്മേളനം ചേര്‍ന്നിട്ടില്ല. രണ്ടു വര്‍ഷമായി എഐസിസിക്ക് സ്ഥിരം അധ്യക്ഷനില്ല.
തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തക സമിതിയോ പാര്‍ലമെന്ററി ബോര്‍ഡോ ഇല്ല. പ്രസിഡന്റാകണമെന്നു വച്ചാല്‍ രാഹുല്‍ഗാന്ധിക്ക് ഇന്നുതന്നെ സാധിക്കും. പക്ഷേ അദ്ദേഹം ചെയ്യില്ല. അദ്ദേഹം പ്രസിഡന്റായി സ്ഥാനമേറ്റ് ഭാരത പര്യടനത്തിനു മുതിര്‍ന്നാല്‍ ജനങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കും. പക്ഷേ അദ്ദേഹം അതിനു തയാറല്ല, വിമുഖതയാണ് രാഹുലിന്റെ മുഖമുദ്ര. എനിക്ക് അദ്ദേഹത്തോട് വലിയ അടുപ്പം ഉണ്ടായിരുന്നു.'എന്താണ് താങ്കളുടെ മുന്നിലെ തടസ്സം' എന്ന് ഞാന്‍ ഒരു പാട് തവണ ചോദിച്ചിട്ടുണ്ട്. 'ഒന്നുമില്ല, ഒന്നുമില്ല, നമുക്ക് അതു ചെയ്യാം' എന്ന് എപ്പോഴും അദ്ദേഹം മറുപടി പറയും. പക്ഷേ തയാറാകില്ല- പി സി ചാക്കോ പറയുന്നു. ഞങ്ങള്‍ ആരോടു സംസാരിക്കണമെന്നാണ് മറ്റു പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ ചോദിക്കുന്നതെന്നും പി സി ചാക്കോ പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് സ്ഥിരത ഇല്ലെന്നും പി സി ചാക്കോ പറഞ്ഞു. ഇന്ന് പറയുന്നതല്ല നാളെ പറയുന്നത്. കോണ്‍ഗ്രസിന്റെ പരമ്ബരാഗത ശൈലികളോട് രാഹുല്‍ ഗാന്ധിക്ക് വലിയ എതിര്‍പ്പാണ് പക്ഷേ ബദല്‍ മുന്നോട്ടു വയ്ക്കാനുമില്ല. 135 വര്‍ഷത്തിന്റെ പാരമ്ബര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിന്റെ നേതൃത്വത്തിലേക്ക് ആളുകള്‍ വരുന്നതിനു പാര്‍ട്ടിയുടെതായ നടപടിക്രമങ്ങളുണ്ട്. പക്ഷേ കുറച്ചു ചെറുപ്പക്കാരെ വിളിച്ച് ഇന്റര്‍വ്യൂ നടത്തി നിയമിക്കുന്നതാണ് മെച്ചം എന്നാണ് രാഹുല്‍ കരുതുന്നത്. വിദ്യാഭ്യാസവും സംസാരിക്കാനുള്ള കഴിവും ഉണ്ടായതുകൊണ്ട് രാഷ്ട്രീയ നേതാവ് ആകാന്‍ കഴിയണമെന്നില്ല.
ടാലന്റ് ഹണ്ട് വീണ്ടും നടത്തുകയാണ് എന്നാണു കേട്ടത്. കോണ്‍ഗ്രസിന്റെയും സഹസംഘടനകളുടെയും മെംബര്‍ഷിപ്പ് രീതി അദ്ദേഹം ഗൗനിക്കാറേയില്ല. രാഹുല്‍ ഗാന്ധിയുടെ വിമുഖതയും അസ്ഥിരതയും കോണ്‍ഗ്രസിനെ നശിപ്പിക്കുകയാണ്. വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ എടുത്ത തീരുമാനം തെറ്റായിരുന്നു. ഇന്ത്യന്‍ ഇടതു പക്ഷത്തിനെതിരെ ഉള്ള ഒരു പ്രതീകമായി താങ്കള്‍ മാറരുതെന്ന് ഞാന്‍ കണ്ടു പറഞ്ഞു. ബിജെപിക്കെതിരെ ഉള്ള പോരാട്ടത്തിന്റെ പ്രതീകമാകേണ്ട നേതാവാണ് രാഹുല്‍. ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെങ്കില്‍ അതിനായി കര്‍ണാടക തിരഞ്ഞെടുക്കണമായിരുന്നു. പക്ഷേ എന്റെ നിര്‍ദേശം അദ്ദേഹം ചെവിക്കൊണ്ടില്ല. ആന്റണിയെ കണ്ടു പറഞ്ഞപ്പോള്‍ 'തീരുമാനം എടുത്തു കഴിഞ്ഞു, വൈകിപ്പോയി' എന്നായിരുന്നു മറുപടി. രാഹുലിനെ ബോധ്യപ്പെടുത്തേണ്ടത് താങ്കളുടെ കടമയാണ് എന്നു പറഞ്ഞ് ഞാന്‍ പോന്നു- പി സി ചാക്കോ പറഞ്ഞു. ആളുകള്‍ വിട്ടുപോകുന്നത് കോണ്‍ഗ്രസിനെ എങ്ങനെ ബാധിക്കും എന്നത് രാഹുല്‍ ഗാന്ധിക്ക് ഒരു പ്രശ്‌നമേ അല്ലല്ലോ എന്ന് അത്ഭുതം തോന്നിയെന്നും പി സി ചാക്കോ പറഞ്ഞു. എ.കെ.ആന്റണി അടക്കമുള്ള നേതാക്കളുമായി നല്ല ബന്ധം എനിക്കുണ്ട്. പക്ഷേ അവര്‍ ആരും എന്നോട് സംസാരിച്ചിട്ടില്ല..കേരളത്തിലെ ഒരു ഗ്രൂപ്പിലും ഇല്ലാത്ത ഞാന്‍ പലര്‍ക്കും ഒരു അസൗകര്യമായിരുന്നു. ദേശീയതലത്തില്‍ എല്ലാവരെയും കൂട്ടി യോജിപ്പിച്ച് കൊണ്ടുപോകാന്‍ ആര്‍ക്കാണ് കഴിയുക എന്ന് കോണ്‍ഗ്രസ് വിടുന്ന ഘട്ടത്തില്‍ ഞാന്‍ ആലോചിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ അതിനു സാധിക്കുന്നത് ശരദ് പവാറിനു മാത്രമാണ്. അദ്ദേഹം ഒരു വലിയ പാര്‍ട്ടിയുടെ നേതാവല്ല. പക്ഷേ വ്യക്തിപരമായി പവാറിനുള്ള ബന്ധങ്ങള്‍ വളരെ വലുതാണ്. കോണ്‍ഗ്രസിന്റെ ഒരു സംസ്‌കാരം ഉള്ള പാര്‍ട്ടിയുമാണ് എന്‍സിപി. എനിക്ക് ബിജെപിയോ കമ്യൂണിസ്റ്റോ ആകാന്‍ കഴിയില്ല. ഒന്നുകില്‍ രാഷ്ട്രീയം അവസാനിപ്പിക്കണം, പിന്നെ ഉള്ള ഒരു വഴി എന്‍സിപിയും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കാന്‍ മറ്റു കക്ഷികള്‍ തയാറല്ലാത്ത സാഹചര്യത്തില്‍ നേതൃത്വത്തിലേക്ക് പവാര്‍ വരുന്നത് പ്രതിപക്ഷ നേതാക്കള്‍ക്ക് താല്‍പര്യമുള്ള കാര്യമായിരിക്കും. കോണ്‍ഗ്രസിനും ഇന്നല്ലെങ്കില്‍ നാളെ അതിലേക്ക് ചിന്തിക്കേണ്ടി വരും.- പി സി ചാക്കോ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടുത്ത കാലം വരെയും ചെന്നിത്തലയുടെ ഏജന്റായിരുന്നുവെന്നും പി സി ചാക്കോ പറഞ്ഞു. വി ഡി സതീശന്‍ സമര്‍ഥനും കാര്യപ്രാപ്തിയുളള ആളുമാണ്. യഥാര്‍ഥത്തില്‍ വീണ്ടും ചെന്നിത്തലയുടെ പേരു തന്നെ പറയേണ്ടിയിരുന്നത് സതീശനായിരുന്നു. പക്ഷേ അയാള്‍ കാലുവാരി. പഠിക്കുകയും പ്രസംഗിക്കുകയും എല്ലാം ചെയ്യുന്ന ആളാണ് സതീശന്‍. പക്ഷേ അയാള്‍ വന്ന രീതി ശരിയായില്ല. ചെന്നിത്തലയും സതീശനും തമ്മില്‍ കാര്യമായ പ്രായവ്യത്യാസമില്ല. പിന്നെ എന്തു തലമുറ മാറ്റമെന്നും പി സി ചാക്കോ ചോദിക്കുന്നു. കോണ്‍ഗ്രസ് വിട്ടു വരുന്നവരെ സ്വാഗതം ചെയ്യുമെന്നും എന്നാല്‍ വലിയ നേതാക്കളെ എന്‍സിപിയിലേക്ക് ആനയിക്കുക എന്നത് തങ്ങളുടെ പദ്ധതിയല്ലെന്നും പി സി ചാക്കോ വ്യക്തമാക്കി. പരിഭവക്കാരുടെ പാര്‍ട്ടിയായി മാറാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. അതേ സമയം കോണ്‍ഗ്രസിന്റെ പോക്കില്‍ ദുഃഖിതരായ വളരെ അധികം പേരുണ്ട്. അങ്ങനെ ഉള്ളവര്‍ക്ക് ഇങ്ങോട്ട് വന്നേ പറ്റൂ. എല്ലാ നിയോജകമണ്ഡലത്തില്‍നിന്നും രാത്രിയും പകലും എനിക്ക് കോണ്‍ഗ്രസുകാരുടെ ഫോണ്‍ കാളുകള്‍ വരുന്നുണ്ട്. വലിയ നേതാക്കള്‍ക്ക് പരവതാനി വിരിക്കാനൊന്നും ഞങ്ങള്‍ ഇല്ല. അവര്‍ക്കെല്ലാം പദവികളാണ് ആവശ്യം. അങ്ങനെ കോണ്‍ഗ്രസിനെ പോലെ ജംബോ സമിതികള്‍ ഉണ്ടാക്കാനില്ല. ഒരു നേതാവിനെയും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. അല്ലെങ്കില്‍ പ്രോത്സാഹിപ്പിക്കുന്നില്ല. എനിക്ക് സാധാരണ പ്രവര്‍ത്തകര്‍ മതി. വലിയ നേതാക്കളെ ഇങ്ങോട്ട് ആനയിക്കുക എന്നത് ഞങ്ങളുടെ പദ്ധതിയല്ല. വരുന്നവര്‍ക്ക് തീര്‍ച്ചയായും സ്വാഗതം ഉണ്ടാകും. ചെയ്യുന്ന ജോലിയില്‍ അവര്‍ക്ക് തൃപ്തി ലഭിക്കും. ഭരണത്തില്‍ ലഭിക്കാവുന്ന പദവികള്‍ കാംക്ഷിച്ച് പക്ഷേ ആരും വരരുത്. ഞങ്ങളുടേത് ചെറിയ പാര്‍ട്ടിയാണ്. അതിന് അനുസരിച്ചുള്ള വിഹിതമേ സര്‍ക്കാരില്‍നിന്നു ലഭിക്കൂ.- പി സി ചാക്കോ പറഞ്ഞു. അതേസമയം മാണി സി കാപ്പന് എന്‍സിപിയിലേക്ക് തിരികെ വരാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ ഞങ്ങള്‍ സ്വീകരിക്കുമെന്നും ചാക്കോ പറഞ്ഞു. യുഡിഎഫിലേക്ക് പോകാനുള്ള മനസ്സ് കാട്ടിയ ആള്‍ക്ക് എല്‍ഡിഎഫിലേക്ക് ഉടനെ തിരികെ വരാന്‍ കഴിയുമെന്ന് കരുതുന്നില്ല. കാപ്പനോട് എനിക്ക് വ്യക്തിപരമായ ബന്ധമുണ്ട്. പവാറിനെ അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുക്കുന്നതുതന്നെ ഞാനാണ്. അദ്ദേഹത്തിന് വരാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ ഞങ്ങള്‍ സ്വീകരിക്കും. അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. യുഡിഎഫില്‍ സീറ്റും അംഗീകാരവും എല്ലാം ലഭിച്ച ശേഷം അതു ചെയ്യുമോ എന്ന് അറിയില്ല- ചാക്കോ വ്യക്തമാക്കി.
മരംമുറി വിവാദവുമായി എ കെ ശശീന്ദ്രന് വിദൂരമായി പോലും ബന്ധമില്ലെന്നും പി സി ചാക്കോ പറഞ്ഞു. എ.കെ.ശശീന്ദ്രന്‍ വനം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്‍പു നടന്ന സംഭവങ്ങളാണ് എല്ലാം. കൃഷിക്കാരന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്തു എന്നതാണ് പ്രശ്‌നം. അതിനു ശശീന്ദ്രന് വിദൂരമായി പോലും ബന്ധമില്ല. അന്ന് ഉണ്ടായിരുന്ന മന്ത്രിമാരുടെ കുറ്റമാണോ, ഉദ്യോഗസ്ഥരുടെ കുറ്റമാണോ എന്നതാണ് അന്വേഷിക്കുന്നതെന്നും പി സി ചാക്കോ പറഞ്ഞു.

No comments