Breaking News

വയനാട്ടില്‍ മോശം മൊബൈല്‍ കണക്ടിവിറ്റി ​ഗോത്രജനതയെ ഞെരുക്കുന്നു ; ​രാഹുല്‍ കത്തയച്ചത് കേന്ദ്രത്തിന് ; പ്രതികരിച്ചത് നടന്‍ സോനുസൂദ്..

 


കല്‍പ്പറ്റ: തന്റെ മണ്ഡലമായ വയനാട്ടിലെ പലഭാഗങ്ങളിലും മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി വളരെ മോശമാണെന്ന് കേന്ദ്രത്തിന് കത്തെഴുതിയ രാഹുല്‍ഗാന്ധിക്ക് മറുപടി കിട്ടിയത് ബോളിവുഡ് നടനും സാമൂഹ്യപ്രവര്‍ത്തകനുമായ സോനുസൂദില്‍ നിന്നും. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന കേന്ദ്ര വിനിമയ മന്ത്രാലയത്തിന് വയനാട് എംപി കത്തയച്ചതിന് പിന്നാലെ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തന്റെ ടീമിനെ വയനാട്ടിലേക്ക് അയയ്ക്കാമെന്ന് സോനുസൂദ് വാഗ്ദാനം ചെയ്തിരിക്കുകയാണ്.


വയനാട്ടിലെ മോശമായ മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ആദിവാസി ഗോത്ര വിഭാഗത്തിലെ കുട്ടികളുടെ പഠനത്തെയും വര്‍ക്ക് അറ്റ് ഹോമില്‍ പെട്ടിരിക്കുന്നവരെയും മോശമായി ബാധിച്ചിരിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.



മൊബൈല്‍ കണക്ടിവിറ്റി ദുര്‍ബലമായ വയനാട്ടില്‍ ഈ പ്രശ്‌നം ഏറെ ബാധിച്ചിരിക്കുന്നത് ഉള്‍ക്കാടുകളില്‍ കഴിയുന്നവരെയാണ്. കോവിഡ് 19 പശ്ചാത്തലത്തില്‍ പഠനം ഓണ്‍ലൈന്‍ ആയതോടെ പഠനം തുടര്‍ച്ചയായി മുടങ്ങുന്ന കുട്ടികള്‍ വളരെ നേരത്തേ തന്നെ സ്‌കൂള്‍ പഠനം ഉപേക്ഷിക്കുകയും ഇത് ബാലവിവാഹം പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരാണമാകുന്നതായും പറയുന്നു.


ഈ വിടവ് പരിഹരിക്കുന്നതിലെ പരാജയം വിദ്യാഭ്യാസത്തിലെ പക്ഷപാതം കൂട്ടാനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിലേക്കും അവരുടെ പ്രതിഭ തിരിച്ചറിയാതെ പോകാനുള്ള സാധ്യത കൂട്ടുകയും ചെയ്യും. കാടുകളിലെ കുടിലുകളില്‍ കഴിയുന്ന സമൂഹത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ ഇവിടെ നെറ്റ്‌വര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന കേന്ദ്ര വിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദിനോട് രാഹുല്‍ കത്തിലൂടെ ആവശ്യപ്പെട്ടു. കോവിഡ് 19 സാഹചര്യത്തില്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറിയപ്പോഴും വര്‍ക്ക് അറ്റ് ഹോം ആയപ്പോള്‍ ഇതെല്ലാം പ്രശ്‌നമായിരിക്കുകയാണ്.


അടുത്തിടെയാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ പ്രളയബാധിതരായ ഗോത്ര കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിച്ചത്. ജൂണ്‍ 16 ന് ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ എഴുതിയിരുന്നു. കവളപ്പാറ മണ്ണിടിച്ചിലിന് ശേഷം ഇവിടുത്തെ അനേകം കുടുംബങ്ങള്‍ രണ്ടുവര്‍ഷമായി താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലാണ് കഴിയുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇവര്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള നാലു ലക്ഷത്തില്‍ രണ്ടു ലക്ഷമേ നല്‍കിയിട്ടുള്ളെന്നും ബാക്കി ഉടന്‍ നല്‍കണമെന്നും കത്തില്‍ പറഞ്ഞിരുന്നു. ഇതിന് പുറമേ പട്ടികവര്‍ഗ്ഗ വകുപ്പിനും റവന്യൂ വകുപ്പിനോടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

No comments