Breaking News

ആരോപണങ്ങള്‍ ഉയരുമ്പോള്‍ പ്രതിപക്ഷത്തെയല്ല..!! പാര്‍ട്ടിയും സര്‍ക്കാരും ഇപ്പോള്‍ കൂടുതല്‍ പേടിക്കുന്നത് മറ്റൊന്നാണ്.. പാർട്ടിയുടെ..

 


തിരുവനന്തപുരം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് വിവാദങ്ങളുടെ കുരുക്കഴിക്കാന്‍ സി.പി.എം കിണഞ്ഞ് ശ്രമിക്കുന്നതിനിടയില്‍, വിഷയം സര്‍ക്കാരിനും സി.പി.എമ്മിനുമെതിരായ രാഷ്ട്രീയായുധമാക്കി പ്രതിപക്ഷം. തുടര്‍ഭരണത്തിന്റെ തിളക്കം കെടുത്തുന്ന നിലയിലേക്ക് അടിക്കടി ഉയരുന്ന വിവാദങ്ങള്‍ ഇടതുനേതൃത്വത്തെയും അസ്വസ്ഥമാക്കുന്നു.


വനിതാകമ്മിഷന്‍ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് എം.സി. ജോസഫൈന് രാജിവയ്‌ക്കേണ്ടി വന്നതിന് പിന്നാലെയാണ് സ്വര്‍ണക്കടത്ത് വിവാദവും സി.പി.എമ്മിനെ വലയ്ക്കുന്നത്. പാര്‍ട്ടി സൈബര്‍ പോരാളികളുടെ മറവില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ വഴിവിട്ട നീക്കങ്ങളുടെ തെളിവുകളാണ് പുറത്തുവരുന്നത്. ആകാശ് തില്ലങ്കേരിയെയും അര്‍ജുന്‍ ആയങ്കിയെയും ഡി.വൈ.എഫ്.ഐ നേതാവായ സജേഷിനെയും പാര്‍ട്ടി പുറന്തള്ളിയിട്ടും വിവാദത്തില്‍ നിന്ന് തലയൂരാനാകാത്തതിന് കാരണം മുന്‍കാലങ്ങളില്‍ കണ്ണൂരിലെ നേതാക്കള്‍ക്കായി ഇവര്‍ നടത്തിയ 'പോരാട്ട'ങ്ങളുടെ ചൂടും ചൂരുമാണെന്ന് പാര്‍ട്ടിയില്‍ പലരും തിരിച്ചറിയുന്നുണ്ട്.


സി.പി.എമ്മിലെ പ്രതിസന്ധി മുതലെടുത്തായിരുന്നു ഇന്നലെ പ്രതിപക്ഷത്തിന്റെ കടന്നാക്രമണം. സൈബറിടങ്ങളില്‍ സി.പി.എം ഗുണ്ടായിസത്തിന് നേതൃത്വം കൊടുക്കുന്നവരാണ് ഓരോ ക്രിമിനല്‍ കേസിലെയും പ്രധാന ആസൂത്രകരെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ സ്വര്‍ണ്ണക്കടത്തിന്റെ പങ്കു പറ്റുന്നവരായി സി.പി.എം മാറിയെന്ന് തെളിഞ്ഞെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ആക്ഷേപം.


കൊടകര കുഴല്‍പ്പണക്കേസിലെ മെല്ലെപ്പോക്കും ആയുധമാക്കിയ പ്രതിപക്ഷം, അത് തേച്ചുമായ്ച്ച്‌ ബി.ജെ.പിയുമായി സര്‍ക്കാര്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയാണെന്നും ആക്ഷേപിച്ചു. പൊലീസിനെയും അതുവഴി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെയുമാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.


പ്രതിപക്ഷത്തിന്റെ രാഷ്ട്രീയാക്രമണത്തേക്കാള്‍, സമൂഹത്തില്‍ ഈ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന അനുരണനങ്ങളാണ് സി.പി.എം നേതൃത്വം ഉറ്റുനോക്കുന്നത്. വിവാദങ്ങള്‍ ആളിക്കത്തും മുമ്ബുതന്നെ തടയിടാന്‍ നേതൃത്വം മുന്നിട്ടിറങ്ങിയത് ഈ ജാഗ്രതയുടെ ഭാഗമാണ്.


പരാതിക്കാരിയോട് മോശമായി പ്രതികരിച്ചെന്ന ആക്ഷേപത്തില്‍ വനിതാകമ്മിഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈനോട് രാജി ചോദിച്ചു വാങ്ങിയ സി.പി.എം നേതൃത്വം, കരിപ്പൂര്‍ വിവാദത്തിലും സമാന നീക്കങ്ങളാണ് നടത്തുന്നത്. ക്വട്ടേഷന്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയവരെയെല്ലാം പുറത്താക്കുക മാത്രമല്ല, അവരെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്യുന്ന കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാടില്‍ കളങ്കമില്ലെന്ന് വരുത്താനുള്ള തീവ്രശ്രമമാണ് നടത്തുന്നത്.


പുതിയ വിവാദത്തിന്റെ വെളിച്ചത്തില്‍ പാര്‍ട്ടിയില്‍ ബ്രാഞ്ച് തലം മുതല്‍ ശുദ്ധീകരണപ്രക്രിയയും തുടങ്ങിയിട്ടുണ്ട്. അപ്പോഴും, ആകാശ് തില്ലങ്കേരിയുടെയും അര്‍ജുന്‍ ആയങ്കിയുടെയും പൂര്‍വകാലബന്ധം പാര്‍ട്ടിക്ക് മേല്‍ അശനിപാതമായി പതിക്കുന്നതാണ് പ്രതിസന്ധി.

No comments