മിഷന്‍ 2024..!! സോണിയ - മമത നിർണായക കൂടിക്കാഴ്ച..!! ബംഗാളില്‍ അധികാരം നഷ്ടപ്പെടാതിരിക്കാന്‍ തൃണമൂല്‍..
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കം പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഡല്‍ഹിയിലെത്തുന്നു. 25നാണ് മമത ഡല്‍ഹിയിലെത്തുന്നത്. നാല് ദിവസം അവര്‍ ഡല്‍ഹിയിലുണ്ടാകുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനു പിറകെയുള്ള മമതയുടെ ഡല്‍ഹി സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തിനു ശേഷം ഇതാദ്യമായാണ് മമത ഡല്‍ഹിയിലെത്തുന്നത്. 2024 പൊതുതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പ്രതിപക്ഷ നീക്കത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
സോണിയ ഗാന്ധിക്കു പുറമെ എന്‍സിപി തലവന്‍ ശരദ് പവാര്‍, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ എന്നിവരുമായും മമത കൂടിക്കാഴ്ച നടത്തും.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്താന്‍ മമതയ്ക്ക് പദ്ധതിയുണ്ട്. സമയം അനുവദിച്ചാല്‍ മോദിയെ കാണുമെന്ന് മമത തന്നെയാണ് അറിയിച്ചിട്ടുള്ളത്.
ബംഗാളില്‍ മമതയുടെ തെരഞ്ഞെടുപ്പ് കാംപയിനിനു നേതൃത്വം നല്‍കിയ പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ദിവസം സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നാലു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്കു പിറകെ പ്രശാന്ത് കോണ്‍ഗ്രസില്‍ ചേരുന്നതായും വാര്‍ത്ത വന്നിട്ടുണ്ട്. എന്നാല്‍, അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും മുന്നില്‍കണ്ടുള്ള തന്ത്രങ്ങളൊരുക്കാന്‍ പ്രശാന്ത് കോണ്‍ഗ്രസിനോട് സഹകരിക്കുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ മാസം ശരദ് പവാറുമായി രണ്ടുതവണ പ്രശാന്ത് ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിറകെ പ്രതിപക്ഷ നേതാക്കളുടെ യോഗം പവാര്‍ മുംബൈയിലെ വസതിയില്‍ വിളിച്ചുചേര്‍ത്തിരുന്നു. ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസിനെക്കൂടാതെയുള്ള പ്രതിപക്ഷ മുന്നണി രൂപീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് അന്ന് വിലയിരുത്തപ്പെട്ടത്. എന്നാല്‍, കോണ്‍ഗ്രസിനെക്കൂടാതെ ബിജെപി വിരുദ്ധ മുന്നണി വിജയിക്കില്ലെന്ന് എന്‍സിപി നേതാക്കളും പ്രശാന്ത് കിഷോറും വ്യക്തമാക്കിയിരുന്നു.

No comments