Breaking News

മിഷന്‍ 2024..?? സോണിയ - മമത നിർണായക കൂടിക്കാഴ്ച..!! ബംഗാളില്‍ അധികാരം നഷ്ടപ്പെടാതിരിക്കാന്‍ തൃണമൂല്‍..

 


ന്യൂഡല്‍ഹി: ബിജെപിയ്ക്ക് എതിരേ ശക്തമായ ഒരു മുന്നണി സംവിധാനത്തെക്കുറിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ ചിന്തിച്ചു കൊണ്ടിരിക്കെ ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി സോണിയാഗാന്ധി ഉള്‍പ്പെടെ പ്രതിപക്ഷത്തെ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. ഡല്‍ഹിയില്‍ മുന്നോ നാലോ ദിവസം തങ്ങി വിവിധ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.


പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന് ഇടയിലാണ് സന്ദര്‍ശനം. വിലക്കയറ്റവും കോവിഡ് കൈകാര്യം ചെയ്തതിലെ പിഴവുകളും ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിനെതിരേ അനേകം പ്രശ്‌നങ്ങള്‍ ഉയര്‍ത്താന്‍ കോണ്‍ഗ്രസ് പങ്കാളിത്തം തേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. അതിനിടയില്‍ ബംഗാളില്‍ മുഖ്യമന്ത്രി സ്ഥാനം നില നിര്‍ത്തണമെങ്കില്‍ മമതാബാനര്‍ജിയെ ഉടന്‍ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി വിജയിപ്പിക്കേണ്ടതുണ്ട്.


നിയമപ്രകാരം എംഎല്‍എ അല്ലാത്ത ആള്‍ മന്ത്രിയായാല്‍ ആറു മാസത്തിനുള്ളില്‍ എംഎല്‍എ ആകേണ്ടതുണ്ട്.


നിലവിലെ സാഹചര്യത്തില്‍ നവംബര്‍ 4 ന് മുമ്ബായി മമത തെരഞ്ഞടുക്കപ്പെടേണ്ടതുണ്ട്. ഇതിനായി പല രീതിയിലുള്ള നീക്കങ്ങളാണ് തൃണമൂല്‍ നടത്തുന്നത്. വേഗത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്ന കാര്യം സംസാരിക്കാന്‍ ആറ് തൃണമൂല്‍ എംഎല്‍എ മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ഉടന്‍ സമീപിക്കും. മറ്റൊരു വഴി മമതയെ ഷുവര്‍ സീറ്റില്‍ നിന്നും മത്സരിപ്പിച്ച്‌ ജയിപ്പിക്കലാണ്. ഇതിനായി ഭവാനിപ്പൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ശോഭന്‍ദേവ് ചത്യോപാദ്ധ്യായയെ എംഎല്‍എ സ്ഥാനം രാജി വെയ്പ്പിച്ച്‌ ഇവിടെ നിന്നും മത്സരിച്ച്‌ ജയിക്കാനാണ്. ഇതിനൊപ്പം തന്നെ നന്ദീഗ്രാമില്‍ സുവേന്ദു അധികാരിയോട് ഏറ്റ പരാജയത്തില്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം ഉന്നയിച്ച്‌ ബംഗാള്‍ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.


ഏഴ് നിയമസഭാ മണ്ഡലങ്ങളിലാണ് ബംഗാളില്‍ ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. നേരത്തേ ജൂണില്‍ ഏഴു ദിവത്തിനുള്ളില്‍ ഉപ തെരഞ്ഞെടുപ്പ് നടത്തും എന്നായിരുന്നു മമത പറഞ്ഞിരുന്നത്. എന്നാല്‍ അപ്പോഴായിരുന്നു കോവിഡ് വന്നുകയറിയത്. നിലവില്‍ ബംഗാള്‍ നിയമസഭയില്‍ എംഎല്‍എ മാര്‍ അല്ലാത്ത രണ്ടുപേരാണ് ഉള്ളത്. മമതാബാനര്‍ജിയും ധനകാര്യമന്ത്രി അമിത് മിത്രയും. ആരോഗ്യസ്ഥിതി പരിഗണിച്ച്‌ സ്ഥാനം രാജി വെയ്ക്കാന്‍ അമിത് മിത്ര ഇപ്പോഴേ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവില്‍ ആറ് സീറ്റാണ് വേക്കന്റായി കിടക്കുന്നത്.


വിജയിച്ച ആര്‍എസ്പിയുടെ എംഎല്‍എ പ്രദീപ് നന്ദിയും കോണ്‍ഗ്രസിന്റെ റസൗള്‍ ഹക്കും മരണമടഞ്ഞതിനെ തുടര്‍ന്ന് ജാംഗിപ്പൂരിലും സാംസര്‍ഗഞ്ചിലും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഗോസാബ എംഎല്‍എ ജയന്ത നാസ്‌ക്കര്‍, ഖര്‍ദാഹ എംഎല്‍എ കാജല്‍ സിന്‍ഹ എന്നിവര്‍ മരണമടഞ്ഞതിനാല്‍ ഈ സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നു. എംപി സ്ഥാനത്തിരുന്നു കൊണ്ട് എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ ദിന്‍ഹാട്ടാ, ശാന്തിപ്പൂര്‍ എന്നിവിടങ്ങളിലെ നിശിത് പ്രാമാണിക്കും ജഗന്നാഥ് സര്‍ക്കാരും എംഎല്‍എ സ്ഥാനം ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ ഈ സീറ്റുകളിലും ഉപ തെരഞ്ഞെടുപ്പുകള്‍ നടക്കേണ്ടതുണ്ട്.

No comments