Breaking News

ഉത്തരാഖണ്ഡില്‍ തീറാത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞെന്ന് റിപ്പോര്‍ട്ട് ; അധികാരമേറ്റത് 4 മാസം മുമ്പ്..!! ഉള്‍പ്പാര്‍ട്ടി പോരെന്ന് അഭ്യൂഹം..

 


ന്യൂഡല്‍ഹി: സംസ്ഥാന ഘടകത്തില്‍ ഉള്‍പ്പോര് ശക്തമായ ഉത്തരാഖണ്ഡില്‍ പുതിയ മുഖ്യമന്ത്രിയും രാജി വെച്ചതായി റിപ്പോര്‍ട്ട്. നാലു മാസം മുമ്ബ് സ്ഥാനമേറ്റ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീറാത്ത് സിംഗ് ബിജെപി ദേശീയനേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഗവര്‍ണറുമായി അടിയന്തിര കൂടിക്കാഴ്ച നടത്തിയിരുന്നു. ആറു മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജിവെച്ചത്.


കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹിയിലായിരുന്നു തീറാത്ത് ബിജെപി നേതൃത്വവുമായി പല തവണ കൂടിക്കാഴ്ചകളും നടത്തിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് ബിജെപി അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച അവസാനിച്ചത്. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ ബാബി റാണി മൗര്യയുമായി കൂടിക്കാഴ്ചയ്ക്ക് അനുവാദം തേടിയത്.


നേതാക്കള്‍ തമ്മില്‍ തൊഴുത്തില്‍ക്കുത്ത് ശക്തമായ ഉത്തരാഖണ്ഡില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയ്ക്ക് പ്രശ്‌നം പരിഹരിക്കല്‍ വലിയ തലവേദനയായി മാറിയിരിക്കുകയാണ്.


മുന്‍ മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര റാവത്തുമായി കടുത്ത ഭിന്നതയിലായിരുന്ന തീറാത്ത് മാര്‍ച്ചിലായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. നിലവില്‍ എംപിയായ റാവത്ത് അധികാരമേറ്റ സാഹചര്യത്തില്‍ സെപ്തംബര്‍ 10 ന് മുമ്ബായി ഉത്തരാഖണ്ഡ് നിയമസഭാ അംഗമായി മാറേണ്ടതുണ്ട്. അതേസമയം പകരക്കാരനാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച്‌ സത്പാല്‍ മഹാരാജും ധന്‍ സിംഗ് റാവത്തും കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. നേരത്തേ ത്രിവേന്ദ്ര റാവത്ത് മാറിയപ്പോഴും മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് ഇവര്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വം തിറാത്ത് റാവത്തിനെ തെരഞ്ഞെടുക്കുകയായിരുന്നു.


തിറാത്തിന് എതിരേയും നേതാക്കള്‍ ചാരന്മാര്‍ വഴി കേന്ദ്രത്തെ സമീപിച്ചിരുന്നു. നേരത്തേ നയപരമായ തീരുമാനങ്ങളില്‍ പലതിനെയും തീറാത്ത് റാവത്ത് വിമര്‍ശിച്ചിരുന്നത് പോലെ തന്നെ ഇപ്പോഴത്തെ നേതാക്കള്‍ റാവത്തിനെതിരേയും വിമര്‍ശനം ഉയര്‍ത്തുകയാണ്. വിവാദം ഉണ്ടാക്കുന്ന കാര്യത്തില്‍ തന്റെ മുന്‍ഗാമികളെക്കാള്‍ ഒട്ടും വിഭിന്നമായിരുന്നില്ല തീറാത്തും. അധികാരം ഏറ്റതിന് തൊട്ടുപിന്നാലെ റാവത്ത് ആദ്യം നടത്തിയ അഭിപ്രായ പ്രകടനം സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ കുറിച്ചായിരുന്നു നടത്തിയത്.


200 വര്‍ഷമായി ഇന്ത്യയെ ഭരിച്ചത് അമേരിക്കയായിരുന്നു എന്നും ബ്രിട്ടനല്ലെന്നും പറഞ്ഞിരുന്നു. ഇതിന് പുറമേ കുംഭമേളയുമായി ബന്ധപ്പെട്ടും വിവാദമുണ്ടാക്കിയത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും കോവിഡ് ശക്തമായി പിടിമുറുക്കുമ്ബോള്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ ആര്‍ടി - പിസിആര്‍ ടെസ്റ്റ് ആവശ്യമില്ലെന്ന് നിലപാട് എടുത്തിരുന്നു. നിലവില്‍ ഗാര്‍ഹ്വാളിലെ എംപിയാണ് തീറാത്ത്.

No comments