സ്ഥാനമൊഴിഞ്ഞ ലോക്‌നാഥ് ബെഹ്‌റയെ കാറിലിരുത്തി ഉദ്യോഗസ്ഥര്‍ കെട്ടി വലിച്ചത് എന്തിന്..?? കേരളത്തിന് പരിചിതമല്ലാത്ത ആചാരത്തിന് പിന്നില്‍..
തിരുവനന്തപുരം:സ്ഥാനമൊഴിഞ്ഞ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുടെ വാഹനം ഉദ്യോഗസ്ഥര്‍ കെട്ടി വലിച്ചത് എന്തിനാണെന്ന് ആ ദൃശ്യം കണ്ട നമ്മളില്‍ പലരും സംശയിച്ചിരിക്കാം. ഈ ആചാരവും ചിത്രവുമൊക്കെ ഇപ്പോഴാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി വിരമിക്കുന്ന പൊലീസ് മേധാവിമാര്‍ക്ക് ഇത്തരത്തിലുളള യാത്രയയപ്പ് ലഭിക്കാറുണ്ട്.
വിരമിക്കുന്ന ഓഫീസര്‍ സഞ്ചരിക്കുന്ന കാര്‍ വെളുത്ത കയര്‍ കൊണ്ട് കെട്ടിവലിക്കുന്ന ഈ ചടങ്ങ് ബൈഹ്‌റക്ക് മുമ്ബ് സെന്‍കുമാര്‍ വിരമിച്ചപ്പോള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ജേക്കബ് പുന്നൂസ് സംസ്ഥാന പൊലീസ് മേധാവിയായി വിരമിച്ചപ്പോള്‍ ഇതുണ്ടായിരുന്നു. വിരമിക്കുന്ന ഓഫിസറെ ഡിന്നറിനുശേഷം കസേരയിലിരുത്തി സഹപ്രവര്‍ത്തകര്‍ ഓഫിസ് കോമ്ബൗണ്ടിനു പുറത്തെത്തിക്കുന്ന പതിവ്, യൂണിഫോം ഫോഴ്‌സുകളിലുണ്ട്.
'ഡൈനിംഗ് ഔട്ട്' എന്ന ഈ പരിപാടി ബ്രിട്ടീഷ് ആചാരമാണ്. ഇതിന്‍റെ തുടര്‍ച്ചയാണ് ബെഹ്‌റയുടെ യാത്രയയപ്പില്‍ കണ്ടത്.
ഔദ്യോഗിക പദവിയില്‍നിന്ന് പിരിയുന്ന അവസാന ദിവസം, മുഴുവന്‍ സേനയും അദ്ദേഹത്തെ തങ്ങളുടെ ചുമലിലേറ്റുന്നുവെന്ന സന്ദേശമാണ് ഈ യാത്രയയപ്പിലൂടെ നല്‍കുന്നത്. ജേക്കബ് പുന്നൂസ് അധികാരത്തിലെത്തിയപ്പോഴാണ് ഡി ജി പി തസ്‌തിക സംസ്ഥാന പൊലീസ് മേധാവിയായി മാറിയതും ശമ്ബളമടക്കമുള്ള കാര്യങ്ങളില്‍ മാറ്റം വന്നതും. പുതിയ മേധാവി അധികാരമേല്‍ക്കുമ്ബോള്‍ കടലാസുകളില്‍ ഒപ്പിടുന്നതുമാത്രമായിരുന്നു ചടങ്ങ്. ജേക്കബ് പുന്നൂസാണ് സ്ഥാനമൊഴിയുന്ന മേധാവി പുതിയ മേധാവിക്ക് അധികാര ദണ്ഡ് കൈമാറുന്ന ചടങ്ങിനു തുടക്കം കുറിച്ചത്.തിരുവനന്തപുരത്ത് പേട്ടയിലുള്ള ഒരാളാണ് മെറ്റല്‍ ചുറ്റിയ ദണ്ഡുണ്ടാക്കിയത്.
പുതുതായി സ്ഥാനമേല്‍ക്കുന്ന പൊലീസ് ചീഫിന്‍റെ പേര് ദണ്ഡില്‍ രേഖപ്പെടുത്തും. പൊലീസ് ചീഫ് ഈ ദണ്ഡ് കൊണ്ടുനടക്കില്ല. കസേരയ്ക്കു പിന്നില്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. വീരചരമം അടഞ്ഞ പൊലീസുകാരുടെ ധീരസ്‌മൃതിഭൂമിയില്‍ പുഷ്‌പചക്രം അര്‍പ്പിച്ചതിനുശേഷം പൊലീസ് ചീഫ് അധികാരമേല്‍ക്കുന്ന ചടങ്ങ് ആരംഭിച്ചതും ജേക്കബ് പുന്നൂസ് ഡി ജി പിയായ ശേഷമാണ്.

No comments