അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഒടുവിൽ ആ തീരുമാനം വന്നു.. അധീര്‍ രഞ്ജന്‍ ചൗധരി..
ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ ലോക്സഭ കക്ഷിനേതാവായി അധീര്‍ രഞ്ജന്‍ ചൗധരി തന്നെ തുടരുമെന്ന് കോണ്‍ഗ്രസ്. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസിന്‍റെ യോഗമാണ് അധീര്‍ ചൗധരിയെ മാറ്റേണ്ടതില്ലെന്ന നിലപാടെടുത്തത്. ഈ സമ്മേളനത്തിലും കക്ഷിനേതാവായി തുടരുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
അധീര്‍ ചൗധരിയെ തല്‍സ്ഥാനത്തുനിന്നും മാറ്റുമെന്നും ശശി തരൂര്‍, മനീഷ് തിവാരി, ഗൗരവ് ഗൊഗോയി, രണ്‍വീത് ബിട്ടു തുടങ്ങിയവരുടെ പേരുകള്‍ പരിഗണിക്കുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോടുളള വിരോധം കാരണം അധീര്‍ രഞ്ജന്‍ ചൗധരിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തൃണമൂല്‍ അംഗങ്ങള്‍ക്ക് താല്‍പര്യമില്ല.
ഇതു ലോക്സഭയിലെ പ്രതിപക്ഷ ഐക്യത്തെയടക്കം ബാധിക്കുമെന്ന് കരുതിയാണ് സ്ഥാനമാറ്റത്തെക്കുറിച്ചുള്ള ആലോചന നടന്നത്.
സോണിയയും രാഹുലും പങ്കെടുത്ത യോഗത്തില്‍ അധീറിനുപുറമേ രാജ്യസഭ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി, സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ചീഫ് വിപ്പുമാരായ കൊടിക്കുന്നില്‍ സുരേഷ്, ജയറാം രമേഷ്, ഇരുസഭകളിലെയും ഉപനേതാക്കളായ ആനന്ദ് ശര്‍മ, ഗൗരവ് ഗൊഗോയി തുടങ്ങിയവരും പങ്കെടുത്തു.

No comments