ശബരിയും ബല്‍റാമും ഡിസിസി അദ്ധ്യക്ഷന്മാരാകും..?? ചരടുവലിച്ച് മുതിര്‍ന്ന നേതാക്കളും..!! സുധാകരന്‍ ഡല്‍ഹിക്ക്....
കെ പി സി സി ഭാരവാഹികളെ പ്രഖ്യാപിക്കും മുമ്ബ് ഡി സി സി അദ്ധ്യക്ഷന്മാരെ തീരുമാനിക്കാന്‍ കോണ്‍ഗ്രസില്‍ ഏകദേശ ധാരണ. പുതിയ ഡി സി സി അദ്ധ്യക്ഷന്മാരെ നിയമിക്കുന്നതിന് മുന്നോടിയായുളള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് ഇതോടെ തുടക്കമായി. അമ്ബത് വയസില്‍ താഴെയുളളവരെ ഡി സി സി അദ്ധ്യക്ഷന്മാരാക്കാം എന്നതായിരുന്നു സതീശനും സുധാകരനും അടങ്ങിയ പുതിയ നേതൃത്വം ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ പ്രായപരിധി വേണ്ടെന്നാണ് ഇപ്പോള്‍ കെ സുധാകരന്‍റെ നിലപാട്. ഇതിനോട് മുതിര്‍ന്ന നേതാക്കള്‍ക്കും യോജിപ്പാണ്.
അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രായപരിധി വേണ്ടെന്ന് വന്നതോടെ മിക്ക ജില്ലകളിലും ഡി സി സി അദ്ധ്യക്ഷ സ്ഥാനത്തിനായി നേതാക്കള്‍ തമ്മില്‍ വടംവലി തുടങ്ങി.
രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചക്കായി കെ സുധാകരന്‍ ഇന്ന് ഡല്‍ഹിക്ക് പോകുമെന്നാണ് വിവരം. പ്രായപരിധിയില്‍ രാഹുല്‍ഗാന്ധിയുടെ നിലപാട് നിര്‍ണായകമാകും. ആലപ്പുഴ, പാലക്കാട് ഉള്‍പ്പടെയുളള ജില്ലകളിലെ ഡി സി സി അദ്ധ്യക്ഷന്മാര്‍ രാജിവച്ചതോടെ ഇവിടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനം നിലച്ച മട്ടാണ്. മറ്റിടങ്ങളിലാകട്ടെ സ്ഥാനം തെറിക്കുമെന്നായതോടെ അദ്ധ്യക്ഷന്മാര്‍ പലരും വേണ്ടത്ര പ്രവര്‍ത്തിക്കുന്നുമില്ല.
പ്രായപരിധി കൊണ്ട് വലിയ കാര്യമൊന്നുമില്ലെന്ന് പറയുന്ന സുധാകരന്‍ അതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് എഴുപത് പിന്നിട്ട തന്‍റെ പ്രായമാണ്. യുവാക്കള്‍ക്ക് പ്രധാന്യം നല്‍കി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ട് എന്തായെന്നും പല മുതിര്‍ന്ന നേതാക്കളും ചോദിക്കുന്നു. ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
അദ്ധ്യക്ഷന്മാരില്‍ യുവ പ്രാതിനിധ്യത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് കെ എസ് ശബരീനാഥിന്‍റെയും പാലക്കാട് വി ടി ബല്‍റാമിന്‍റെയും പേരുകള്‍ നേതൃത്വം സജീവമായി പരിഗണിക്കുന്നുണ്ട്. ഗ്രൂപ്പ് നേതാക്കള്‍ കടുംപിടിത്തം പിടിച്ചില്ലെങ്കില്‍ ഇവര്‍ക്ക് തന്നെ അദ്ധ്യക്ഷ കസേരയിലേക്ക് നറുക്ക് വീഴുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് വി എസ് ശിവകുമാര്‍, പാലോട് രവി, ശരത് ചന്ദ്ര പ്രസാദ് അടക്കമുളളവരും ഡി സി സി അദ്ധ്യക്ഷ പദത്തിനായി കരുക്കള്‍ നീക്കുന്നുണ്ട്.
കൊല്ലത്ത് ശൂരനാട് രാജശേഖരന്‍, ആര്‍ ചന്ദ്രശേഖരന്‍, എ ഷാനവാസ്ഖാന്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവരും പത്തനംത്തിട്ടയില്‍ ശിവദാസന്‍ നായരും പഴകുളം മധുവും പരിഗണിക്കപ്പെടുന്നുണ്ട്. കോട്ടയത്ത് ടോമി കല്ലാനിയും തൃശൂരില്‍ പത്മജ വേണുഗോപാലും പാലക്കാട് എ വി ഗോപിനാഥും ഡി സി സി അദ്ധ്യക്ഷ കസേരയിലേക്ക് പരിഗണിക്കപ്പെടുന്നവരില്‍ മുന്‍പന്തിയിലാണ്.

No comments