പരാജയത്തിന് കാരണം കാലുവാരലും വോട്ടുചോര്ച്ചയുമെന്ന് നേതാക്കൾ...
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ കോണ്‍ഗ്രസിനെ കനത്ത പരാജയത്തിലേക്ക് നയിച്ചത് വോട്ടു ചോര്‍ച്ചയും കാലുവാരലുമാണെന്ന് നേതാക്കളുടെയും സ്ഥാനാര്‍ത്ഥികളുടെയും പൊതുവികാരം.
പരാജയത്തെക്കുറിച്ച് അന്വേഷിക്കുന്ന കെ.പി.സി.സി സമിതിക്ക് മുന്നിലാണ് നേതാക്കളുടെ തുറന്നു പറച്ചില്. രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് പാേലും വോട്ടു കുറഞ്ഞതിന് പിന്നില്‍ സംഘടനാ പ്രശ്നങ്ങളുണ്ട്.
പരമ്ബരാഗതമായി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന മേഖലകളും ന്യൂനപക്ഷ വോട്ടുകളും കൈവിട്ടു. കരുത്തായിരുന്ന തീരദേശ മേഖലകളില്‍ ലത്തീന്‍ സമുദായത്തില്‍ നിന്ന് വോട്ടു ചോര്‍ച്ചയുണ്ടായി. ചേര്‍ത്തലയിലെ പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണിത്.
4500 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചിടത്ത് ആയിരത്തിലേക്ക് കൂപ്പുകുത്തി. സി.പി.എമ്മിന്റെ ചില ശക്തിമേഖലകളില്‍ വോട്ടു വര്‍ദ്ധിപ്പിക്കാനായെങ്കിലും ന്യൂനപക്ഷ ധ്രൂവീകരണം പ്രതീക്ഷകള്‍ തകര്‍ത്തതായി അമ്ബലപ്പുഴയിലെ പരാജയം ചൂണ്ടിക്കാട്ടി നേതാക്കള്‍ വിശദീകരിച്ചു. രമേശ് ചെന്നിത്തല ഒഴികെയുള്ള സ്ഥാനാര്‍ത്ഥികള്‍ രണ്ടു ദിവസം നീണ്ടു നിന്ന സമിതിയുടെ സിറ്റിംഗില്‍ നേരിട്ടും അല്ലാതെയും മൊഴി നല്കി.
അമ്ബലപ്പുഴ മണ്ഡലത്തില്‍ വോട്ടെടുപ്പിന്റെ തലേദിവസം സേവ് ധീവര സഭയുടെ പേരില്‍ കോണ്ഗ്ര്സ് സ്ഥാനാര്‍ത്ഥിക്കെതിരെ ഇറങ്ങിയ നോട്ടീസിനെപ്പറ്റിയും സമിതിയില്‍ പരാതിയെത്തി. സീറ്റ് മോഹികളായ ചില നേതാക്കളാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
കെ.പി.സി.സി ഭാരവാഹികളായ ബി.ബാബു പ്രസാദ്, എ. എ. ഷുക്കൂര്‍, കോശി എം. കോശി, ബി.ബൈജു, എം.ജെ,ജോബ്, എബി കുര്യാക്കോസ്, മോളി ജേക്കബ്, എസ്. രാജേന്ദ്രപ്രസാദ്, കെ. വി. മേഘനാദന്, രവീന്ദ്ര ദാസ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു, ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നിവര്‍ സമിതിക്ക് മുന്നില്‍ ഹാജരായി.
വി.സി.കബീര്‍ ചെയര്‍മാനും, പുനലൂര്‍ മധു, ഖാദര്‍ മാങ്ങാട് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് തിരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കുന്നത്.

No comments