Breaking News

മനസ്സിലാക്കി കളിച്ചാൽ മതി..!! മറ്റൊരു രീതിയിൽ തുടങ്ങിയാൽ വ്യാപാരികളുടെ സമരത്തെ നേരിടേണ്ട രീതിയിൽ നേരിടും: മുഖ്യമന്ത്രി

 


ന്യൂഡല്‍ഹി: മുഴുവന്‍ കടകളും തുറക്കണമെന്ന വ്യാപാരികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമലംഘനം നടന്നാല്‍ എങ്ങനെ നേരിടണമെന്ന്​ അറിയാം. അത്​ മനസ്സിലാക്കി കളിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കിലും വ്യാഴാഴ്ച മുതല്‍ മുഴുവന്‍ കടകളും തുറക്കുമെന്ന്​ വ്യാപാരികള്‍ വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട്​ അറിയിച്ചത്​.


കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാല്‍ സാഹചര്യമാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ക്കിടയാക്കിയത്. കോവിഡ് രോഗബാധ പടര്‍ന്നു പിടിച്ച്‌ ആളുകളുടെ ജീവന്‍ അപകടത്തിലാവുന്ന അവസ്ഥ തടയാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നോര്‍ക്കണം.


നാടിന്‍റെ രക്ഷയെ കരുതിയാണ് ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. അത് ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണം. കോഴിക്കോട്​ ഉണ്ടായ പ്രസ്തുത വിഷയത്തില്‍ ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച്‌ ചര്‍ച്ച ചെയ്യാനും കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പര്യാപ്​തമല്ലെന്ന്​ വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നിലപാട്​. ഇക്കാര്യം ആവശ്യപ്പെട്ട്​ കഴിഞ്ഞ ദിവസം കോഴിക്കോട്​ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ്​ സര്‍ക്കാര്‍ പേരിന്​ കോവിഡ്​ നിയ​ന്ത്രണങ്ങളില്‍ ഇളവ്​ നല്‍കിയത്​. എന്നാല്‍ ഇത്​ അപര്യാപ്​തമാണെന്നാണ്​ വ്യാപാരികള്‍പറയുന്നത്​. കഴിഞ്ഞ ഒന്നരവര്‍ഷമായി വന്‍ പ്രതിസന്ധിയാണ്​ കച്ചവടക്കാര്‍ നേരിടുന്നത്​.


അതേസമയം, സംസ്ഥാനത്തെ കോവിഡ്​ നിയന്ത്രണങ്ങള്‍ അശാസ്​ത്രീയമാണെന്ന വാദവുമായി ഐ.എം.എയും രംഗത്തെത്തി. ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്ബോള്‍ അവിടങ്ങളില്‍ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുവെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സമയ ക്രമീകരണവും അശാസ്ത്രീയമാണ്, വ്യാപാരസ്ഥാപനങ്ങള്‍ കൂടുതല്‍ സമയം തുറന്നുവച്ച്‌ തിരക്ക് ഒഴിവാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്​. കുറച്ചു സമയം മാത്രം തുറന്നിരിക്കുമ്ബോള്‍ കൂടുതല്‍ ആള്‍ക്കാര്‍ കൂട്ടം കൂടുന്ന അവസ്ഥ സംജാതമാകും. ഇതെല്ലാം രോഗവ്യാപനം കൂട്ടുന്ന പ്രക്രിയകള്‍ ആയി മാറുകയാണെന്ന് ഐ.എം.എ പറയുന്നു.

No comments