മഹാരാഷ്ട്ര സ്പീക്കർ കോൺഗ്രസിൽ നിന്ന്: ശരദ് പവാർ.. നിർണായക നീക്കം..
പൂന: മഹാരാഷ്ട്ര നിയമസഭയുടെ പുതിയ സ്പീക്കർസ്ഥാനം കോൺഗ്രസിനുതന്നെയെന്ന്എൻസിപി അധ്യക്ഷൻ ശരദ് പവാർ. മഹാ വികാസ് അഘാഡി ഘടകകക്ഷികൾ ഇക്കാര്യം തീരുമാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.
സ്പീക്കറായിരുന്ന കോൺഗ്രസ് നേതാവ് നാനാ പഠോലെ ഫെബ്രുവരിയിൽ രാജിവച്ചിരുന്നു. പിസിസി അധ്യക്ഷനായതുകൊണ്ടായിരുന്നു സ്പീക്കർസ്ഥാനം രാജിവച്ചത്.
കോൺഗ്രസ് ഏതു സ്ഥാനാർഥിയെ നിശ്ചയിച്ചാലും എൻസിപിയും ശിവസേനയും പിന്തുണയ്ക്കുമെന്ന് പവാർ ബാരാമതിയിൽ പറഞ്ഞു. സ്പീക്കറെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ബി.എസ്. കോഷിയാരി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു കത്തെഴുതിയിരുന്നു. നിയമസഭയുടെ വർഷകാല സമ്മേളനം രണ്ടു ദിവസം മാത്രമാണുണ്ടായിരുന്നത്. അതിനാൽ സ്പീക്കർ തെരഞ്ഞെടുപ്പ് നടത്താനായില്ല. ജൂലൈ അഞ്ചിന് സ്പീക്കറുടെ ചേംബറിൽ പ്രിസൈഡിംഗ് ഓഫീസറെ കൈയേറ്റം ചെയ്തതിനു 12 ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്തിരുന്നു.

No comments