നിയമസഭാ തെരഞ്ഞെടുപ്പ്: യുപിയിൽ നിർണായക പങ്കു വഹിക്കാനൊരുങ്ങി ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ..
ന്യൂഡൽഹി: യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സംഘടനയെ സജീവമാക്കാനൊരുങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ഇന്നലെ യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി ബാഗേൽ കൂടിക്കാഴ്ച നടത്തി.
കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ വസതിയിൽ നടന്ന ചർച്ചയിൽ എഐസിസി ട്രഷറർ പവൻകുമാർ ബൻസാൽ, മുതിർന്ന കോൺഗ്രസ് നേതാവ് രാജീവ് ശുക്ള എന്നിവരും പങ്കെടുത്തു. ആസാം നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി ഭൂപേഷ് ബാഗേൽ നിർണായക പങ്കു വഹിച്ചിരുന്നു. ആസാമിൽ അധികാരം പിടിക്കാനായില്ലെങ്കിലും 2016നേക്കാൾ നില മെച്ചപ്പെടുത്താൻ കോൺഗ്രസ് സഖ്യത്തിനായി. ജാർഖണ്ഡ് തെരഞ്ഞെടുപ്പിലും ബാഗേൽ പ്രചാരണത്തിന്റെ ചുമതല വഹിച്ചിരുന്നു.
ഛത്തീസ്ഗഡിൽനിന്നുള്ള നേതാക്കളെ യുപിയിലേക്ക് അയയ്ക്കാൻ പ്രിയങ്കഗാന്ധി ബാഗേലിനോടു നിർദേശിച്ചു. ബാഗേലിന്റെ നിർദേശപ്രകാരം രാജേഷ് തിവാരിയെ യുപിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി നിയമിച്ചിരുന്നു.
ഭൂപേഷ് ബാഗേലിനെ രണ്ടര വർഷത്തേക്കാണു മുഖ്യമന്ത്രിയായി നിയമിച്ചതെന്നും അതിനുശേഷം ആരോഗ്യമന്ത്രി ടി.എസ്. സിംഗ്ദേവ് മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ഹൈക്കമാൻഡ് നിർദേശപ്രകാരമാണു താൻ മുഖ്യമന്ത്രിയായതെന്നും അവർ ആവശ്യപ്പെട്ടാൽ സ്ഥാനമൊഴിയുമെന്നും ബാഗേൽ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയായി തുടരാമെന്നു ബാഗേലിനു ഹൈക്കമാൻഡ് ഉറപ്പു നല്കിയെന്ന് അനുയായികൾ പറയുന്നു. നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ സത്യമില്ലെന്ന് ഛത്തീസ്ഗഡിന്റെ ചുമതലയുള്ള പി.എൽ. പുനിയ പറഞ്ഞു. ഇന്നലെ പുനിയയെ ബാഗേൽ സന്ദർശിച്ചിരുന്നു.

No comments