Breaking News

മഹാരാഷ്ട്ര സർക്കാരിനെ തകർക്കാൻ കേന്ദ്ര സർക്കാരിന്റെ അവസാനത്തെ അടവും..?? പഴയ കേസുകള്‍ പൊടിതട്ടിയെടുത്ത് ഇ.ഡി ; വിരട്ടുന്നെന്ന്..


മുംബൈ: രാഷ്ട്രീയ എതിരാളികള്‍ളെ ഒതുക്കാന്‍ ദേശീയ ഏജന്‍സികളെ ഉപയോഗപ്പെടുത്തുകയും റെയ്ഡ് നടത്തുകയും ചെയ്യുന്ന എന്ന ആക്ഷേപം അധികാരത്തിലേറിയത് മുതല്‍ ബിജെപി നേരിടുന്നുണ്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇഡിയുടെ നീക്കങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മുന്നില്‍ വെച്ചുള്ളതാണെന്ന ആരോപണം ഇപ്പോഴും ബിജെപി ഇതരര്‍ ഉന്നയിമ്ബോള്‍ മഹാരാഷ്ട്രയില്‍ നേതാക്കള്‍ക്കെതിരേ പഴയ കേസുകള്‍ പൊടിതട്ടിയെടുത്ത് വീണ്ടും കേസുകളുമായി ഇഡി.


മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനും എന്‍സിപി നേതാവ് ശരദ് പവാറിന്റെ മരുമകന്‍ അജിത് പവാറിനും ശിവസേനാ നേതാവ് പ്രതാപ് സര്‍നായിക്കിനും എതിരേയുള്ള കേസുകള്‍ ഇ.ഡി. പൊടി തട്ടിയെടുത്തിരിക്കുന്നത് മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാരിനെ മറിക്കാനും എന്‍സിപി നേതാവ് ശരദ് പവാറിനെ ഒതുക്കാനുമാണെന്നാണ് സഖ്യസര്‍ക്കാരിലെ കക്ഷികളുടെ ആരോപണം.


നേരത്തേ മന്ദഗതിയില്‍ ആയിരുന്ന അന്വേഷണം അടുത്തിടെ വേഗം പ്രാപിച്ചെന്നും ആരോപിക്കുന്നു.


അനില്‍ദേശ്മുഖിന്റെ മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളിലെ വീടുകളില്‍ അടുത്തിടെ ഇ.ഡി. റെയ്ഡ് നടത്തുകയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. വഞ്ചനാ കേസില്‍ അജിത് പവാറിന്റെയും ഭാര്യയുടേയും പേരിലുള്ള ഫാക്ടറി കണ്ടു കെട്ടിയതും അടുത്തിടെയാണ്. ശിവസേനയുടെ മുതിര്‍ന്ന എംഎല്‍എയും പാര്‍ട്ടി വക്താവും ആയ പ്രതാപ് സര്‍നായിക്കും കള്ളപ്പണക്കേസില്‍ ഇഡി അന്വേഷണം നേരിടുകയാണ്.


ഇതിനെല്ലാം ഉടനടി കാരണമായത് ശരദ് പവാറിന്റെയും പ്രശാന്ത് കിഷോറിന്റെയും അടുത്തിടെ നടന്ന കൂടിക്കാഴ്ചയാണെന്നാണ് എന്‍സിപി പറയുന്നത്. ശരദ് പവാര്‍ മൂന്നാം മുന്നണി ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ നടത്താന്‍ തുടങ്ങിയതോടെ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ കൊണ്ട് പഴയ പരിപാടി വീണ്ടും പൊടിതട്ടിയെടുക്കുന്നു എന്നാണ് ആരോപണം. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും ശരദ് പവാറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത് കഴിഞ്ഞയാഴ്ചയാണ്. ഇത് മുന്നാം മുന്നണിയെ കുറിച്ചുള്ള ചര്‍ച്ചകളാകാം എന്ന തരത്തില്‍ അഭ്യൂഹങ്ങളും പുറത്തു വന്നിരുന്നു.


ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനെയും ബിജെപി വിരുദ്ധരായ ആശയക്കാരേയും ഒരേ ചേരിയില്‍ ഒന്നിപ്പിക്കാനുള്ള ശ്രമമായി വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രശാന്ത് കിഷോറിന് പുറമേ മറ്റ് ചില രാഷ്ട്രീയ കക്ഷി നേതാക്കളുമായും ശരദ്പവാര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പിന്നാലെ ഇഡി കേസന്വേഷണവുമായി ഇറങ്ങുകയും ചെയ്തു.


മഹാരാഷട്രയില്‍ ഭരണം നടത്തുന്ന സഖ്യത്തെ പൊളിക്കാന്‍ ഒരു വശത്ത് ബിജെപി ശക്തമായ നീക്കം നടത്തുമ്ബോഴാണ് മറുവശത്ത് ഇ.ഡി.യും സിബിഐ യും സമ്മര്‍ദ്ദമുണ്ടാക്കുന്നത്. സഖ്യം തനിയെ പൊളിഞ്ഞു പോകും എന്നും ശിവസേന തിരിച്ചു വരുമെന്നും ആയിരുന്നു ബിജെപി കരുതിയിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉദ്ധവ് താക്കറെയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ബിജെപിയുമായി വീണ്ടും കൈകോര്‍ക്കാനില്ലെന്ന് നിലപാട് ശിവസേന എടുത്തിരുന്നു. കോണ്‍ഗ്രസുമായുള്ള പിണക്കം ശിവസേന പറഞ്ഞു തീര്‍ക്കുകയും ചെയ്തിട്ടുണ്ട്.


മഹാ വികാസ് അഘാഡി സര്‍ക്കാരില്‍ സമ്മര്‍ദം സൃഷ്ടിക്കാനാണ് ഇഡിയുടെ തിടുക്കത്തിലുള്ള നടപടിയെന്നാണ് എന്‍സിപിയുടെയും ശിവസേനയുടെയും ആരോപണം. അജിത് പവാറിനെതിരേ 2019ല്‍ റജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ ഏറെനാളായി അന്വേഷണം മന്ദഗതിയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗതിവേഗം കൂടി. മുംബൈ പൊലീസിലെ അഴിമതിയുമായി ബന്ധപ്പെട്ട് അജിത് പവാറിനെതിരെ സിബിഐ അന്വേഷണം ബിജെപി ആവശ്യപ്പെട്ടത് അടുത്തിടെയാണ്. മുകേഷ് അംബാനിയുടെ വസതിക്കു ബോംബ് ഭീഷണിയുയര്‍ത്തിയ കേസില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുടെ മൊഴിയില്‍ അജിത്തിനെതിരെ ആരോപണമുണ്ടെന്നും ബിജെപി പറയുന്നു.


അധികാരം പിടിക്കാനുള്ള ബിജെപിയുടെ പഴുതുകള്‍ തല്‍ക്കാലം അടഞ്ഞിരിക്കെയാണ് നേരത്തെ മയപ്പെടുത്തിയ അന്വേഷണങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ വീണ്ടും ശക്തമാക്കിയിരിക്കുന്നതെന്നാണ് ആരോപണം.

No comments