Breaking News

പാച്ചേനി ജനറല്‍ സെക്രട്ടറിയായേക്കും..!! സുധാകരന്റെ തട്ടകത്തിൽ ആരാകും കോൺഗ്രസിനെ നയിക്കുക..?? ഇവർക്ക് സാധ്യത.. കെസി ഫാക്ടറും നിർണായകം..

 


കണ്ണൂര്‍: ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്മാരെ മാറ്റുന്നതിനുള്ള നീക്കത്തിന് രാഹുല്‍ഗാന്ധി പച്ചക്കൊടി നല്‍കിയതോടെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ തട്ടകത്തിലും സീറ്റിനായി ചരടു വലി തുടങ്ങി. നിലവിലെ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും അന്ന് രാജിവയ്ക്കേണ്ടതില്ലെന്നായിരുന്നു കെ.പി.സി.സി നേതൃത്വം അറിയിച്ചത്. സ്ഥാനമൊഴിയുന്ന പാച്ചേനിയെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കവും സജീവമാണ്.


കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനം കെ. സുധാകരന് സ്വാധീനമുള്ളവരില്‍ തന്നെ എത്തുമെന്നാണ് വിലയിരുത്തല്‍. അങ്ങിനെയെങ്കില്‍ നിലവില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ മാര്‍ട്ടിന്‍ ജോര്‍ജിനായിരിക്കും മുന്‍തൂക്കം.


നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ നേതൃത്വത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച ഡി.സി.സി ജനറല്‍ സെക്രട്ടറി സി. രഘുനാഥ്, കെ.പി.സി.സി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി, കെ.പി. സാജു എന്നിവരും പരിഗണനാ പട്ടികയിലുണ്ട്.


ഇരിക്കൂര്‍ ഫാക്ടറും


കെ.സി. ജോസഫിന്റെ സിറ്റിംഗ് സീറ്റായ ഇരിക്കൂറില്‍ കെ.സി. ജോസഫ് ഇത്തവണ മത്സരരംഗത്തു നിന്നു മാറിയപ്പോള്‍ ഈ സീറ്റില്‍ എ ഗ്രൂപ്പുകാര്‍ സോണി സെബാസ്റ്റ്യനെ മത്സരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കെ.സി. വേണുഗോപാല്‍ ഗ്രൂപ്പുകാരനായ സജീവ് ജോസഫിനായിരുന്നു സീറ്റ് നല്‍കിയത്. സീറ്റ് നിഷേധിച്ചതില്‍ എ ഗ്രൂപ്പ് പാര്‍ട്ടിക്കകത്ത് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരുമായി ഇക്കാര്യം കണ്ണൂരിലെ എ ഗ്രൂപ്പുകാര്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ഡി.സി.സി പുനഃസംഘടനയില്‍ പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് നല്‍കാമെന്ന ഉറപ്പിലായിരുന്നു അന്ന് പ്രശ്‌നം പരിഹരിച്ചത്. എ ഗ്രൂപ്പിനാണ് പ്രസിഡന്റ് സ്ഥാനം നല്‍കുന്നതെങ്കില്‍ സോണി സെബാസ്റ്റ്യന്‍, പി.ടി. മാത്യു എന്നിവര്‍ പ്രഥമ പരിഗണനയിലുണ്ട്. അതിനിടെ കെ.സി വേണുഗോപാലിന്റെ ഗ്രൂപ്പുകാരായ വി.എ. നാരായണന്‍, സജീവ് മാറോളി എന്നിവരും പ്രസിഡന്റ് സ്ഥാനത്തിനായി രംഗത്തുണ്ട്. ഹൈക്കമാന്‍ഡില്‍ വേണുഗാപാല്‍ സമ്മര്‍ദ്ദം ചെലുത്തി വിജയിച്ചാല്‍ ഇരിക്കൂര്‍ സീറ്റ് എ ഗ്രൂപ്പിന് നഷ്ടപ്പെട്ടതു പോലെ ഡി.സി.സി പ്രസിഡന്റ് സ്ഥാനവും വേണുഗോപാല്‍ ഗ്രൂപ്പിനാകും.

No comments