കൊടകര കേസില്‍ ഒത്തുതീര്‍പ്പ് ആരോപണം..; മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനത്തില്‍ നടന്നതെന്ത്..?? കസ്റ്റംസ് കമ്മിഷണറെ മാറ്റിയതെന്തിന്..?? സജീവ ചര്‍ച്ചയാക്കാന്‍ കോൺഗ്രസ്..
തിരുവനന്തപുരം: കൊടകര കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുളള നേതാക്കളെ പ്രതികളാക്കില്ലയെന്ന അന്വേഷണ സംഘത്തിന്‍റെ തീരുമാനത്തിന് പിന്നാലെ വിഷയം സജീവ ചര്‍ച്ചയാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. വാര്‍ത്ത പുറത്തുവന്നയുടന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ഫോണിലൂടെ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി. ലാവ്‌ലിന്‍ കേസിലടക്കം പ്രതിപക്ഷം സ്ഥിരമായി ഉന്നയിക്കുന്ന എല്‍ ഡി എഫ്- എന്‍ ഡി എ ഒത്തുതീര്‍പ്പ് ഫോര്‍മുല ശരിവയ്‌ക്കുന്നതാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
ബി ജെ പി നേതാക്കള്‍ക്കെതിരെ കേസെടുക്കേണ്ടെന്ന തീരുമാനത്തിന് പിന്നില്‍ രാഷ്‌ട്രീയ ഇടപടെലുണ്ടെന്ന് പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്താനാണ് നേതൃത്വം പ്രാഥമികമായി തീരുമാനിച്ചിരിക്കുന്നത്.
ടെലിവിഷന്‍ ചര്‍ച്ചകള്‍ക്ക് പോകുന്ന വക്താക്കള്‍ ഇക്കാര്യം സജീവമായി നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും പാര്‍ട്ടി നിര്‍ദേശമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡല്‍ഹി സന്ദര്‍ശനത്തിന് പിന്നാലെയുണ്ടായ നീക്കം ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ നോക്കികാണുന്നത്. കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിനെ ഇന്നലെ സ്ഥലംമാറ്റിയതും കൊടകര കേസും തമ്മില്‍ കൂട്ടിവായിക്കപ്പെടേണ്ടതാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. മഹാരാഷ്ട്രയില്‍ ജി.എസ്.ടി കമ്മിഷണറായാണ് സുമിത് കുമാറിനെ സ്ഥലംമാറ്റിയത്.
സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് തുടങ്ങിയ കേസുകളില്‍ സംസ്ഥാന സര്‍ക്കാരും സുമിത് കുമാറും പലതവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരുന്നു. ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രിക്കും, കഴിഞ്ഞ സര്‍ക്കാരിലെ സ്‌പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ എല്‍.ഡി.എഫ് പരസ്യ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്‌തിരുന്നു. സുമിത് കുമാറെടുത്ത നിലപാട് മൂലമാണ് കോണ്‍സുലേറ്റിന്‍റെ എതിര്‍പ്പ് മറികടന്നും നയതന്ത്ര ബാഗേജ് തുറന്നു പരിശോധിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ- എല്‍.ഡി.എഫ് ധാരണയുണ്ടായിരുന്നുവെന്ന യു.ഡി.എഫ് ആരോപണത്തിന് മൂര്‍ച്ഛ കൂട്ടുന്നതാണ് കൊടകര കേസില്‍ അന്വേഷണസംഘത്തിന്‍റെ തീരുമാനം. വാര്‍ത്ത പുറത്തുവന്നയുടന്‍ ഇക്കാര്യം ഉന്നയിച്ച് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത് ഇതിന്‍റെ സൂചനയാണ്.69 മണ്ഡലങ്ങളില്‍ എന്‍ ഡി എ, എല്‍ ഡി എഫിനായി വോട്ട് മറിച്ചെന്നാണ് അദ്ദേഹം പറയുന്നത്.
കേസിലെ രാഷ്ട്രീയമാനം പൂര്‍ണമായും പൊലീസ് അവസാനിപ്പിക്കുന്നു എന്ന് വേണം കണക്കാക്കേണ്ടത്. ബി ജെ പിക്ക് വേണ്ടി കൊണ്ടുവന്ന പണമാണെന്നാണ് ആദ്യം അന്വേഷണസംഘം പറഞ്ഞിരുന്നത്. ഇക്കാര്യം ഇരിങ്ങാലക്കുട കോടതിയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേസില്‍ യുടേണ്‍ അടിച്ച് ഇതൊരു കവര്‍ച്ചാക്കേസായി മാത്രം അവസാനിപ്പിക്കവേ, സംസ്ഥാനസര്‍ക്കാര്‍ കേസ് വെളുപ്പിച്ച് ഒരു കേന്ദ്ര ഏജന്‍സിക്ക് കൈമാറാന്‍ ഒരുങ്ങുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിന്‍റെ രാഷ്ട്രീയമാനങ്ങള്‍ അതുകൊണ്ട് തന്നെ വലുതാകുകയും ചെയ്യും.
കുറ്റപത്രത്തില്‍ പറയുന്നത് പോലെ, കേസ് ഇ ഡി ഏറ്റെടുക്കുമോ എന്ന കാര്യം സംശയമാണ്. നേരത്തേ, കേസില്‍ എന്‍ഫോഴ്സ്മെന്‍റ് അന്വേഷണത്തിന്‍റെ സാദ്ധ്യതകള്‍ ചൂണ്ടിക്കാട്ടി ആഴ്‌ചകള്‍ക്കു മുമ്ബേ തന്നെ സംസ്ഥാന പൊലീസ് കത്തു നല്‍കിയിരുന്നതാണ്. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ അടക്കമുളളവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നതോടെയാണ് എന്‍ഫോഴ്സ്മെന്‍റ് പിന്‍വലിഞ്ഞത്.
കളളപ്പണ ഇടപാട് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് സലീം മടവൂര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇ ഡിയുടെ ഒളിച്ചുകളി പുറത്തുവന്നത്. പത്തുദിവസത്തിനുളളില്‍ മറുപടി വേണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ എന്‍ഫോഴ്സ്മെന്‍റ് മറുപടി നല്‍കിയില്ല. കാര്യങ്ങള്‍ വിശദമായി പരിശോധിക്കണമെന്നും രണ്ടാഴ്‌ചത്തെ സമയം കൂടി വേണമെന്നും ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച ഹൈക്കോടതി സമയം നീട്ടി നല്‍കി. കേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ മടിച്ചു നില്‍ക്കുന്നതിനെതിരെ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നതാണ്. ഇനി കുറ്റപത്രത്തില്‍ കൂടി ഇക്കാര്യം ആവശ്യപ്പെടുമ്ബോള്‍ ഇ ഡി എന്ത് നിലപാടെടുക്കും എന്നത് നിര്‍ണായകമാണ്.

No comments