Breaking News

'ഉവൈസി മികച്ച നേതാവെന്ന് യോഗി'..!! പക്ഷേ യുപിയിൽ..


 നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ പോര് മുറുകുകയാണ്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആത്മവിശ്വാസം നല്‍കുന്നു. അത് പ്രകടമാക്കുന്നതാണ് ഏറ്റവും ഒടുവിലെ യോഗിയുടെ പ്രസ്താവന. അടുത്ത തവണയും ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് യോഗി അഭിപ്രായപ്പെട്ടു. എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസിയുടെ വെല്ലുവിളി സ്വീകരിച്ചുകൊണ്ടാണ് യോഗിയുടെ പരാമര്‍ശം. അടുത്ത തവണ ബിജെപിയെ ഉത്തര്‍പ്രദേശ് ജനത തെരഞ്ഞെടുക്കില്ലെന്നായിരുന്നു ഉവൈസി പറഞ്ഞത്. എന്നാല്‍ നിസംശയം ബിജെപി അടുത്ത തവണയും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് യോഗി പറഞ്ഞു.


'രാജ്യത്തെ ഉന്നത നേതാവാണ് ഉവൈസി. 2022 ലെ തെരഞ്ഞെടുപ്പ് മുന്നോടിയായുള്ള ഉവൈസിയുടെ വെല്ലുവിളി ബിജെപി പ്രവര്‍ത്തകര്‍ ഏറ്റെടുക്കുന്നു. 2022 ലും ബിജെപി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് നിസ്സംശയം പറയാം.' യോഗി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഉത്തര്‍പ്രദേശിലെ ജില്ലാ പരിഷത് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയമെന്നും 300 സീറ്റ് പിടിച്ചെടുക്കുമെന്നും യോഗി കൂട്ടിചേര്‍ത്തു.


ഉത്തര്‍പ്രദേശില്‍ നടന്ന ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ഉണ്ടായിരിക്കുന്നത്. 75 സീറ്റുകളില്‍ 65 സീറ്റും ബിജെപി പിടിച്ചെടുത്തപ്പോള്‍ സമാജ്വാദി പാര്‍ട്ടിക്ക് ആറ് സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. കോണ്‍ഗ്രസിനാകട്ടെ ഒരു സീറ്റും നേടാനായില്ല.


ബിജെപിക്ക് 65 സീറ്റുകളും എസ്പിക്ക് ആറ് സീറ്റുകളും മറ്റ് പാര്‍ട്ടികള്‍ നാല് സീറ്റുകളുമാണ് സ്വന്തമാക്കിയത്. 75 സീറ്റില്‍ 21 ബിജെപി ചെയര്‍മാന്മാരും ഒരു എസ്പി ചെയര്‍മാനുമടക്കം 22 പേര്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടിരുന്നു. അവശേഷിക്കുന്ന 53 സീറ്റുകളിലേക്ക് ശനിയാഴ്ച്ച നടന്ന തെരഞ്ഞൈടുപ്പില്‍ വന്‍ തിരിച്ചടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഉണ്ടായത്. അതേസമയം ബിജെപി ഭരണം ഉപയോഗിച്ച്‌ തെരഞ്ഞൈടുപ്പ് അട്ടിമറിച്ചെന്നാരോപിച്ചെന്നാണ് പ്രതിപക്ഷ ആരോപണം.

No comments