Breaking News

ജോസിനെ കാലുവാരി വീഴ്ത്തിയത് ആര്..?? പിന്നില്‍ സിപിഎം പ്രവര്‍ത്തകർ..?? പരാതിയില്‍ അന്വേഷണം..

 


കോട്ടയം: കേരളാ കോണ്‍ഗ്രസ് മത്സരിച്ച 12 സീറ്റുകളില്‍ പലയിടത്തും സിപിഎം പ്രവര്‍ത്തകര്‍ തന്നെ കാലുവാരിയെന്ന് ജോസ്.കെ മാണിയുടെ പരാതിയില്‍ കടുത്ത നടപടിയിലേക്ക് സിപിഎം. ഇടത് മുന്നണിയില്‍ ജോസ് ഉന്നയിച്ച പരാതിയില്‍ രണ്ടംഗ പാ‌ര്‍ട്ടി കമ്മിഷനെ നിയോഗിച്ച്‌ അന്വേഷിക്കാനാണ് സിപിഎം തീരുമാനം.


പാര്‍ട്ടിക്ക് ഉറച്ച വിജയപ്രതീക്ഷയുണ്ടായിരുന്ന പാലായിലും കടുത്തുരുത്തിയിലും അപ്രതീക്ഷിതമായി പരാജയം സംഭവിച്ചത് കാലുവാരല്‍ കൊണ്ടാണ്. പ്രാദേശിക സിപിഎം പ്രവര്‍ത്തകരും നേതാക്കളും വേണ്ടത്ര സഹകരിച്ചില്ല. മദ്ധ്യ കേരളത്തില്‍ സിപിഎം മത്സരിച്ചയിടങ്ങളിലെല്ലാം കേരളാ കോണ്‍ഗ്രസ് വോട്ടുപയോഗിച്ച്‌ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു.


എന്നാല്‍ തിരികെ ആ സഹകരണം ലഭിച്ചില്ല.തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം മുന്‍പ് പാലാ മുനിസിപ്പാലിറ്റിയില്‍ തമ്മിലടി നടന്നതുള്‍പ്പടെ കമ്മീഷന്‍ പരിഗണിക്കാനും തീരുമാനമുണ്ട്.


പിറവം സീറ്റില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോല്‍ക്കുമെന്ന് സിപിഎമ്മിലെ പ്രാദേശിക നേതാക്കള്‍ തന്നെ പ്രചാരണം നടത്തി. പെരുമ്ബാവൂരിലും ശത്രുക്കള്‍ക്ക്നേതാക്കളുടെ സഹായം ലഭിച്ചു. കുറ്റ്യാടി സീ‌റ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതിനെതിരെയുണ്ടായ പ്രതിഷേധത്തിന്റെ പേരില്‍ കെ.പി കു‌ഞ്ഞഹമ്മദ് കുട്ടി എംഎല്‍‌എയ്‌ക്കെതിരെ അച്ചടക്ക നടപടി സിപിഎം സ്വീകരിച്ചത് പാര്‍ട്ടി വിഷയം ഗൗരവമായി കാണുന്നതിന്റെ സൂചനയാണ്. എല്ലാ ജില്ലകളിലും ഇത്തരത്തില്‍ കമ്മിഷന്‍ ജോസിന്റെ പരാതിയില്‍ അന്വേഷണം നടത്താനാണ് സാദ്ധ്യത.

No comments