പെഗാസസ് വിഷയത്തില്‍ ബിജെപിക്ക് തലവേദനയുമായി നിതീഷ് കുമാർ...!! ചോർത്തിയ കാര്യങ്ങൾ..
ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് കേന്ദ്ര ഭരണത്തിലുള്ള എന്‍.ഡി.എ മുന്നണിയില്‍ ഭിന്നത. ബിഹാര്‍ മുഖ്യമന്ത്രിയും ബി.ജെ.പി സഖ്യകക്ഷി ജെ.ഡി.യുവിന്‍റെ നേതാവുമായ നിതീഷ് കുമാറാണ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.
'ആളുകളെ ബുദ്ധിമുട്ടിക്കാനും ശല്യപ്പെടുത്താനും ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്. എല്ലാ കാര്യവും പരസ്യമാക്കണം. പാര്‍ലമെന്‍റില്‍ ദിവസങ്ങളായി ഈ വിഷയം ഉയരുന്നു. മാധ്യമങ്ങളിലും വാര്‍ത്തകള്‍ വരുന്നു. അതിനാല്‍ ഈ വിഷയം ചര്‍ച്ച ചെയ്യണം. അന്വേഷിക്കപ്പെടുകയും വേണം' -നിതീഷ് കുമാര്‍ വ്യക്തമാക്കി.
പാര്‍ലമെന്‍റ് സമ്മേളനം ആരംഭിച്ചതു മുതല്‍ പ്രതിപക്ഷ കക്ഷികള്‍ പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം വേണമെന്നും ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെടുകയാണ്. എന്നാല്‍, ഇക്കാര്യത്തില്‍ അന്വേഷണമോ ചര്‍ച്ചയോ വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ, ഇരുസഭകളും പ്രക്ഷുബ്ധമാണ്.
ഇസ്രയേല്‍ ചാര സോഫ്റ്റ്വെയര് ആയ പെഗസസ് ഉപയോഗിച്ച് ലോകവ്യാപകമായി ഫോണ്‍ ചോര്‍ത്തിയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ ചേര്‍ന്ന് പുറത്തുവിട്ട റിപ്പോര്‍ട്ട്. ഇന്ത്യയില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും രണ്ട് കേന്ദ്ര മന്ത്രിമാരുടെയും നിരവധി മാധ്യമപ്രവര്‍ത്തകരുടെയും മറ്റും ഫോണുകളാണ് പെഗസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി കണ്ടെത്തിയത്.

No comments