Breaking News

ഉറപ്പ് കിട്ടി.. എം.പിയായി തുടരുമെന്ന്..!! മുന്‍ നിലപാടില്‍ മലക്കം മറിഞ്ഞ് ബാബുല്‍ സുപ്രിയോ..

 


ന്യൂഡല്‍ഹി: രാഷ്ട്രീയം വിടുന്നതായ പ്രഖ്യാപനത്തില്‍ തിരുത്തുമായി മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ബാബുല്‍ സുപ്രിയോ. രാഷ്ട്രീയം വിടുന്നതോടൊപ്പം എം.പി സ്ഥാനം രാജിവെക്കുമെന്നായിരുന്നു ബാബുല്‍ സുപ്രിയോ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാല്‍, എം.പി സ്ഥാനം രാജിവെക്കില്ലെന്നും പാര്‍ലമെന്‍റില്‍ തുടരുമെന്നുമാണ് പുതിയ പ്രസ്താവന.


പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള ലോക്​സഭ എം.പിയാണ് സുപ്രിയോ. 'അസന്‍സോള്‍ എം.പിയായി ഭരണഘടനാപരമായി പ്രവര്‍ത്തനം തുടരും. എന്നാല്‍, അതിനപ്പുറമുള്ള രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കും. മറ്റൊരു പാര്‍ട്ടിയുടെയും ഭാഗമാകില്ല. ഡല്‍ഹിയിലെ എം.പി വസതി ഉടന്‍ ഒഴിയും.


സുരക്ഷ ഉദ്യോഗസ്ഥരെ ഒഴിവാക്കും' -ബാബുല്‍ സുപ്രിയോ പറഞ്ഞു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പുതിയ പ്രഖ്യാപനം.


രണ്ട്​ തവണ പാര്‍ലമെന്‍റ്​ അംഗമായ സുപ്രിയോക്ക്​ ജൂലൈ ഏഴിന്​ മോദി മന്ത്രി സഭ പുനസംഘടിപ്പിച്ചപ്പോഴാണ്​ കേന്ദ്രമന്ത്രി സ്ഥാനം നഷ്​ടമായത്. സുപ്രിയോ അമര്‍ഷത്തിലാണെന്ന്​ പലകുറി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് തുടര്‍ച്ച‍യായാണ് രാഷ്ട്രീയം വിടുകയാണെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയത്.


ഒന്നാം മോദി സര്‍ക്കാരിലും ബാബുല്‍ സുപ്രിയോ മന്ത്രിയായിരുന്നു. പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ അനൂപ്​ ബിശ്വാസിനോട്​ പരാജയപ്പെട്ടിരുന്നു. ബി.ജെ.പി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ്​ ഘോഷുമായി സുപ്രിയോക്ക്​ നല്ല ബന്ധമല്ല ഉള്ളത്​. ഗായക വേഷത്തില്‍ പ്രസിദ്ധനായ സുപ്രിയോ 2014ലാണ്​ ബി.ജെ.പിയിലെത്തിയത്​.

No comments