ഹൈക്കമാന്‍ഡ് കൈവിടും..!! അച്ചടക്കം പഠിക്കാന്‍ ഗ്രൂപ്പ് നേതാക്കള്‍..!! ഇല്ലെങ്കിൽ ഉടൻ നടക്കുന്ന...
ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയെക്കുറിച്ചും കെപിസിസി നേതൃത്വത്തെക്കുറിച്ചും അപകീര്‍ത്തിപരമായ പരസ്യപ്രതികരണങ്ങള്‍ക്കു കൂച്ചുവിലങ്ങിട്ട ഹൈക്കമാന്‍ഡ് നിര്‍ദേശത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ബ്രേക്ക് ദി ചെയിന്‍ നടപ്പാക്കാന്‍ എ, ഐ അണികള്‍ക്കു നിര്‍ദേശം. തെരഞ്ഞെടുക്കപ്പെട്ട ഡിസിസി പ്രസിഡന്റുമാരെക്കുറിച്ചു മോശമായ പരാമര്‍ശങ്ങള്‍ പൊതുഇടങ്ങളില്‍ വേണ്ടെന്ന് എ, ഐ ഗ്രൂപ്പ് നേതാക്കള്‍ കെപിസിസി ഭാരവാഹികള്‍ക്കും ജില്ലാഭാരവാഹികള്‍ക്കും നിര്‍ദേശം നല്കി.
പ്രതിഷേധങ്ങളുണ്ടെങ്കില് അക്കാര്യം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് ബന്ധപ്പെട്ടവര്‍ നേതൃത്വത്തെ അറിയിക്കും. പരസ്യപ്രതികരണം നടത്തുന്നവര്‍ക്കു ഭാവിയില്‍ സ്ഥാനങ്ങള്‍ നല്കാന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തയാറാവില്ലെന്ന നിലപാട് പുറത്തുവന്നതിനു പിന്നാലെയാണ് സ്വയംനിയന്ത്രിക്കാന്‍ നേതാക്കള്‍ക്കു നിര്‍ദേശം ലഭിച്ചത്.
ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തിനു പിന്നാലെ കെപിസിസി ഭാരവാഹികളെയും ഉടന്‍ നിശ്ചയിക്കാനിരിക്കെയാണ് ഗ്രൂപ്പ് നേതാക്കള്‍ അച്ചടക്കം പാലിക്കാന്‍ നിര്‍ദേശം നല്‍കിയത്. സമൂഹമാധ്യമങ്ങളില്‍ കെ. സുധാകരനെതിരേയും വി.ഡി. സതീശനെതിരെയും പരസ്യമായി പ്രതികരിക്കുന്നവരെ കണ്ടെത്താന്‍ "കെഎസ് ബ്രിഗേഡും' രംഗത്തുണ്ട്. കെപിസിസി ഭാരവാഹികള്‍, ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികള്‍ , മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളാക്കി പ്രവര്‍ത്തകരുടെ പട്ടിക തയാറാക്കുകയും ഇവരില്‍ സമൂഹമാധ്യമങ്ങളില്‍ സജീവ പങ്കാളികളാവുന്നവരെ നിരീക്ഷിക്കുകയുമാണ് ചെയ്തുവരുന്നത്. ഡിസിസി പ്രസിഡന്റ് പ്രഖ്യാപനത്തിനു ശേഷമുള്ള പോസ്റ്റുകളും ഷെയറുകളുമാണ് പരിശോധിക്കുന്നത്. മുമ്പ് എ, ഐ ഗ്രൂപ്പുകളില്‍ സജീവമായുണ്ടായിരുന്നവരില് പലരും ഇപ്പോള്‍ സുധാകരനൊപ്പമാണുള്ളത്. സഹപ്രവര്‍ത്തകരെ കേന്ദ്രീകരിച്ചുള്ള ഇവരുടെ രഹസ്യനിരീക്ഷണവും കെഎസ് ബ്രിഗേഡിന് സഹായകമാണ്.
ഗ്രൂപ്പുകള്‍ക്കതീതമായി കെപിസിസി ഭാരവാഹികളെക്കൂടി നിയമിക്കാനാണ് കെപിസിസി നേതൃത്വം ആലോചിക്കുന്നത്. അതിനാല്‍ ഗ്രൂപ്പ് വിട്ടു സജീവമാകാനുള്ള ഒരുക്കങ്ങള്‍ പ്രവര്‍ത്തകരും ആരംഭിച്ചു.
കെപിസിസിയുടെ ജനറല്‍ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയുമാണ് അടുത്ത ഘട്ടത്തില്‍ നിശ്ചയിക്കാനുള്ളത്. കൂടാതെ, ഡിസിസി അധ്യക്ഷനു പുറമേ മറ്റു ഭാരവാഹികളെക്കൂടി തീരുമാനിക്കാനുണ്ട്. പുതിയ ഭാരവാഹി പട്ടിക തയാറാക്കുമ്പോള്‍ പരിഗണന ലഭിക്കുന്നതിനായി സമ്മര്‍ദം ശക്തമാക്കാനും എ, ഐ ഗ്രൂപ്പ് നേതാക്കള്‍ നീക്കം നടത്തുന്നുണ്ട്. ഇരു ഗ്രൂപ്പുകളും ഒറ്റക്കെട്ടായി നില്‍ക്കാനാണ് തീരുമാനിച്ചത്. അനുചിതമായ പട്ടികയാണ് തയാറാക്കുന്നതെങ്കില്‍ ഒറ്റക്കെട്ടായി എതിര്‍ക്കാനുള്ള തയാറെടുപ്പുകളും ആരംഭിച്ചിട്ടുണ്ട്.

No comments