എന്റെ പിഴവുകള്‍ ക്ഷമിക്കണമെന്ന് സതീശന്‍..!! പിന്നോട്ടില്ലെന്ന് സുധീരൻ.. കോണ്‍ഗ്രസിലെ അനുനയ നീക്കം പാളി..!! സുധീരന്റെ മനസ്സിലിരിപ്പ് ഇതാണോ..??
കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നുള്ള വി എം സുധീരന്റെ രാജി പിന്‍വലിപ്പിക്കാനുളള നേതാക്കളുടെ ശ്രമം പാളി.
രാജി പിന്‍വലിക്കുന്ന പ്രശ്നമേ ഇല്ലെന്ന് സുധീരന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. രാജിയില്‍ നിന്ന് സുധീരന്‍ പിന്‍മാറില്ലെന്ന് സതീശന്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സൂചിപ്പിക്കുകയും ചെയ്തു. ഹൈക്കമാന്‍ഡ് ഇടപെടലിനെ തുടര്‍ന്ന് അനുനയശ്രമവുമായി തന്‍റെ വീട്ടിലെത്തിയ പ്രതിപക്ഷനേതാവിനോട് രാഷ്ട്രീയകാര്യസമിതിയെ നോക്കുകുത്തിയാക്കി ചില നേതാക്കള്‍ തമ്മില്‍ കൂടിയാലോചനകള്‍ നടത്തുന്നതിലെ അതൃപ്തി സുധീരന്‍ വ്യക്തമാക്കുകയും ചെയ്തു. ഇരുവരും അടച്ചിട്ട മുറിയില്‍ ഏറെനേരം സംസാരിച്ചു. സുധീരനുമായി ചര്‍ച്ച നടത്തുമെന്നും രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുമെന്നും കെ സുധാകരനും എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും നേരത്തേ പറഞ്ഞിരുന്നു. സുധീരന്റെ പരാതിയെന്താണെന്ന് അറിയില്ലെന്നും രണ്ട് തവണ അദ്ദേഹത്തെ വിളിക്കുകയും വീട്ടില്‍പോയി കാണുകയും ചെയ്‌തെന്നാണ് കെ.സുധാകരന്‍ ആദ്യം പ്രതികരിച്ചത്.
എന്നാല്‍ സുധീരനെ കാണാന്‍ എത്തിയത് രാജി പിന്‍വലിപ്പിക്കാനല്ലെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറയുന്നത്. 'അദ്ദേഹത്തെ വീട്ടിലെത്തി കണ്ടത് എന്റെ ഭാഗത്തെ വീഴ്ച അറിയിക്കാനാണ്. അങ്ങനെ പറയേണ്ടത് എന്റെ ചുമതലയാണ്. അദ്ദേഹത്തിന്റെ തീരുമാനം പിന്‍വലിക്കാന്‍ പത്ത് സതീശന്‍ വിചാരിച്ചാലും ആവില്ല. രാജി പിന്‍വലിപ്പിക്കാന്‍ ഞാന്‍ ആളല്ല. നേതൃത്വത്തിന് ചില വീഴ്ചകളുണ്ടായി. എന്‍റെ പിഴവുകള്‍ക്ക് ക്ഷമ ചോദിച്ചു. നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നയാളാണ് സുധീരന്‍. സംഘടനാപരമായ കാര്യങ്ങള്‍ കെ സുധാകരന്‍ വിശദീകരിക്കുമെന്നും സതീശന്‍ മാദ്ധ്യമങ്ങളാേട് പറഞ്ഞത്.
അതേസമയം, രമേശ് ചെന്നിത്തലയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സുധീരന്‍റെ നിലപാടിന് പരസ്യപിന്തുണയുമായി തന്നെ രംഗത്തെത്തി. വി.എം. സുധീരന്‍ രാഷ്ടീയ കാര്യസമിതിയില്‍ നിന്ന് രാജിവച്ചത് നിര്‍ഭാഗ്യകരമാണെന്നാണ് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടത്. സാന്നിദ്ധ്യവും പങ്കാളിത്തവും രാഷ്ടീയ കാര്യസമിതിക്ക് ഗുണം ചെയ്തിട്ടുണ്ട്. അത് തുടരണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
കടുത്ത അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് വി.എം സുധീരന്‍ രാഷ്‌ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചത്. പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തെ ചൊല്ലി ഉയര്‍ന്ന തര്‍ക്കങ്ങള്‍ ഒന്നടങ്ങിയതില്‍ ആശ്വസിച്ചിരുന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് സുധീരന്റെ രാജി കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. പുതിയ നേതൃത്വം വരുന്നതിനെ തുടക്കത്തില്‍ അനുകൂലിച്ച നേതാവാണ് സുധീരന്‍. പുതിയ നേതൃത്വം പഴയശൈലിയില്‍ കൂട്ടായ ചര്‍ച്ചകളില്ലാതെ നീങ്ങുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പരാതി. പുതിയ നേതൃത്വം വന്നശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യസമിതി യോഗത്തിന് തൊട്ടുമുമ്ബ് മുതിര്‍ന്ന നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു.അതിലേക്ക് മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരെ ക്ഷണിച്ചിരുന്നില്ല. അന്ന് കെ. മുരളീധരന്‍ അതിനെതിരെ രംഗത്ത് വന്നിരുന്നെങ്കിലും സുധീരന്‍ കാര്യമാക്കിയില്ല. അതിനുശേഷവും പുനഃസംഘടനാകാര്യത്തില്‍ കൂടിയാലോചന നടത്തുന്നില്ലെന്നാണ് പരാതിയെന്ന് അറിയുന്നു.
ഡി.സി.സി പ്രസിഡന്റുമാരുടെ കരട് പട്ടികയുമായി ഡല്‍ഹിയില്‍ പോയപ്പോള്‍ പ്രതിഷേധം പ്രകടിപ്പിച്ച് സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. അത് അവഗണിച്ച് അന്തിമപട്ടിക സമര്‍പ്പിച്ചതില്‍ അദ്ദേഹത്തിന് അമര്‍ഷമുണ്ട്. അതാണ് രാജിക്ക് പിന്നില്‍ എന്നാണ് അറിയുന്നത്.

No comments