Breaking News

അച്ചടക്കം ലംഘിച്ചും അച്ചടക്ക നടപടി ഒഴിവാക്കിയും കോണ്‍ഗ്രസില്‍ കലാപമുണ്ടാക്കാന്‍ കരു നീക്കങ്ങളുമായി കോണ്‍ഗ്രസില്‍ പുതിയ 'ഒസിആര്‍ ' ഗ്രൂപ്പ്..!! തങ്ങള്‍ക്കും മേലെ അച്ചടക്കമുള്ള 'സെമി കേഡർ' പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റാന്‍ അനുവദിക്കില്ലെന്ന്..


 കോണ്‍ഗ്രസില്‍ അച്ചടക്കലംഘനത്തിന് അണികളെ ആഹ്വാനം ചെയ്ത് എ, ഐ ഗ്രൂപ്പുകളുടെ പുതിയ നീക്കം.


ഇന്നു കോട്ടയത്ത് നടന്ന ഡിസിസി അധ്യക്ഷന്റെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങിലാണ് ഗ്രൂപ്പുകളുടെ സംയുക്ത നീക്കം. ഇതോടെ പഴയ എ, ഐ ഗ്രൂപ്പുകളൊക്കെ പഴങ്കഥയാകുകയാണ്.


ഇരു ഗ്രൂപ്പുകളും സംയുക്തമായി കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിക്കുകയാണ്. ഇന്ന് നടന്ന പരിപാടിയിലൂടെ നേതാക്കള്‍ നല്‍കിയ സന്ദേശവും ഇതുതന്നെയെന്ന് വ്യക്തം. അച്ചടക്ക നടപടി പണ്ടേ എടുത്തിരുന്നെങ്കില്‍ ഇന്നു പലരും പാര്‍ട്ടിയിലുണ്ടാകില്ലായിരുന്നുവെന്ന ഒളിയമ്ബെയ്താണ് ചെന്നിത്തല തുടങ്ങിയത് തന്നെ.


ചെന്നിത്തലയുടെ പ്രസംഗം ഏറ്റെടുത്ത് കെസി ജോസഫ് കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃത്വം എടുത്ത അച്ചടക്ക നടപടികളെ ചോദ്യം ചെയ്തു. ശിവദാസന്‍ നായര്‍ ചെയ്തത് അച്ചടക്ക ലംഘനമല്ലെന്നായിരുന്നു കെസി ജോസഫിന്റെ നിലപാട്. നേരത്തെ ശിവദാസന്‍ നായര്‍ക്കെതിരെ നടപടിയെടുത്തതിന്റെ പിറ്റേന്ന് തന്നെ കെസി ജോസഫ് അതിനെ എതിര്‍ത്തിരുന്നു.


എന്തായാലു ഇന്നും നേതാക്കളുടെ പരസ്യമായ ആഹ്വാനം അച്ചടക്ക ലംഘനം തന്നെയായതോടെ അത് താഴേത്തട്ടിലേക്കും വ്യാപിപ്പിക്കാനാണ് സാധ്യത. ഇതിനിടെ എ, ഐ ഗ്രൂപ്പുകള്‍ എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളായി നില്‍ക്കേണ്ടെന്ന തീരുമാനവും ഇരുവിഭാഗവും എടുത്തിട്ടുണ്ടെന്നാണ് സൂചന. നേരത്തെ ശക്തമായിരുന്ന ഇരു ഗ്രൂപ്പിലും ഇപ്പോള്‍ വിരലിലെണ്ണാവുന്ന നേതാക്കളല്ലാതെ ആരുമില്ല.


ഇതോടെയാണ് ഇന്നു ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ കോട്ടയത്തെത്തി രമേശിന്റ ഉമ്മന്‍ചാണ്ടി പുകഴ്ത്തല്‍. ഇതില്‍ ഒരു ആത്മാര്‍ത്ഥതയില്ലെന്നും നേതാക്കള്‍മാത്രമല്ല, പ്രവര്‍ത്തകരും പറയുന്നു.


അച്ചടക്ക ലംഘനം നടത്തുന്നതിനോടൊപ്പം പരസ്യ വിമര്‍ശനത്തിന് മുന്നിട്ടുവരുന്ന നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടി ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയാണ് അച്ചടക്കനടപടി എടുത്ത രീതിയെ വിമര്‍ശിച്ചുകൊണ്ടുള്ള കെ.സി ജോസഫിന്‍റെയും ചെന്നിത്തലയുടെയും വിമര്‍ശനം. ഇതോടെ ഗ്രൂപ്പുകളിലെ അവശേഷിക്കുന്ന രണ്ടാം നിരക്കാര്‍ക്ക് പരസ്യ വിമര്‍ശനത്തിന് ഊര്‍ജം പകരാനും ധൈര്യം പകരാനുമാണ് ഈ നേതാക്കളുടെ നീക്കം.

No comments