ബി.ജെ.പിയുമായി നിരന്തരം കൊമ്ബുകോര്‍ക്കൽ..!! വരുണ്‍ ഗാന്ധിയുടെ ലക്ഷ്യമെന്ത്..?
കര്‍ഷക സമരങ്ങളില്‍ നിരന്തരം ബി.ജെ.പി സര്‍ക്കാറുമായി കൊമ്ബുകോര്‍ക്കുന്ന വരുണ്‍ ഗാന്ധി എം.പിയുടെ ലക്ഷ്യം കോണ്‍ഗ്രസിലേക്കുള്ള പ്രവേശനമാണോ അതോ പാര്‍ട്ടിയില്‍ കൂടുതല്‍ സ്ഥാനമാനങ്ങള്‍ ലഭിക്കലാണോ എന്ന സംശയത്തിലാണ് രഷ്ട്രീയ നിരീക്ഷകര്‍.
കഴിഞ്ഞതവണ യു.പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചരടുവലിച്ച വരുണിന് അതിന് സാധിച്ചിരുന്നില്ല. മാത്രമല്ല, രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭയിലും വരുണിനോ മാതാവ് മനേകാ ഗാന്ധിക്കോ ഇടമുണ്ടായിരുന്നില്ല. അടുത്തവര്‍ഷം ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ വേട്ടയാടി വരുണ്‍ ഗാന്ധി നിരന്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി സംഭവത്തില്‍ പ്രതികരിച്ച വരുണ്‍ ഗാന്ധിയേയും മനേകാ ഗാന്ധിയേയും ബി.ജെ.പി നിര്‍വാഹക സമിതിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ബി.ജെ.പി നേതാക്കള്‍ പ്രതികളായ ലഖിംപുര്‍ ഖേരി സംഭവത്തെ ബി.ജെ.പി എം.പിയായ വരുണ്‍ ഗാന്ധി രൂക്ഷമായ ഭാഷയിലായിരുന്നു വിമര്‍ശിച്ചത്.
ഇതിന് ശേഷവും നിരവധി തവണ കര്‍ഷക വിഷയത്തില്‍ ഇടപെട്ട വരുണ്‍ ഗാന്ധി സര്‍ക്കാറുകള്‍ക്കെതിരെ ആഞ്ഞടിച്ചു. സര്‍ക്കാറിന് കീഴിലെ സംഭരണ കേന്ദ്രങ്ങള്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും വിളകള്‍ ഇടനിലക്കാര്‍ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്നുമാണ് കഴിഞ്ഞദിവസം വരുണ്‍ ഗാന്ധി ആരോപിച്ചത്.
താങ്ങുവിലക്ക് നിയമപരമായ പരിരക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്ര സര്‍ക്കാറിന്‍റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. ഇത് നടപ്പാക്കാത്തിടത്തോളം കര്‍ഷകരെ മണ്ഡികളില്‍ ചൂഷണം ചെയ്യുന്നത് തുടരും. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബറേലിയിലെ മാര്‍ക്കറ്റില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോട് സംസാരിക്കുന്ന വീഡിയോയും വരുണ്‍ ഗാന്ധി പോസ്റ്റ് ചെയ്തു. കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ സംസ്ഥാന സര്‍ക്കാറിന് വലിയ നാണക്കേടാണെന്ന് വിഡിയോയില്‍ പറയുന്നത് കേള്‍ക്കാം. കര്‍ഷകരെ തങ്ങളുടെ വിളകള്‍ നിശ്ചയിച്ചതിലും കുറഞ്ഞ വിലക്ക് വില്‍ക്കാന്‍ നിര്‍ബന്ധിക്കുന്ന ഉദ്യോഗസ്ഥരും ഇടനിലക്കാരും തമ്മിലെ അവിശുദ്ധ ബന്ധം രാജ്യത്തുടനീളം ദൃശ്യമാണെന്നും അദ്ദേഹം ആരോപിക്കുന്നു.
ആരെങ്കിലും കര്‍ഷകരോട് മോശമായി പെരുമാറിയാല്‍ കോടതിയെ സമീപിച്ച് അത്തരം ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കും. ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവും രാസവളങ്ങളുടെ അഭാവവും പ്രതികൂല കാലാവസ്ഥയും കാരണം കര്‍ഷകര്‍ കഷ്ടത അനുഭവിക്കുകയാണ്. അതിനിടയിലാണ് സര്‍ക്കാര്‍ സംവിധനങ്ങള്‍ ഇവരെ ദ്രോഹിക്കുന്നത്. ഇത് വരും തലമുറയെ കൃഷിയില്‍നിന്ന് അകറ്റാനും ദേശീയ സുരക്ഷക്കും ഭീഷണിയാകുമെന്നും വരുണ്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
No comments