Breaking News

വീഴ്ചയില്‍ നിന്ന് പാര്‍ട്ടി എഴുനേല്‍ക്കാന്‍ ശ്രമിക്കുമ്ബോള്‍ തകര്‍ക്കാന്‍ നോക്കരുത്..!! പരോക്ഷ വിമര്‍ശനവുമായി മാത്യു കുഴല്‍നാടൻ..

 


കെപിസിസി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ.

വലിയ വീഴ്ചക്ക് ശേഷം പിടഞ്ഞെടുന്നേല്‍ക്കാന്‍ കഠിന പരിശ്രമം നടത്തുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കുന്ന സമീപനം ആരില്‍ നിന്നും ഉണ്ടാവരുതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പാര്‍ട്ടിക്കപ്പുറമല്ല ഒരാളും എന്ന ഓര്‍മ എല്ലാവര്‍ക്കും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നേതൃത്വവുമായുള്ള ഭിന്നത മൂലം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതിനെതിരെ കെപിസിസി ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വലിയ ഒരു വീഴ്ച്ചക്ക് ശേഷം പിടഞ്ഞെഴുനേല്‍ക്കാനുള്ള കഠിന പരിശ്രമത്തിലാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടി. അതിനു വേണ്ടി നേതാക്കളെക്കാര്‍ ഏറെ കഷ്ടപ്പെടുന്നത് താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ ആണ്..

അവര്‍ വെയിലും മഴയും കൊണ്ടും, തെരുവില്‍ പോലീസിന്റെ അടി വാങ്ങിയും ഈ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പരിശ്രമിക്കുമ്ബോള്‍ അവരുടെ മനസ്സ് തകര്‍ക്കുന്ന സമീപനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. അത് എത്ര വലിയ നേതാവാണെങ്കിലും പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല.

പാര്‍ട്ടിക്കപ്പുറമല്ല ഒരാളും എന്ന ഓര്‍മ്മ എല്ലാവര്‍ക്കും ഉണ്ടാകണം. ഞാന്‍ അടക്കമുള്ള എല്ലാ നേതാക്കളും ആയിരിക്കുന്ന പദവികള്‍ ഈ പാര്‍ട്ടിയിലെ സാധാരണക്കാരന്റെ അധ്വാനമാണ്.. ഈ ദിവസങ്ങളില്‍ പത്ര മാധ്യമങ്ങളില്‍ വന്ന ചില വാര്‍ത്തകള്‍ പ്രവര്‍ത്തകരുടെ ആത്മവീര്യം ചോര്‍ത്തി കളയുന്നതാണ് എന്നത് കൊണ്ടാണ് ഇത് ഇവിടെ കുറിച്ചത്.

No comments