തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്..!! മമതയോട് ഇനി മമതയില്ല..
തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം മാസങ്ങളായി നടത്തുന്ന ആക്ഷേപങ്ങള്‍ക്കും രാഷ്ട്രീയ നീക്കങ്ങള്‍ക്കും അതേനാണയത്തില്‍ തിരിച്ചടി കൊടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറെടുക്കുന്നു.
ബിജെപിക്കെതിരേ വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെടണമെന്ന താത്പര്യം മൂലം തൃണമൂലിനോടു പാലിച്ചിരുന്ന സംയമനം ഇനി തുടരേണ്ടെന്നാണു കോണ്‍ഗ്രസിന്റെ തീരുമാനം. കഴിഞ്ഞദിവസം മുംബൈയില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളെ കാണുമ്ബോള്‍ യുപിഎ നിലവിലില്ലെന്നു തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പറഞ്ഞിരുന്നു. ഇത്തരം വാദങ്ങളെ ഇനിയും വകവച്ചുകൊടുക്കേണ്ടതില്ലെന്നാണു കോണ്‍ഗ്രസ് തീരുമാനം. മേഘാലയയിലും ഗോവയിലുമടക്കം പാര്‍ട്ടി നേതാക്കളെ തൃണമൂലിലേക്കു കൂറുമാറ്റിയതു കൂടു പരിഗണിച്ചാണു മമതയോടു കൂടുതല്‍ "മമത' വേണ്ടെന്ന നിലപാട്.
യുപിഎ നിലവിലില്ലെന്ന മമതയുടെ പരിഹാസത്തോട് അതിരൂക്ഷമായാണു കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നു പ്രതികരിച്ചത്. കോണ്‍ഗ്രസില്ലാത്ത യുപിഎ ആത്മാവില്ലാത്ത ശരീരം മാത്രമാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പ്രതികരിച്ചു. പ്രതിപക്ഷം ഐക്യം പുലര്‍ത്തേണ്ട സമയമാണിതെന്നും സിബല്‍.
മമത ബാനര്‍ജിയും ശരദ് പവാറും തമ്മിലുള്ള കൂടിക്കാഴ്ച ആസൂത്രിത ഗൂഢാലോചനയെന്നാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരിയുടെ ആരോപണം. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ അവര്‍ നടത്തിയ ഗൂഢാലോചനയാണത്. തൃണമൂല്‍ നേതാവ് ബിജെപിക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്ന ആളായി മാറിയിരിക്കുന്നു. രാജ്യം മുഴുവന്‍ മമത എന്നു മന്ത്രിക്കുകയാണെന്നാണ് അവര്‍ കരുതുന്നത്. ഇന്ത്യ എന്നാല്‍ ബംഗാള്‍ മാത്രമല്ലെന്ന് അവര്‍ മനസിലാക്കണം. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ അവര്‍ ചെയ്തതൊക്കെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്- ചൗധരി പറഞ്ഞു.
കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപിയെ തോല്‍പ്പിക്കാമെന്നു കരുതുന്നത് സ്വപ്നം മാത്രമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ യാഥാര്‍ഥ്യം ഇതാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വേണുഗോപാല്‍.
രാജ്യത്തിനും ജനാധിപത്യത്തിനും ഉതകുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ബാലാസാഹിബ് തൊറാട്ട് പറഞ്ഞു. പ്രത്യക്ഷമായോ പരോക്ഷമായോ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തിയതുകൊണ്ട് ഏതെങ്കിലുമൊരു പാര്‍ട്ടിക്ക് ബിജെപിയെ ജയിക്കാനാവില്ലെന്നും തൊറാട്ട്.
പാര്‍ട്ടിയുടെ പേരില്‍ കോണ്‍ഗ്രസ് എന്നുള്ളതിനാല്‍ വിവിധ സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളില്‍ അവരെ ഒപ്പം നിര്‍ത്താന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നുവെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രതിപക്ഷം ഇങ്ങനെ തമ്മില്‍ത്തല്ലുന്നതു ശരിയല്ല. ബിജെപിക്കെതിരേ ഒരുമിച്ചു പൊരുതേണ്ടവരാണെന്നോര്‍ക്കണം- ഖാര്‍ഗെ പറഞ്ഞു.
പശ്ചിമ ബംഗാള്‍ നിയമസഭയാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതോടെ മമതയെ ബിജെപിക്കെതിരായ പ്രതിപക്ഷ നേതാവായി ഉയര്‍ത്തിക്കാട്ടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിവിധ സംസ്ഥാനങ്ങളിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്വാധീനം വര്‍ധിപ്പിക്കാനും പാര്‍ട്ടി ശ്രമം തുടങ്ങി. ഗോവ, മേഘാലയ, ബിഹാര്‍, ഹരിയാന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ വിവിധ കക്ഷികളില്‍ നിന്നു നേതാക്കളെയും എംഎല്‍എമാരെയും തൃണമൂല്‍ അടര്‍ത്തിയെടുത്തിരുന്നു. ഇതിനു പുറമേ കോണ്‍ഗ്രസിനെ അവഗണിക്കാനും തുടങ്ങിയിരുന്നു മമത.
ജൂലൈയില്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച മമത ബാനര്‍ജി കഴിഞ്ഞയാഴ്ച തലസ്ഥാനത്തെത്തിയെങ്കിലും കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ തയാറായില്ല. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഡല്‍ഹിയില്‍ വരുമ്ബോഴൊക്കെ സോണിയ ഗാന്ധിയെ കാണണമെന്ന ചട്ടമുണ്ടോ എന്നായിരുന്നു അവരുടെ മറുപടി.
No comments