Breaking News

'ഒത്തൊരുമിച്ചില്ലെങ്കില്‍ 2023ലേത് കോണ്‍ഗ്രസിന്റെ അവസാന തെരഞ്ഞെടുപ്പ്'..; പ്രവര്‍ത്തകരോട് ദിഗ്വിജയ് സിങ്..

 


ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിച്ചില്ലെങ്കില്‍ 2023ലേത് മധ്യപ്രദേശിലെ തങ്ങളുടെ അവസാന നിയമസഭ തെരഞ്ഞെടുപ്പാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉപദേശിക്കുന്ന മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങിന്റെ വിഡിയോ പുറത്ത്.

രത്ലം ജില്ല സന്ദര്‍ശിച്ച വേളയില്‍ ചിത്രീകരിച്ച വിഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

'നിങ്ങളെല്ലാവരും പരസ്പരം സംസാരിക്കാന്‍ തയാറല്ല. ഒരാള്‍ ഇവിടെയും മറ്റൊരാള്‍ അവിടെയും മൂന്നാമതൊരാള്‍ മറ്റൊരിടത്തും നില്‍ക്കുന്നു. ഈ രീതിയിലാണെങ്കില്‍ കാര്യങ്ങള്‍ നടക്കില്ല'-മുന്‍ മുഖ്യമന്ത്രി പറഞ്ഞു.

'നിങ്ങളോട് ഞാന്‍ പറയുന്നു, ഇത് അവസാന തെരഞ്ഞെടുപ്പാണ്. സത്യസന്ധമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വീട്ടില്‍ ഇരിക്കുക. കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരില്ല. അപ്പോള്‍ നിങ്ങള്‍ക്ക് പ്രവര്‍ത്തകരെ കണ്ടെത്താനും കഴിയില്ല'-ദിഗ്വിജയ് സിങ് കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശില്‍ 2023 അവസാനത്തോടെയാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 2018ല്‍ 15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയിരുന്നു.

എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി കമല്‍നാഥും തമ്മില്‍ ഉടലെടുത്ത അധികാര വടം വലിയെ തുടര്‍ന്ന് 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപിയിലേക്ക് കൂറുമാറി. ഇതോടെ കമല്‍നാഥ് സര്‍ക്കാര്‍ 15 മാസം കൊണ്ട് താഴെ വീണു.

No comments