Breaking News

കേണല്‍ ഇറങ്ങിയിട്ടും ഉത്തരാഖണ്ഡില്‍ പച്ചപിടിക്കാതെ ആം ആദ്മി..

 


അധികാരത്തിലേറാമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ലെങ്കിലും രാഷ്ട്രീയ കലുഷിതമായ ഉത്തരാഖണ്ഡില്‍ നിര്‍ണായക ശക്തിയായി ഉയര്‍ന്നുവരാമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റെ ആം ആദ്മി പാര്‍ട്ടിയുടെ മോഹം.

അധികാരത്തിലുള്ള ബി.ജെ.പിയും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസും ആഭ്യന്തര കലഹങ്ങളാലും കൂടുമാറ്റങ്ങളാലും ഉഴലുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്ബോള്‍ ഉത്തരാഖണ്ഡില്‍ എ.എ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്നാണ് വിലയിരുത്തല്‍.

കേണല്‍ അജയ് കോതിയാലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി അവതരിപ്പിച്ചാണ് ആം ആദ്മി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുന്‍ കരസേനാംഗവും ഉത്തരകാശിയിലെ നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിന്റെ മുന്‍ പ്രിന്‍സിപ്പലുമായ കേണല്‍ കോതിയാല്‍ ഈ വര്‍ഷം ഏപ്രിലിലാണ് എ.എ.പി.യില്‍ ചേര്‍ന്നത്. മികച്ച സൈനികന്‍ എന്നതിലുപരി സൈന്യത്തിലേക്ക് യുവാക്കളെ ചേര്‍ക്കുന്നതിന് കോതിയാലിന്റെ നേതൃത്വത്തില്‍ നല്‍കിയ പരിശീലനം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇദ്ദേഹത്തെ നായകനായി അവതരിപ്പിക്കുന്നതിലൂടെ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നായിരുന്നു കെജ്രിവാളിന്‍റെ കണക്കുകൂട്ടല്‍. ഗംഗോത്രി മണ്ഡലത്തിലാണ് കോതിയാല്‍ സ്ഥാനാര്‍ഥിയായത്.

'സംസ്ഥാനത്തെ കൊള്ളയടിച്ച രാഷ്ട്രീയ നേതാക്കളില്‍നിന്നും ഉത്തരാഖണ്ഡിലെ ജനങ്ങള്‍ വിടുതല്‍ ആഗ്രഹിക്കുന്നു. ജനങ്ങളെ സേവിക്കുന്ന, എന്നാല്‍ ഭരണകാലയളവില്‍ തന്റെ ഭണ്ഡാരപ്പെട്ടി നിറയ്ക്കാത്ത ഒരു സൈനികനെ തങ്ങളുടെ മുഖ്യമന്ത്രിയായി ലഭിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു'- എന്നായിരുന്നു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകൊണ്ട് കെജ്രിവാള്‍ പറഞ്ഞത്.

എന്നാല്‍, ഫലം പുറത്തുവരുമ്ബോള്‍ ഏറെ പിന്നിലായി മൂന്നാം സ്ഥാനത്താണ് അജയ് കോതിയാലുള്ളത്. ഗംഗോത്രിയില്‍ ബി.ജെ.പിയുടെ സുരേഷ് സിങ് ചൗഹാന്‍ 6071 വോട്ടിന് മുന്നിട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസിന്‍റെ വിജയ്പാല്‍ സിങ് സജ്വാനാണ് പിന്നില്‍. പുതിയ കണക്ക് വരുമ്ബോള്‍ 3038 വോട്ടുകള്‍ മാത്രമാണ് എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്ക് നേടാനായിട്ടുള്ളൂ.

ഉത്തരാഖണ്ഡില്‍ വന്‍ വാഗ്ദാനങ്ങളുമായാണ് ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആറു മാസത്തിനുള്ളില്‍ ഒരുലക്ഷം തൊഴിലവസരങ്ങള്‍, പ്രതിമാസം അയ്യായിരം രൂപ അലവന്‍സ്, ജോലികള്‍ക്ക് 80 ശതമാനം സംവരണം തുടങ്ങിയ വാഗ്ദാനങ്ങളാണ് അരവിന്ദ് കെജ്രിവാള്‍ മുന്നോട്ടുവെച്ചത്. ഇടയ്ക്ക് ഹിന്ദു കാര്‍ഡും പുറത്തെടുത്തു. ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ ആഗോള ആത്മീയ കേന്ദ്രമാക്കി മാറ്റുമെന്നായിരുന്നു പ്രഖ്യാപനം.

എന്നാല്‍, ബി.ജെ.പിയുടെ മുന്നേറ്റത്തിന് മുന്നില്‍ ഇവയെല്ലാം നിഷ്പ്രഭമാകുകയായിരുന്നു. കനത്ത മത്സരത്തിനൊടുവില്‍ ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്നായിരുന്നു എക്സിറ്റ് പോളുകള്‍ പ്രവചിച്ചത്. എന്നാല്‍, ഇതിനേക്കാള്‍ അനായാസമാണ് ബി.ജെ.പി അധികാരം നിലനിര്‍ത്തിയത്. നിലവില്‍ ബി.ജെ.പി 42ഉം കോണ്‍ഗ്രസ് 25ഉം സീറ്റിലാണ് മുന്നിലുള്ളത്.

No comments