യുക്രെയ്നിലെ വിജയകരമായ രക്ഷാദൗത്യം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും -അമിത് ഷാ..
യുക്രെയ്നില്‍ നിന്നും ഇന്ത്യന്‍ വംശജരെ രക്ഷിക്കാനുള്ള ദൗത്യം വിജയകരമായി മുന്നേറുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ.
ജനുവരി മുതല്‍ യുക്രെയ്നിലെ സ്ഥിതിഗതികള്‍ സര്‍ക്കാര്‍ നിരന്തരം വീക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 15 ന് തന്നെ രാജ്യം വിടാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ കൈമാറിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെബ്രുവരി 24നാണ് റഷ്യ യുക്രെയ്നെതിരായ ആക്രമണം ആരംഭിക്കുന്നത്. ഇനിയും നിരവധി ഇന്ത്യക്കാര്‍ യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതിനോടകം 13,000ത്തോളം ഇന്ത്യന്‍ പൗരന്മാരാണ് യുദ്ധ ഭൂമിയില്‍ നിന്നും തിരിച്ചെത്തിയത്. മറ്റുള്ളവര്‍ക്കായി സര്‍ക്കാര്‍ കൂടുതല്‍ വിമാനങ്ങള്‍ ഒരുക്കിയതായി അമിത് ഷാ പറഞ്ഞു. യുക്രെയ്ന്‍ അതിര്‍ത്തി അടച്ചതോടെ അയല്‍ രാജ്യങ്ങളായ റൊമാനിയ, ഹംഗറി, സ്ലൊവാക്യ, പോളണ്ട് എന്നീ രാജ്യങ്ങള്‍ വഴിയാണ് സര്‍ക്കാര്‍ ഇന്ത്യന്‍ പൗരന്മാരെ രക്ഷപ്പെടുത്തിയതെന്നും അമിത് ഷാ പറഞ്ഞു.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന വോട്ടെടുപ്പ് മാര്‍ച്ച് 7ന് നടക്കും. മാര്‍ച്ച് 10നായിരിക്കും വോട്ടെണ്ണല്‍.
No comments