Breaking News

പറയേണ്ടത് പാര്‍ട്ടിയില്‍ പറയണം,​ ഫേസ്ബുക്കിലല്ല..!! ജയരാജന്റെ മകനെതിരെ കോടിയേരി..

 


സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് പി ജയരാജനെ തഴഞ്ഞതില്‍ മാദ്ധ്യമങ്ങള്‍ പ്രശ്നമുണ്ടാക്കാന്‍ നോക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

സ്വന്തം നിലപാട് പി ജയരാജന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി. പാര്‍ട്ടിയില്‍ പറയേണ്ട കാര്യങ്ങള്‍ പാര്‍ട്ടിയില്‍ പറയണമെന്നും ജയരാജന്റെ മകന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് കോടിയേരി മറുപടി നല്‍കി.

ജയരാജന്‍റെ മകന്‍ ജെയ്ന്‍ രാജ് ഇട്ട പോസ്റ്റിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ''ആരുടെ മകനായാലും പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിയില്‍ പറയണമെന്നും ഫേസ്ബുക്കിലല്ല പറയേണ്ടത് '' എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. സി.പി.എം സംസ്ഥാന സെക്രട്ടറിയായി മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെട്ടതിന് കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തിന് ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം.

പി ജയരാജന്‍റെ വീഡിയോ ഷെയര്‍ ചെയ്ത് 'ആരൊക്കെ തള്ളിപ്പറഞ്ഞാലും ഇട‍നെഞ്ചില്‍ത്തന്നെ' എന്നായിരുന്നു മകന്‍ ജെയ്ന്‍ ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റിന് താഴെ പിന്തുണ അറിയിച്ചിരിക്കുന്നത്. സമ്മേളനത്തിന് പിന്നാലെ വ്യക്തികളെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇടരുതെന്ന പാര്‍ട്ടിയുടെ നിര്‍ദേശം വകവയ്‌ക്കാതെയാണ് പ്രവര്‍ത്തകര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

അതേസമയം, പദവിയല്ല നിലപാടാണ് പ്രധാനമെന്ന് വിവാദങ്ങള്‍ക്ക് മറുപടിയുമായി മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പ്രതികരിച്ചു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് സിപിഎം. ഓരോ പ്രവര്‍ത്തകനും സിപിഎം പാര്‍ട്ടി സമ്മേളനങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും സ്വയം വിമര്‍ശനം നടത്തുകയും ചെയ്യുന്നു.വിമര്‍ശനവും സ്വയം വിമര്‍ശനവുമുള്ള ഏകപാര്‍ട്ടിയാണ് സിപിഎം. തീരുമാനങ്ങള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാദ്ധ്യമങ്ങളെ ആദ്യമേ അറിയിച്ചിരുന്നു. എന്നാല്‍ മാദ്ധ്യമങ്ങള്‍ ഒളിഞ്ഞുനോട്ടം നടത്തുകയാണ് ചെയ്യുന്നത്. തന്നെ തഴഞ്ഞോ എന്നാണ് മാദ്ധ്യമങ്ങള്‍ക്ക് അറിയേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.

No comments