Breaking News

നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ച്‌ വിജയിച്ച കഴക്കൂട്ടം സീറ്റ് എ.കെ ആൻ്റണിക്ക് മത്സരിക്കാനായി രാജിവച്ചൊഴിഞ്ഞു..!! സംസ്ഥാന കോണ്‍ഗ്രസിലെ എല്ലാ പദവികളും വഹിച്ച നേതാവ്.. പ്രേംനസീറിന്റെ സഹോദരീ ഭര്‍ത്താവ്.

 


കെ എസ് യു വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ എത്തി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന നേതാവായിരുന്നു തലേക്കുന്നില്‍ ബഷീര്‍.

2016 വരെ കെപിസിസിയുടെ സുപ്രധാനമായ മുഖമായിരുന്നു ബഷീര്‍. ഹൃദ്രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ആറു വര്‍ഷമായി ബഷീര്‍ പാര്‍ട്ടിയില്‍ സജീവമായിരുന്നില്ല.

രോഗബാധിതനായതിനെ തുടര്‍ന്ന് പൂര്‍ണമായും വിശ്രമ ജീവിതത്തിലേക്ക് മാറുകയായിരുന്നു അദ്ദേഹം. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് കൂടുതല്‍ പ്രധാന്യം നല്‍കിയ വ്യക്തിത്വമായിരുന്ന ബഷീര്‍.

1977ല്‍ കഴക്കൂട്ടത്തു നിന്നും ആദ്യമായി നിയമസഭയില്‍ എത്തിയെങ്കിലും പിന്നീട് എ കെ ആന്‍്റണിക്കായി രാജിവച്ചു. ചിറയിന്‍കീഴില്‍ നിന്നും രണ്ടു തവണ ലോക്സഭയിലും ബഷീര്‍ എത്തി. രണ്ടു തവണ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു.

കെ പി സി സിയില്‍ പൂര്‍ണ അധ്യക്ഷന്‍ എന്ന പദവി ഒഴികെ ഏതാണ്ട് എല്ലാ പദവികളും ബഷീര്‍ വഹിച്ചിരുന്നു. എ കെ ആന്‍്റണിയുടെ വിശ്വസ്തനും എ ഗ്രൂപ്പ് നേതാവുമായിരുന്നപ്പോഴും മറുവിഭാഗത്തെ കൂടെ നിര്‍ത്താനും ബഷീറിന് കഴിഞ്ഞിരുന്നു.

രാഷ്ട്രീയ രംഗത്തിനപ്പുറം കോണ്‍ഗ്രസിന്‍്റെ സാഹിത്യ രംഗത്തെ മുഖമായിരുന്നു ബഷീര്‍. ഓളവും തീരവും, വെളിച്ചം കൂടുതല്‍ വെളിച്ചം, മണ്ടേലയുടെ നാട്ടില്‍, വളരുന്ന ഇന്ത്യ – തളരുന്ന കേരളം തുടങ്ങി നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. നിരവധി ലേഖനങ്ങളും അദ്ദേഹം എഴുതിയിരുന്നു.

ഈ ലേഖനങ്ങള്‍ പാര്‍ട്ടി മുഖപത്രമായ വീക്ഷണത്തില്‍ വരണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന നേതാവു കൂടിയായിരുന്നു ബഷീര്‍. കേരളാ സര്‍വകലാശാലയിലെ ആദ്യ ചെയര്‍മാനായിരുന്നു അദ്ദേഹം.

നടന്‍ പ്രേം നസീറിന്‍്റെ സഹോദരി സുഹറയെയാണ് ബഷീര്‍ വിവാഹം കഴിച്ചത്.

No comments