Breaking News

എ.എ.പിയുമായി സഖ്യത്തില്‍ 'ജൂനിയര്‍ പങ്കാളിയാകാന്‍' കോണ്‍ഗ്രസ് തയ്യാറാകണം -പി. ചിദംബരം

 


ഡല്‍ഹിയും പഞ്ചാബും ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ ജൂനിയര്‍ പാര്‍ട്ണര്‍ ആകാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ഗോവയിലെ നിയമ സഭ തെരഞ്ഞെടുപ്പിന്റെ ചുമതല തനിക്കായിരുന്നെന്നും തോല്‍വിയുടെ ഉത്തരവാദിത്തം ഏ​റ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റില്‍ കോണ്‍ഗ്രസിന് മുഴുവന്‍ സമയ നേതൃത്വമുണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും ചിദംബരം പറഞ്ഞു.

പാര്‍ട്ടിയുടെ സമീപകാല തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് ഗാന്ധിമാര്‍ മാത്രം ഉത്തരവാദികളാകില്ല. പാര്‍ട്ടിയെ പിളര്‍ത്തരുതെന്ന് അദ്ദേഹം വിമത നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. സോണി ഗാന്ധി സ്ഥാനമൊഴിയാന്‍ സന്നദ്ധയായ വിവരം ചിദംബരവും സ്ഥിരീകരിച്ചു. പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കേണ്ടതുണ്ട്. അതുവരെ പാര്‍ട്ടിയെ സോണിയ നയിക്കും -ചിദംബരം പറഞ്ഞു.

ഞാന്‍ ഗോവയുടെ ഉത്തരവാദിത്തം ഏറ്റെടുത്തതുപോലെ ഗാന്ധിമാരും മറ്റ് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തവും ഏറ്റെടുത്തു. ആരും ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്നില്ല. എന്നാല്‍ ഉത്തരവാദിത്തം നേതൃസ്ഥാനത്തുള്ള എല്ലാവര്‍ക്കുമുണ്ട്. അത് ബ്ലോക്ക്, ജില്ല, സംസ്ഥാന, എ.ഐ.സി.സി തലത്തിലായാലും. എ.ഐ.സി.സി നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്ന് മാത്രം പറഞ്ഞാല്‍ പോരാ -ചിദംബരം എന്‍.ഡി ടി.വിയോട് പറഞ്ഞു.

No comments