കളഞ്ഞ് പോകണമെന്ന് തോന്നിയാല്‍ എല്ലാം വെളിപ്പെടുത്തുമെന്ന് പത്മജ വേണുഗോപാൽ..!! തൃശൂരിൽ തോൽപ്പിച്ചത്..
നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഏറ്റ പരാജയം ചിലരുടെ ചതി മൂലമാണെന്ന് തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍.
കോണ്‍ഗ്രസിലെ ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ പിന്നെ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ല. എല്ലാം കളഞ്ഞ് പോകണമെന്ന് തോന്നിയാല്‍ തുറന്ന് പറച്ചലിന് താന്‍ തയ്യാറാകുമെന്നും പത്മജ പറയുന്നു.
'ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ അത് ശരിയല്ല എന്ന് എനിക്കു തോന്നുന്നു. മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു': എന്ന് ഏതാനും ദിവസം മുന്‍പ് സമൂഹമാധ്യമത്തില്‍ പത്മജ വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. അത് കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയത്. സാമൂഹ്യ മാധ്യമത്തിലൂടെ വിഷയം തുറന്നു പ്രതികരിക്കാനുണ്ടായ സാഹചര്യം അടക്കം പത്മജ തുറന്നുപറയുന്നു.
വല്ലാതെ പ്രയാസപ്പെടുത്തുന്ന കമന്റുകള്‍ ഇട്ടത് പാര്‍ട്ടിക്കാര്‍ തന്നെയാണ്. അതു വല്ലാതെ വേദനിപ്പിച്ചു. ഞാന്‍ ആരെയാണോ കൂടുതല്‍ സ്‌നേഹിക്കുന്നത്, അവര്‍ മോശമായി നമ്മെ ചിത്രീകരിക്കുമ്ബോള്‍ ഉണ്ടാക്കുന്ന സങ്കടം വലുതാണ്. നേതാക്കളെ കണ്ട് ഈ പാര്‍ട്ടിയെ സ്‌നേഹിച്ചയാളല്ല പത്മജ. കുട്ടിക്കാലം മുതല്‍ കാണുന്നത് കോണ്‍ഗ്രസിന്റെ അണികളെയാണ്. വിചാരിക്കാത്ത കാര്യം അവര്‍ പറയുമ്ബോള്‍ അതു വിഷമം ഉണ്ടാക്കും. പല കാര്യങ്ങളും പറയണോ വേണ്ടയോ എന്ന ആശയക്കുഴപ്പം എന്നില്‍ ജനിപ്പിക്കുന്നതും ഇതെല്ലാം തന്നെയാണ്. പക്ഷേ ചിലതെല്ലാം പറഞ്ഞാല്‍ പിന്നെ ഈ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ കഴിയണമെന്നില്ല. എല്ലാം കളഞ്ഞു പോകണമെന്ന തോന്നല്‍ വന്നാല്‍ മാത്രം അതിനു തുനിയുമെന്നും പത്മജ പറയുന്നു.
കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവും പത്മജ വേണുഗോപാല്‍ നടത്തി. താന്‍ കുട്ടിക്കാലത്ത് കണ്ട കോണ്‍ഗ്രസ് അല്ല ഇന്നത്തേതെന്നും സ്വന്തം കാര്യത്തിനാണ് പലര്‍ക്കും പ്രാമുഖ്യമെന്നും പത്മജ പറഞ്ഞു. മറ്റൊരാളെ വെട്ടി എങ്ങനെ ഉയരാമെന്ന ചിന്തയാണ് ഭൂരിഭാഗം പേര്‍ക്കും. മോഹന വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കുന്ന നേതാക്കളും പലരെയും വഴിതെറ്റിക്കുന്നതില്‍ പങ്ക് വഹിക്കുന്നുണ്ടെന്ന് അഭിമുഖത്തില്‍ പത്മജ പറഞ്ഞു.
"സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ പിന്നെ തനിക്ക് രക്ഷയില്ലല്ലോ എന്നാണ് വാഗ്ദാനം വാങ്ങി ഇരിക്കുന്നവരുടെ ചിന്ത. അപ്പോള്‍ തോല്‍പ്പിക്കാന്‍ നോക്കുക തന്നെ. അങ്ങനെ കാലു വാരി കാലു വാരി പാര്‍ട്ടി എവിടെ എത്തിയെന്ന് എല്ലാവരും ചിന്തിക്കണം."-പത്മജ പറഞ്ഞു. ദേശീയ തലത്തിലെ തിരിച്ചടികള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിനെ വല്ലാതെ ബാധിക്കുന്നുണ്ടെന്നും പത്മജ പറഞ്ഞു.
തൃശൂരില്‍ ശക്തമായ നേതൃത്വം വരണമെന്നും പത്മജ പറഞ്ഞു. തമ്മിലുള്ള വഴക്കും കടിപിടിയും ഏറ്റവും കൂടുതലുള്ള ജില്ലകളില്‍ ഒന്നാണ് തൃശൂരെന്നും പത്മജ കൂട്ടിച്ചേര്‍ത്തു."നമുക്ക് രാഷ്ട്രീയ പ്രവര്‍ത്തനം വേണ്ട എന്നു തോന്നിപ്പിക്കുന്ന തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു സ്ഥാനാര്‍ത്ഥിയുടെ ടെന്‍ഷന്‍ കാലുവാരുന്നവര്‍ക്ക് അറിയുമോ? നമ്മളെ തോല്‍പിക്കുന്നത് നമ്മള്‍ തന്നെയാണ്.
തൃശൂരില്‍ ശക്തമായ നേതൃത്വം വന്നേ തീരൂ. തൃശൂരില്‍ സുരേഷ് ഗോപിയെ പോലെ ഒരാള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി വന്നിട്ടും ചെറിയ വോട്ടിനല്ലേ ഞാന്‍ തോറ്റത്. അതു നിസ്സാര കാര്യമല്ല. ജനങ്ങള്‍ എന്നെ മനസ്സിലാക്കിത്തുടങ്ങി എന്നാണ് അതിന് അര്‍ഥം. പക്ഷേ നേതാക്കന്മാരുടെ രീതി മാറാതെ രക്ഷയില്ല. വെറും 940 വോട്ടിനാണ് തോറ്റത്. പക്ഷേ ചില നേതാക്കള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉള്ളതിനാല്‍ തോല്‍പിക്കാന്‍ അവര്‍ കൂട്ടുനിന്നു. അത് ആരെല്ലാം ആണെന്നും എന്തൊക്കെയാണ് അവര്‍ ചെയ്തതെന്നും എനിക്ക് വ്യക്തമായി അറിയാം. വിശ്വസിക്കുന്നവര്‍ ചതിക്കുമ്ബോള്‍ അത് ഉണ്ടാക്കുന്ന വേദന വലുതാണ്."-പത്മജ പറഞ്ഞു.
എന്തും തുറന്നു പറയുന്ന കെ.മുരളീധരന്റെ ശൈലിയോടുള്ള അനിഷ്ടം കൂടി ആ കുറിപ്പില്‍ പത്മജ പ്രകടിപ്പിച്ചതോടെ കെ.കരുണാകരന്റെ മക്കള്‍ക്കിടയില്‍ സംഭവിച്ചതെന്ത് എന്ന ചോദ്യം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസുകാര്‍ക്കിടയിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ഉയര്‍ന്ന ആ ചോദ്യങ്ങളോടാണ് പത്മജ വേണുഗോപാല്‍ പ്രതികരിച്ചത്.
കുറച്ചുകാലങ്ങളായി ഉണ്ടായ പ്രയാസങ്ങളായിരുന്നു കാരണം. ആലോചിച്ചപ്പോള്‍ ചിലതെല്ലാം മനസ്സില്‍ വിങ്ങിവന്നു. ഞാന്‍ ഒരിക്കലും ഒന്നും തുറന്നു പറയാത്ത ആളാണ്. ആ ചെറിയ കുറിപ്പ് തന്നെ ശ്രദ്ധിക്കപ്പെട്ടതും അതുകൊണ്ടായിരിക്കും. ഞാനും സഹോദരന്‍ കെ.മുരളീധരനും രണ്ടു രീതിയാണ്. എല്ലാം തുറന്നടിക്കുന്ന മുരളിയേട്ടന്റെ ശൈലി ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. ഞാന്‍ അങ്ങനെയല്ല. എന്നാല്‍ അദ്ദേഹം പറയുന്നതിനേക്കാള്‍ ശക്തമായി കാര്യങ്ങള്‍ പറയാന്‍ അറിയാം.
പക്ഷേ നേതാക്കന്മാരെ നേരിട്ടു കണ്ടായിരിക്കും, അല്ലെങ്കില്‍ പാര്‍ട്ടിക്ക് ഉള്ളിലായിരിക്കും. എന്റെ രീതിയാണോ മുരളിയേട്ടന്റെ രീതിയാണോ ശരി എന്ന ആശയക്കുഴപ്പം എക്കാലത്തും ഉണ്ടായിട്ടുണ്ട്. മുരളിയേട്ടന്റെ രീതി ഞാന്‍ സ്വീകരിച്ചാല്‍ അംഗീകരിക്കപ്പെടുക എളുപ്പമായിരിക്കില്ല. കാരണം ഞാന്‍ ഇങ്ങനെ ഒക്കെ മതി എന്നു തീരുമാനിച്ചിരിക്കുന്ന ചിലരുണ്ട്. ഈ ചിന്തയെല്ലാം പെട്ടെന്നു ഉള്ളില്‍ വന്നപ്പോള്‍ ചിലതു കുറിച്ചതാണെന്നും പത്മജ പറയുന്നു.

No comments