വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന പ്രചരണം അടിസ്ഥാന രഹിതം: ആരോഗ്യ മന്ത്രി
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ പങ്കെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ. വനിതാ മതിലിൽ പങ്കെടുത്താൽ പ്രതികാര നടപടിയുണ്ടാകുമെന്ന തരത്തിൽ ചില തെറ്റായ പ്രചരണങ്ങളാണ് ചിലർ സോഷ്യൽ മീഡിയയിലൂടെ നടത്തുന്നത്. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള പരിപാടിയിൽ പങ്കെടുത്തവർക്കെതിരെ യാതൊരുവിധ നിയമ നടപടികളെടുക്കാനും കഴിയുന്നതല്ല. കാരണം ഇത് സർക്കാർ പ്രഖ്യാപിച്ച പരിപാടിയാണെന്നും മന്ത്രി വ്യക്തമാക്കി. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞുപോയ കാലഘട്ടങ്ങളിലെ അനാചാരങ്ങളും മനുഷ്യത്വരഹിതമായ നടപടികളും പുതിയ സമൂഹത്തിലേക്ക് സന്നിവേശിപ്പിക്കാനും അരക്കിട്ടുറപ്പിക്കാനും ചിലർ നടത്തുന്ന ആസൂത്രിതമായ നീക്കങ്ങളാണ് ഇങ്ങനെയൊരു പ്രതിരോധനിര തീർക്കുന്നതിന് കാരണമായിട്ടുള്ളത്. മാത്രമല്ല ഫ്യൂഡൽ കാലഘട്ടത്തിലെ അസമത്വങ്ങൾ സ്ത്രീകളുടെ മേൽ വീണ്ടും അടിച്ചൽപ്പിക്കാൻ ശ്രമിക്കുകയാണ്. അതിനെ ഇല്ലാതാക്കേണ്ടത് വർത്തമാന കാലഘട്ടത്തിന്റെ ആവശ്യമാണ്. സ്ത്രീകൾക്കു വേണ്ടി സാമൂഹ്യ പരിഷ്കർത്താക്കൾ പൊരുതി നേടിയ അവകാശങ്ങൾ ഇല്ലാതാക്കാൻ ഒരു ശക്തിയേയും അനുവദിക്കാൻ പാടില്ല. അതുകൊണ്ട് ഇന്നത്തെ പുരോഗതിയിൽ വിശ്വസിക്കുന്നവരും ഭരണഘടനാപരമായ അവകാശങ്ങളിൽ വിശ്വസിക്കുന്നവരുമായ എല്ലാവരും ഇരുട്ടിന്റെ ശക്തികൾക്കെതിരെ കൈകോർക്കണം. അത്തരത്തിലൊരു ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ നവോത്ഥാന പാരമ്പര്യമുള്ള സംഘടനകൾ യോഗം ചേർന്ന് ഇതുപോലൊരു പ്രചാരണ പരിപാടിയ്ക്ക് തീരുമാനിപ്പോൾ കേരള സർക്കാർ അതിന് പിന്തുണ നൽകി. വനിതാ ശിശു വികസന വകുപ്പിനേയാണ് നോഡൽ വിഭാഗമായി കണക്കാക്കിയത്. അതിനാലാണ് ഈ വകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചത്. അംഗൻവാടി വർക്കർമാർ, ആശാ വർക്കർമാർ, കുടുംബശ്രീക്കാർ, ആശുപത്രികളിൽ അന്നേരം ഡ്യൂട്ടിയിലില്ലാത്ത ഡോക്ടർമാർ ഉൾപ്പെടെയുള്ള വനിതാ ജിവനക്കാർ തുടങ്ങിയ എല്ലാവരും ഈ വനിതാ മതിലിൽ അണിചേരണം. സ്ത്രീകളുടെ സമത്വത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന മുഴുവൻ സ്ത്രീകളും ഇതിൽ പങ്കെടുത്ത് ചരിത്രത്തിന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

No comments